സൗദി വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പിഐഎഫിന് നല്‍കും

സൗദി വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പിഐഎഫിന് നല്‍കും

ഓരോ വിമാനത്താവളത്തിനും വേണ്ടി രൂപീകരിക്കുന്ന പുതിയ കമ്പനികള്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലായിരിക്കും

റിയാദ്: സ്വകാര്യവല്‍ക്കരണത്തിന് മുന്നോടിയായി എല്ലാ വിമാനത്താവളങ്ങളുടേയും ഉടമസ്ഥാവകാശം സോവറൈന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് (പിഐഎഫ്) മാറ്റാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ (ജിഎസിഎ) സഹസ്ഥാപനമായ സൗദി സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗിന് കീഴിലുള്ള ഓരോ വിമാനത്താവളത്തിനുമായി പ്രത്യേകം കമ്പനികള്‍ രൂപീകരിക്കുമെന്ന് ജിഎസിഎയുടെ ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് പ്രസിഡന്റ് മൊഹമ്മെദ് അല്‍ ഷെറ്റ്‌വേ പറഞ്ഞു.

ഏവിയേഷന്‍ വ്യവസായത്തിന്റെ നിയന്ത്രണാധികാരം തുടര്‍ന്നും സൗദി സിവില്‍ ഏവിയേഷന് തന്നെയായിരിക്കും. എല്ലാ വിമാനത്താവളങ്ങള്‍ക്കും വേണ്ടി കമ്പനികള്‍ രൂപീകരിക്കുമെന്നും ഭാവിയില്‍ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനിയുടെ 100 ശതമാനം ഓഹരികളും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും ഷെറ്റ്‌വേ വ്യക്തമാക്കി.

റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലെ ഓഹരികള്‍ വില്‍ക്കുന്നതിനായി സൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ചസിനെ ചുമതലപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ധമാമിലെ പ്രധാന എയര്‍പോര്‍ട്ടിനുവേണ്ടി കമ്പനി സ്ഥാപിച്ചു കഴിഞ്ഞെന്നും ജിദ്ദയിലെ നവീകരിച്ച കിംഗ് അബ്ദുള്ളസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം 2018 ന്റെ രണ്ടാം പകുതിയില്‍ സിംഗപ്പൂരിലെ ചംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവള കമ്പനികളിലെ ഓഹരികള്‍ പബ്ലിക് ഇന്‍വെസ്റ്റ് കമ്പനി എപ്പോള്‍ വില്‍ക്കുമെന്നോ എങ്ങനെ വില്‍ക്കുമെന്നോ ഷെറ്റ്‌വേ വ്യക്തമാക്കിയില്ല.

റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലെ ഓഹരികള്‍ വില്‍ക്കുന്നതിനായി സൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ചസിനെ ചുമതലപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല. 22.5 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തെ പുതുക്കിപ്പണിയാന്‍ പദ്ധതിയുണ്ടെന്നും ഷേറ്റ്‌വേ പറഞ്ഞു.

Comments

comments

Categories: Arabia