എക്‌സൈസ് നികുതി ഒക്‌റ്റോബര്‍ ഒന്ന് മുതല്‍

എക്‌സൈസ് നികുതി ഒക്‌റ്റോബര്‍ ഒന്ന് മുതല്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനമാണ് നികുതി

അബുദാബി: പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും മേലുള്ള എക്‌സൈസ് നികുതി യുഎഇയില്‍ ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനുള്ളില്‍ വില്‍ക്കുന്ന എല്ലാ എക്‌സൈസ് ഉല്‍പ്പന്നങ്ങളേയും നികുതി നിയമത്തിന് കീഴിലേക്ക് കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൗരി വ്യക്തമാക്കി. രാജ്യത്തിലെ എല്ലാ ഫ്രീ സോണുകളേയും തുറമുഖങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം.

യുഎഇയുടെ പുറത്തേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന രാജ്യത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് നികുതി ബാധിക്കില്ല. എന്നാല്‍ ഉല്‍പ്പന്നങ്ങളെ രാജ്യത്തിനുള്ളിലേക്ക് കൊണ്ടുവരുന്നവര്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട ഫെഡറല്‍ ഡിക്രി ലോ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രസ്താവന പുറത്തു വരുന്നത്.

നികുതിയിലൂടെ ഫെഡറല്‍ ബജറ്റിലേക്ക് പ്രതിവര്‍ഷം ഏകദേശം 7 ബില്യണ്‍ ദിര്‍ഹം എത്തുമെന്നാണ് കണക്കാക്കുന്നത്

പുകയില ഉല്‍പ്പന്നങ്ങളിലും എനര്‍ജി ഡ്രിങ്കുകളിലും 100 ശതമാനം നികുതിയും കാര്‍ബണേറ്റഡ് ഡ്രിങ്കുകളില്‍ 50 ശതമാനം നികുതിയുമാണ് കൊണ്ടുവരുന്നത്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിന് രൂപം നല്‍കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതിയിലൂടെ സാധിച്ചേക്കും.

നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ടാക്‌സ് ശതമാനവുമെല്ലാം നിര്‍ണയിക്കുന്നത് എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സായിരിക്കുമെന്നും മറ്റു ഉല്‍പ്പന്നങ്ങളെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അല്‍ ഖൗരി പറഞ്ഞു. നികുതിയിലൂടെ ഫെഡറല്‍ ബജറ്റിലേക്ക് പ്രതിവര്‍ഷം ഏകദേശം 7 ബില്യണ്‍ ദിര്‍ഹം എത്തുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Arabia