ബാങ്ക് ലയനത്തിന് വെല്ലുവിളികള്‍ ഏറെ

ബാങ്ക് ലയനത്തിന് വെല്ലുവിളികള്‍ ഏറെ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം നല്ലതാണെങ്കിലും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് വിദഗ്ധര്‍

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ അതിവേഗത്തില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി)ക്കിടയില്‍ വേഗത്തിലുള്ള ഏകീകരണം നടത്താന്‍ ഒരു ‘ബദല്‍ സംവിധാനം’ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം ശക്തമായ വായ്പാദാതാക്കളെ സൃഷ്ടിക്കുന്നതിനു വഴിവെച്ചേക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ റിസ്‌ക് മാനേജ്‌മെന്റിലും മൂലധന സമാഹരണത്തിലും തുര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ മാറ്റത്തില്‍ നിര്‍ണായകമാണെന്നാണ് വ്യവസായ വിദഗ്ധര്‍ പറയുന്നത്.

ശക്തവും മത്സരാധിഷ്ഠിതവുമായ ബാങ്കുകളെ സൃഷ്ടിക്കുന്നതിന് കൂടുതല്‍ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ലയനത്തിനായുള്ള ശുപാര്‍ശ ബാങ്കുകളില്‍ നിന്ന് വരികയും അവ തത്വത്തില്‍ അംഗീകാരത്തിനായി വയ്ക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനക്ക് ശേഷം അന്തിമ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കും. ബാങ്ക് മാനേജ്‌മെന്റ്, ഭരണ കാഴ്ചപ്പാട് എന്നിവയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഏകീകരണം നല്ലതാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ലയനം ബാങ്കുകളുടെ മാനേജ്‌മെന്റ് ടീമുകളെ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് മൂഡിസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വീസ് വൈസ് പ്രസിഡന്റ് അല്‍ക്കാ അന്‍ബറസു പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെ 21 പൊതുമേഖലാ ബാങ്കുകളാണ് നിലവിലുള്ളത്. ഏകീകരണത്തിന് ശേഷം ഇത് 7- 8 ബാങ്കുകളായി മാറുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ ഭാരതീയ മഹിളാ ബാങ്കിനെയും അഞ്ച് സ്റ്റേറ്റ് ബാങ്ക് അനുബന്ധ ബാങ്കുകളെയും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.

ദെനാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ലയനം ആയിരിക്കും സര്‍ക്കാര്‍ ഉടന്‍ പദ്ധതിയിടുന്നത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

ആത്യന്തികമായി ബാങ്കിംഗ് വ്യവസായത്തിന്റെ ആസ്തികള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായുള്ള മികച്ച ചുവടുവെപ്പാണ് ലയന നീക്കമെന്നുമാണ് ഗ്രാന്റ് തോണ്‍ടണ്‍ അഡൈ്വസറിയുടെ ഡയറക്റ്റര്‍ ഖുഷ്‌റൂ പന്തക്കി പറയുന്നത്. സേവിംഗ്‌സ്, മെച്ചപ്പെട്ട റിസ്‌ക് മാനേജ്‌മെന്റ്, സൗകര്യപ്രദമായ മൂലധന സ്ഥാനം എന്നിവയ്ക്ക് വിധേയമായ കൂട്ടുപ്രവര്‍ത്തനം ഉണ്ടാകും.

പ്രത്യേക നമ്പറുകളില്‍ എത്തിച്ചേരല്‍ വളരെ നേരത്തെയാണെങ്കിലും വിപണന ചെലവ്, ബിസിനസ് വികസന ചെലവ്, വിതരണ ചെലവ് എന്നിവയില്‍ ഗണ്യമായ സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കും. മികച്ച റിസ്‌ക് മാനേജ്‌മെന്റ് നടപടി കാരണം ഭാവിയില്‍ സംയുക്ത സംരംഭങ്ങളുടെ കിട്ടാക്കടങ്ങള്‍ കുറയുമെന്നും പന്തക്കി പറയുന്നു. ദെനാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ലയനം ആയിരിക്കും സര്‍ക്കാര്‍ ഉടന്‍ പദ്ധതിയിടുന്നത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മൂലധനം കൂടുതല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പിന്തുണ ബാങ്ക് ലയനത്തിന് ആവശ്യമാണ്. ബാങ്കിംഗ് സംവിധാനത്തിന്റെ നിലവിലെ അവസ്ഥയില്‍ രണ്ട് ബാങ്കുകളെ കൂട്ടിച്ചേര്‍ത്ത് ആസ്തി ഗുണനിലവാര പ്രശ്‌നവും മൂലധന വെല്ലുവിളികളും പരിഹരിക്കാനാകുമെന്ന് തങ്ങള്‍ വിചാരിക്കുന്നില്ലെന്ന് മൂഡീസിലെ അന്‍ബറസു പറയുന്നു. മാത്രമല്ല നിലവില്‍ ബാങ്കുകള്‍ പിന്തുടരുന്ന നടപടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിഷ്‌ക്രിയാസ്തികളുടെ അവസ്ഥയില്‍ ബാങ്ക് ലയനം മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ലയനം വലിയ ബാങ്കുകളെ സൃഷ്ടിക്കുമ്പോള്‍ ഭരണം, വായ്പാ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ മെച്ചപ്പെടല്‍ ഉണ്ടാകുമെന്നാണ് ഒരു മുന്‍നിര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: Slider, Top Stories