ഐയുസി ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ട്രായ് പദ്ധതിയിടുന്നു

ഐയുസി ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ട്രായ് പദ്ധതിയിടുന്നു

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയവ എതിര്‍പ്പുന്നയിച്ചേക്കും

ന്യൂഡെല്‍ഹി: ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സജീവ പരിഗണനയില്‍. മിനുറ്റിന് 14 പൈസയാണ് നിലവില്‍ ഐയുസിയായി ഈടാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് മൊബീല്‍ കോള്‍ നിരക്ക് വീണ്ടും കുറയും.
ആദ്യ ഘട്ടത്തില്‍ ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് 50 ശതമാനം വെട്ടിക്കുറച്ച് ഏഴ് പൈസയാക്കാനാണ് ആലോചിക്കുന്നത്. പിന്നീട് മൂന്ന് പൈസയായി ചാര്‍ജ് കുറയ്ക്കും. അടുത്ത ഘട്ടത്തില്‍ പൂര്‍ണമായി ഐയുസി ഒഴിവാക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഓഗസ്റ്റ് അവസാനത്തോടെ ട്രായ് കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐയുസി ഇല്ലാതാക്കാനുള്ള നീക്കം ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ എതിര്‍ക്കാനാണ് സാധ്യത. നിലവില്‍ ഈടാക്കുന്ന തുക കുറവാണെന്നും മിനുറ്റിന് 35 പൈസയായി ഐയുസി ഉയര്‍ത്തണമെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ആഭ്യന്തര വയര്‍ലെസ് വരുമാനത്തിന്റെ 14 ശതമാനത്തോളമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഭാരതി എയര്‍ടെല്‍ നേടിയ അറ്റ ഐയുസി വരുമാനം. ഐഡിയ സെല്ലുലാര്‍ 18 ശതമാനത്തോളം വരുമാനവും ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐയുസി ഒഴിവാക്കുന്നതിനോട് ഇവര്‍ക്ക് യോജിപ്പുണ്ടാകാനിടയില്ല.

അതേസമയം, ഐയുസി പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിട്ടുള്ളത്. എതിര്‍പക്ഷത്തുള്ള ടെലികോം കമ്പനികള്‍ സൃഷ്ടിക്കുന്ന ‘കൃത്രിമ തടസം’എന്നാണ് ഐയുസിയെ റിലയന്‍സ് ജിയോ വിവരിച്ചത്. ജിയോയുടെ കടന്നുവരവാണ് ട്രായ്‌യുടെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് നല്‍കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ നിലവിലുള്ള നിരക്ക് യുദ്ധം ശക്തമാക്കാന്‍ ഐയുസിയില്‍ നിന്നുള്ള സാമ്പത്തിക ലാഭം ഒരു അവസരമായി ജിയോ ഉപയോഗിക്കുമോ എന്നാണ് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളുടെ പേടി.

ജിയോയ്ക്ക് 100 മില്യണ്‍ വരിക്കാരാണുള്ളതെങ്കില്‍ ഐയുസി ഒഴിവാക്കുന്നതോടെ കമ്പനിക്ക് പ്രതിവര്‍ഷം 6,720 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധരപുടെ നിരീക്ഷണം. അതേസമയം എതിര്‍പക്ഷത്തെ കമ്പനികള്‍ക്ക് മൊത്തമായി 6,720 കോടി രൂപയുടെ നഷ്ടം സംഭവിക്കും.

Comments

comments

Categories: Slider, Top Stories