ഇ ശ്രീധരന്‍ എന്ന റോള്‍ മോഡല്‍

ഇ ശ്രീധരന്‍ എന്ന റോള്‍ മോഡല്‍

“മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം വളരെ മുന്നിലാണെന്ന് പറയാതെ വയ്യ. പക്ഷെ കേരളത്തിന്റെ പുരോഗതിയും ജനസംഖ്യയും വാഹനപ്പെരുപ്പവുമൊക്കെ വെച്ചു നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വളരെയധികം നിക്ഷേപം ആവശ്യമാണ് . ഇവിടെയുള്ള അടിസ്ഥാന പ്രശ്‌നം പണമില്ല എന്നതാണ് , പണമില്ലെന്ന് മാത്രമല്ല, പണമുണ്ടാക്കാനുള്ള ശ്രമവുമില്ല. പണം തനിയെ ഉണ്ടാകില്ലല്ലോ.” ആശങ്കകളും പ്രതീക്ഷയും തുറന്ന് പറഞ്ഞ് ഇ ശ്രീധരന്‍

അനുഗ്രഹം ചൊരിയുന്ന വിഗ്രഹം പോലെ മുന്നിലിരിക്കുകയാണ് മലയാളി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്ന ഇ ശ്രീധരന്‍. എളിമയുടെ ഗരിമയുള്ള വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞതത്രയും കേരളം അഭിമുഖീകരിക്കുന്ന വികസന സമസ്യകള്‍ക്കുള്ള ഉത്തരങ്ങളാണ്. മാതൃകാപുരുഷന്‍മാരുടെ ശൂന്യത അനുഭവിച്ചിരുന്ന മലയാളികളുടെ മുന്നിലേക്ക് പുതിയൊരു വികസന മാതൃകയുമായാണ് ഇന്ത്യയുടെ മെട്രോമാന്‍ എന്ന് അറിയപ്പെടുന്ന ഇ ശ്രീധരന്‍ 2011ല്‍ കേരളത്തില്‍ എത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളായ കൊങ്കണ്‍ റെയില്‍ എന്ന വിസ്മയ പദ്ധതിയും മെട്രോ റെയില്‍ പദ്ധതികളും ഭഗീരഥ പ്രയത്‌നം കൊണ്ട് പൂര്‍ത്തിയാക്കി തന്റെ വികസന ദൗത്യങ്ങള്‍ക്ക് വിരാമമിട്ട് വിശ്രമജീവിതം നയിക്കാനായി നാട്ടില്‍ തിരിച്ചെത്തിയ ഇ ശ്രീധരന്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലക ശക്തിയായി മാറുന്ന കാഴ്ചയാണ് തുടര്‍ന്നിങ്ങോട്ട് നമ്മള്‍ കണ്ടത്.

ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അടിസ്ഥാന സൗകര്യം വേണം. അതോടൊപ്പം അത് നടത്തിക്കൊണ്ടു പോകാന്‍ കഴിയുകയും വേണം. വയനാട്ടില്‍ ഒരു ടൂറിസ്റ്റ് സെന്ററില്‍ പോയി. അവിടെ വലിയൊരു തടാകമുണ്ട്. കൊട്ടിഘോഷിച്ച് തുടങ്ങിയതാണ്. പക്ഷെ ഒരിക്കല്‍ പോയാല്‍ പിന്നെ അവിടെ ആരും പോകില്ല. നോക്കി നടത്താന്‍ കഴിയാത്തതാണ് കാരണം. പലയിടത്തും അതാണ് സ്ഥിതി. ടൂറിസം വകുപ്പിന്റെ കൈയില്‍ പണമില്ല. ഗവണ്‍മെന്റിന്റെ കൈയില്‍ പണമുണ്ടാകണം. എന്നിട്ടേ എല്ലാം പ്ലാന്‍ ചെയ്യാന്‍ പാടുള്ളൂ

