ഹ്യുണ്ടായ് സാൻട്രോ തിരിച്ചുവരുന്നു

ഹ്യുണ്ടായ് സാൻട്രോ തിരിച്ചുവരുന്നു

2018 ഓട്ടോ എക്‌സ്‌പോയിൽ അനാവരണം ചെയ്‌തേക്കും

ന്യൂ ഡെൽഹി : ഇന്ത്യയിൽ പുതിയ കോംപാക്റ്റ് ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഹ്യുണ്ടായ്. സാൻട്രോയുടെ അപര നാമത്തിൽ 2018 പകുതിയോടെ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘകാലത്തോളം, ഏറ്റവുമധികം വിജയം വരിച്ചതും ജനപ്രീതിയാർജ്ജിച്ചതുമായ ഹ്യുണ്ടായ് മോഡലുകളിലൊന്നായിരുന്നു സാൻട്രോ. 2015 ലാണ് സാൻട്രോയുടെ നിർമ്മാണം ഹ്യുണ്ടായ് നിർത്തിവെച്ചത്. സാൻട്രോ ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹ്യുണ്ടായ് ലൈനപ്പിൽ ഇയോണിനും ഗ്രാൻഡ് ഐ10 നും ഇടയിലായിരിക്കും പുതിയ സാൻട്രോയുടെ സ്ഥാനം.

1.1 ലിറ്റർ ഐആർഡിഇ എൻജിൻ പുതിയ ഹ്യുണ്ടായ് സാൻട്രോ കോംപാക്റ്റ് ഹാച്ച്ബാക്കിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എൻജിൻ പരമാവധി 62 കുതിരശക്തി കരുത്ത് പുറപ്പെടുവിക്കും. സാൻട്രോ സിംഗിന് ഇതേ എൻജിനാണ് നൽകിയിരുന്നത്. 1.2 ലിറ്റർ കപ്പ പെട്രോൾ എൻജിനിലും പുതിയ സാൻട്രോ പുറത്തിറക്കിയേക്കും. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനായിരിക്കും എൻജിനുകളുടെ ചങ്ങാതി.

പുതിയ ഹ്യുണ്ടായ് സാൻട്രോയ്ക്ക് നാല് ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

പുതിയ സാൻട്രോയുടെ ചില വേരിയന്റുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകാൻ എല്ലാ സാധ്യതകളുമുണ്ട്. ഇന്ത്യയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് വലിയ ഡിമാൻഡാണെന്ന് ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് അറിയാം.

പഴയ സാൻട്രോയിൽനിന്ന് അകവും പുറവും തീർത്തും വിഭിന്നനായിരിക്കും പുതിയ സാൻട്രോ. കാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. മുന്നിൽ ഇരട്ട എയർബാഗുകൾ, എബിഎസ് എന്നീ സുരക്ഷാ സംവിധാനങ്ങൾ ഹാച്ച്ബാക്കിൽ സ്റ്റാൻഡേഡായി ലഭിക്കും.

പുതിയ ഹ്യുണ്ടായ് സാൻട്രോയ്ക്ക് നാല് ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാൻട്രോ വരുന്നത് മാരുതി സുസുകി വാഗൺആർ, ടാറ്റ ടിയാഗോ എന്നിവയ്ക്ക് ക്ഷീണമായേക്കും. 2018 ഓട്ടോ എക്‌സ്‌പോയിൽ കാറിന്റെ പ്രൊഡക്ഷൻ വേർഷൻ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷം പകുതിയോടെ വിപണിയിൽ അവതരിപ്പിക്കും.

Comments

comments

Categories: Auto