വിവിധ മേഖലകളിലെ നേതൃത്വങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും

വിവിധ മേഖലകളിലെ നേതൃത്വങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും

ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്നത്

ന്യൂഡെല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി, സൗത്ത്-ഈസ്റ്റ്-മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ള വിവിധ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ചൈനയിലെ ഷിയാമെനിലാണ് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്.

തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, ഈജിപ്ത്, ഗ്വിനിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ബ്രിക്‌സ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സഹകരണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചത്തലത്തില്‍, ബ്രിക്‌സ് സമ്മേളനത്തിന്റെ ഭാഗമല്ലാതെ തന്നെ മോദി വിവിധ രാജ്യങ്ങളിലെ നേതൃത്വങ്ങളുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും.

ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തങ്ങളുടെ നിലപാടുകള്‍ കര്‍ക്കശമാക്കികൊണ്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ബ്രിക്‌സ് ഉച്ചക്കോടി എന്നതും ശ്രദ്ധേയമാണ്. ബ്രിക്‌സ് കൂട്ടായ്മയിലെ രണ്ട് വമ്പന്‍ ശക്തികളാണ് ഇന്ത്യയും ചൈനനയും. പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനെതിരെയും ലോകവ്യാപകമായ ഭീകരതക്കെതിരേ വിശാലമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടും ഇന്ത്യ ബ്രിക്‌സില്‍ നിലപാടെടുക്കും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണവും സുസ്ഥിരവികസന പദ്ധതികളുമായിരിക്കും ബ്രിക്‌സില്‍ ചൈന മുഖ്യമായും അവതരിപ്പിക്കുക.

‘ഭാവി ശോഭനമാക്കാന്‍ ശക്തമായ പങ്കാളിത്തം’ എന്നതാണ് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം. എങ്കിലും ഏകപക്ഷീയമായ താല്‍പ്പര്യത്തോടു കൂടിയും സുതാര്യമല്ലാതെയും വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പോലുള്ള പദ്ധതികള്‍ ചൈന നടപ്പാക്കുന്നതില്‍ ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ എന്തെങ്കിലും പ്രതികരണങ്ങള്‍ ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി നടത്തുമോ എന്നതും ഏവരും കൗതുകത്തോടെ നിരീക്ഷിക്കുകയാണ്.

Comments

comments

Categories: Slider, Top Stories