വികസന മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഹന്തയും കാര്യക്ഷമതയില്ലായ്മയും അനുഭവിച്ച് പൊറുതി മുട്ടിയ കേരള ജനതക്ക് മുന്നില്‍ സുതാര്യവും അഴിമതിവിമുക്തവും കാര്യക്ഷമവും കര്‍മോന്മുഖവുമായ ഒരു വികസന മാതൃകയുമായി ഇ ശ്രീധരന്‍ അവതരിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. രാഷ്ട്രീയ അതിപ്രസരത്തിന് പേരുകേട്ട കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇ ശ്രീധരന്‍ ഒരു പോലെ സ്വീകാര്യനായത് അദ്ദേഹത്തിന്റെ നിലപാടുകളിലെ കലര്‍പ്പില്ലാത്ത സത്യസന്ധത കൊണ്ടാണ്. ഏത് ഹിമാലയന്‍ പ്രതിസന്ധിയെയും ആത്മാര്‍പ്പണവും ആര്‍ജവവും കൊണ്ട് മറികടക്കുന്ന അത്ഭുതശക്തിയുടെ പേരാണിന്ന് ഇ ശ്രീധരന്‍. പൊതുജീവിതത്തിലെ വിശുദ്ധിയുടെയും ലാളിത്യത്തിന്റെയും പര്യായപദം. ഏത് ആള്‍ക്കൂട്ടത്തിനിടയിലും കുട്ടികള്‍ പോലും ‘ദേ ശ്രീധരന്‍ സാര്‍’ എന്ന് ആദരവോടെ തിരിച്ചറിയുന്ന കര്‍മയോഗി. ഇതൊന്നും തന്റെ കഴിവല്ലെന്നും ദൈവാനുഗ്രഹമാണെന്നും വിശ്വസിക്കുന്ന ഇ ശ്രീധരന്‍ 85-ാം വയസിലും കര്‍മനിരതനാണ്. മാധ്യമങ്ങളോട് മനസു തുറക്കുന്നതില്‍ എന്നും വിമുഖത കാട്ടുന്ന ഇ ശ്രീധരന്‍ തന്റെ വികസന സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും ‘ഫ്യൂച്ചര്‍ കേരള’യുമായി പങ്കുവെക്കുകയാണ്.

അടിസ്ഥാന സൗകര്യവികസന മേഖലയല്‍ കേരളം നേരിടുന്ന പിന്നോക്കാവസ്ഥ എങ്ങനെ മറികടക്കാന്‍ കഴിയും?

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം വളരെ മുന്നിലാണെന്ന് പറയാതെ വയ്യ. പക്ഷെ കേരളത്തിന്റെ പുരോഗതിയും ജനസംഖ്യയും വാഹനപ്പെരുപ്പവുമൊക്കെ വെച്ചു നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വളരെയധികം നിക്ഷേപം വരേണ്ടത് ആവശ്യമാണ്. ഇവിടെയുള്ള അടിസ്ഥാന പ്രശ്‌നം എന്താണെന്നു വെച്ചാല്‍ പണമില്ല എന്നതാണ്. പണമില്ലെന്ന് മാത്രമല്ല, പണമുണ്ടാക്കാനുള്ള ശ്രമവുമില്ല. പണം തനിയെ ഉണ്ടാകില്ലല്ലോ. ഞാന്‍ കേരളത്തിലേക്ക് താമസം മാറ്റിയിട്ട് അഞ്ചു കൊല്ലമായി. അഞ്ചു കൊല്ലം പ്ലാനിംഗ് ബോര്‍ഡില്‍ മെമ്പറായിരുന്നു. ഇക്കാലയളവില്‍ ബോധ്യപ്പെട്ട കാര്യമിതാണ്. നിക്ഷേപവും വികസനവും വരുന്നതിന് അതിനുള്ള ഫണ്ട് വേണം. ഫണ്ട് രണ്ടു തരത്തില്‍ ഉണ്ടാക്കാം. ഒന്ന് നമ്മുടെ റവന്യു വര്‍ധിപ്പിക്കാം. കേരളത്തിലെ മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും ഗവണ്‍മെന്റിനും സംസ്ഥാനത്തിന്റെ വരുമാനം വേണ്ടത്ര കൂട്ടാന്‍ സാധിച്ചിട്ടില്ല.

