പ്ലാസ ഹോട്ടല്‍ വില്‍പ്പനയ്ക്ക് ജെഎല്‍എലിന്റെ സഹായം തേടി സഹാറ ഗ്രൂപ്പ്

പ്ലാസ ഹോട്ടല്‍ വില്‍പ്പനയ്ക്ക് ജെഎല്‍എലിന്റെ സഹായം തേടി സഹാറ ഗ്രൂപ്പ്

ഹോട്ടലിന് 500 മില്യണ്‍ ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്

ന്യൂയോര്‍ക് / ന്യൂഡെല്‍ഹി : യുഎസ്സിലെ പ്ലാസ ഹോട്ടല്‍ വിറ്റുകാശാക്കുന്നതിന് സഹാറ ഗ്രൂപ്പ് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എലിനെ സമീപിച്ചു. ഹോട്ടല്‍ വാങ്ങുന്നതിന് ആരെയെങ്കിലും കണ്ടെത്തുന്നതിന് സഹാറ ഗ്രൂപ്പിനെ ജെഎല്‍എല്‍ സഹായിക്കും. ഹോട്ടലിന് 500 മില്യണ്‍ ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ജെഎല്‍എലിന് കീഴിലെ ജെഎല്‍എല്‍ ഹോട്ടല്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിനെ സഹാറ സമീപിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാസ ഹോട്ടല്‍ ഏറ്റെടുക്കുന്നതിന് നല്ലൊരാളെ കണ്ടെത്തുകയാണ് ജെഎല്‍എല്‍ ചെയ്യേണ്ടത്. യുഎസ് പ്രസിഡന്റാകുന്നതിന് വളരെ മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടല്‍. ട്രംപ് തന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്ള്‍സിനെ ഈ ഹോട്ടലില്‍വെച്ചാണ് വിവാഹം കഴിച്ചത്.

ന്യൂ യോര്‍ക്കില്‍ ഡ്രീം ഡൗണ്‍ടൗണ്‍ എന്ന ഹോട്ടലും സഹാറ ഗ്രൂപ്പിന്റേതാണ്. ഈ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിന് സഹാറ ഗ്രൂപ്പ് നേരത്തെ ശ്രമം നടത്തിയിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനാണ് സഹാറ ഗ്രൂപ്പ് ഇന്ത്യയിലെയും വിദേശങ്ങളിലെയും ആസ്തികള്‍ വിറ്റുകാശാക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സെബി കൈകാര്യം ചെയ്യുന്ന എക്കൗണ്ടിലാണ് ഇത്തരത്തില്‍ സമാഹരിക്കുന്ന പണം സഹാറ ഗ്രൂപ്പ് നിക്ഷേപിക്കേണ്ടത്. നിക്ഷേപകര്‍ക്ക് നല്‍കേണ്ട ആകെ തുകയുടെ 95 ശതമാനത്തോളം ഇതിനകം തിരികെ നല്‍കിയതായാണ് സഹാറ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

യുഎസ് പ്രസിഡന്റാകുന്നതിന് വളരെ മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടല്‍. യുഎസ് ഡോളറിന്റെ മൂല്യം കുറയ്ക്കുന്നതിന് 1985 ല്‍ പ്രശസ്തമായ പ്ലാസ അക്കോഡ് നടന്നത് ഈ ഹോട്ടലിലായിരുന്നു

മുറികളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വിലയേറിയ ഹോട്ടല്‍ വില്‍പ്പനകളിലൊന്നായാണ് പ്ലാസയുടെ വില്‍പ്പനയെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വിശേഷിപ്പിക്കുന്നത്. പ്ലാസ ഹോട്ടലിന് 500 മില്യണ്‍ ഡോളറാണ് (3,200 കോടിയിലധികം രൂപ) മൂല്യം കണക്കാക്കിയിരിക്കുന്നത്. ഹോട്ടലിന്റെ വില്‍പ്പന സംബന്ധിച്ച നടപടിക്രമങ്ങളിലാണെന്ന് സഹാറ വക്താവ് വ്യക്തമാക്കി.

ഒരു ഖത്തര്‍ സോവറിന്‍ ഫണ്ട്, ചൈനീസ് മുനിസിപ്പല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഫുജീസ് ഹിപ്-ഹോപ് ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ പ്രാസ് മിഷേല്‍ എന്നിവരാണ് പ്ലാസ ഹോട്ടല്‍ വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

110 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍ പലകൈ മാറിയാണ് സഹാറ ഗ്രൂപ്പിന്റെ കൈവശമെത്തിയത്. നിലവില്‍ ഹോട്ടലിന്റെ 75 ശതമാനം ഓഹരി സഹാറ ഗ്രൂപ്പിനും ബാക്കി 25 ശതമാനം സൗദി അറേബ്യന്‍ രാജകുമാരന്‍ അല്‍വലീദ് ബിന്‍-തലാലിനും അവകാശപ്പെട്ടതാണ്.

282 മുറികളാണ് പ്ലാസ ഹോട്ടലില്‍ ഉള്ളത്. കൂടാതെ നിരവധി കോണ്‍ഡോകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍ എന്നിവയെല്ലാം ഹോട്ടലിന്റെ ഭാഗമാണ്. യുഎസ് ഡോളറിന്റെ മൂല്യം കുറയ്ക്കുന്നതിന് 1985 ല്‍ പ്രശസ്തമായ പ്ലാസ അക്കോഡ് നടന്നത് ഈ ഹോട്ടലിലായിരുന്നു.

Comments

comments

Categories: Business & Economy