കേരളത്തിന്റെ അടിസ്ഥാന വരുമാനം കൂടിയിട്ടില്ല. ഗവണ്‍മെന്റിന് ലഭിക്കുന്ന വരുമാനത്തില്‍ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് ചെലവഴിക്കുന്നത്. ബാക്കി 20 ശതമാനം മാത്രമേ വികസനാവശ്യങ്ങള്‍ക്ക് ലഭ്യമാകുന്നുള്ളൂ്. ഇത് വളരെ കുറഞ്ഞ തുകയാണ്. വരുമാനത്തിന്റെ 50 ശതമാനമെങ്കിലും വികസനത്തിന് ലഭ്യമാകണം. ഇതാണ് കേരളം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നം. റവന്യു വരുമാനം കൂട്ടാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ചെലവ് കുറക്കുകയാണ് അടുത്തതായി വേണ്ടത്. ശമ്പളത്തിനും പെന്‍ഷനുമായി റവന്യു വരുമാനത്തിന്റെ 50 ശതമാനം ചെലവഴിക്കേണ്ട ആവശ്യമില്ല കേരളത്തിന്. ആവശ്യത്തിലധികം ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ആവശ്യത്തിലധികം സ്റ്റാഫ്, അവരുടെ ജോലി ക്ഷമതയാണെങ്കില്‍ വളരെ താഴ്ന്ന നിലയില്‍. തൊഴില്‍സംസ്‌കാരം വളരെ മോശം. ഇതിന് മാറ്റം വരുത്തണം. ഡല്‍ഹി മെട്രോ റെയിലിന്റെ കാര്യം നോക്കൂ. നല്ല തൊഴില്‍ സംസ്‌കാരം, ആവശ്യത്തിനു മാത്രം ജീവനക്കാര്‍, അനാവശ്യച്ചെവുകള്‍ പരമാരവധി കുറച്ചും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ അതിന് പകരം കൈയടിക്ക് വേണ്ടിയുള്ള നടപടികളാണ് ഉണ്ടാകുന്നത്. കുറേയധികം ആളുകള്‍ക്ക് ഗവണ്‍മെന്റ് ജോലി കൊടുക്കുന്നതാണോ പുരോഗതി. അതല്ല വേണ്ടത്. ചെലവ് ചുരുക്കുന്നതിന് കേരളത്തില്‍ വലിയ സാധ്യതയുണ്ട്. ഇവിടെ വളരെയധികം ഡിപാര്‍ട്ട്‌മെന്റുകളുണ്ട്. ഉദാഹരണമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുക. നിരവധി പത്തോ പന്ത്രണ്ടോ ഡിവിഷന്‍ ചീഫ് എഞ്ചിനീയര്‍മാരുണ്ട്. എന്ത് ഇറിഗേഷന്‍ വര്‍ക്കാണ് ഇവിടെ നടക്കുന്നത്. നിലവിലുള്ളവ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവിടെ എന്ത് ഇറിഗേഷനാണുള്ളത്. ഏത് മേഖല എടുത്തു നോക്കിയാലും ഇതാണ് സ്ഥിതി. തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ് എല്ലായിടത്തും അനാവശ്യമായി വളരെയധികം ജീവനക്കാരാണുള്ളത്. അവരുടെ തൊഴില്‍ സംസ്‌കാരവും വളരെ കഷ്ടമാണ്. ജോലി സ്ഥലത്ത് വന്ന് താമസിക്കുക എന്ന വര്‍ക്ക് കള്‍ച്ചര്‍ ഇവിടെയില്ല. കൊച്ചിയില്‍ ജോലി കിട്ടുന്നവര്‍ 40 കിലോമീറ്റര്‍ ദൂരെ താമസിച്ച് ദിവസം വന്നു പോകുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ഇത് സമ്മതിക്കില്ല. റെയില്‍വെയില്‍ ഒരാള്‍ക്ക് പട്ടാമ്പിയിലാണ് ജോലിയെങ്കില്‍ പട്ടാമ്പിയില്‍ തന്നെ താമസിക്കണം. വേറെ നിവൃത്തിയില്ല. ഒന്നര-രണ്ടു മണിക്കൂര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന ആള്‍ക്ക് പിന്നെ ജോലി ചെയ്യാന്‍ ഊര്‍ജസ്വലതയോ താല്‍പര്യമോ ഉണ്ടാകുമോ. ഇതാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം. വികസനത്തിന് ആദ്യം വേണ്ടത് നല്ല തൊഴില്‍ സംസ്‌കാരമാണ്. രണ്ടാമതായി ആവശ്യമായ ഫണ്ട് വേണം. പിന്നെ അതിനുള്ള നൈപുണ്യമുണ്ടാകണം. ഇവിടെ നൈപുണ്യമുണ്ട്. പക്ഷെ അത് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ഇതൊക്കെ നടപ്പാക്കാന്‍ ഒരു രാഷ്ട്രീയ ആര്‍ജവം വേണം ഇതൊക്കെ നടപ്പാക്കാന്‍. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറല്ല.

സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഇതിന് എത്രത്തോളം ഉപകരിക്കും?

തല്‍ക്കാലം ഉപകരിക്കും. പക്ഷെ പിന്നീട് സര്‍ക്കാരിന് അത് ബാധ്യതയാകും. പണം മടക്കിക്കൊടുക്കണ്ടേ. കിഫ്ബിയില്‍ നിന്ന് എടുക്കുന്ന പണം നിക്ഷേപിക്കുന്നത് ഉല്‍പാദനക്ഷമതയില്ലാത്തതും വരുമാനം ലഭിക്കാത്തതുമായ പ്രോജക്ടുകളിലാണ്. റോഡ് വികസനത്തില്‍ നിന്നും ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തില്‍ നിന്നും ഗവണ്‍മെന്റിന് എന്ത് വരുമാനമാണ് ലഭിക്കുക. ഇത്തരം പദ്ധതികളിലേക്കാണ് കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പോകുന്നത്. ധനകാര്യമന്ത്രിയുടെ പ്രസ്താവനകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം പറയുന്നത് ഗവണ്‍മെന്റിന്റെ ഫണ്ട് ഇതിലേക്ക് വരാനുണ്ട്. അതിനാല്‍ ഞങ്ങള്‍ കടമെടുത്തായാലും തിരിച്ചു കൊടുക്കുമെന്നാണ്. അതില്‍ എനിക്ക് വിശ്വാസമില്ല. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിലും പെട്ടെന്ന് ഫണ്ടുണ്ടാക്കാന്‍ കിഫ്ബിയിലൂടെ സാധിക്കും. പക്ഷെ ഈ ഫണ്ട് ഉല്‍പാദനക്ഷമമായ മേഖലകളിലും പദ്ധതികളിലും നിക്ഷേപിക്കണം. കിഫ്ബിയെ ആശ്രയിക്കാതെ തന്നെ സര്‍ക്കാരിന് റവന്യു വര്‍ധിപ്പിക്കാന്‍ സാധിക്കണം. ജി എസ് ടി വന്നതിന്റെ ഫലമായി കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കൂടുതല്‍ ഫണ്ട് കിട്ടുമായിരിക്കും. പക്ഷെ അതൊന്നും പോരാ. വളരെ വലിയ തോതിലുള്ള വരുമാനം വേണ്ടിവരും അടിസ്ഥാന സൗകര്യമേഖല വികസിപ്പിക്കാന്‍. നിരവധി ഓവര്‍ബ്രിഡ്ജുകളെക്കുറിച്ച് നമ്മള്‍ പറയുന്നുണ്ട്. ഇടക്ക് ചലതിന് തറക്കല്ലിടും. പക്ഷെ പണി നടക്കില്ല. കാരണം സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അത് എങ്ങെയെങ്കിലും സമാഹരിക്കണം. മുനിസിപ്പാലിറ്റികള്‍ക്കൊന്നും വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നില്ല. കിട്ടുന്നതെല്ലാം ശമ്പളത്തിന് പോകുകയാണ്.

എങ്ങനെയാണ് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുക?

റവന്യു വരുമാന സ്രോതസുകളില്‍ 15 ശതമാനം വര്‍ധന ഉടനടി വരുത്താന്‍ സാധിക്കും. അതുപോലെ ഭരണച്ചെലവുകള്‍ 25-30 ശതമാനം കണ്ട് വെട്ടിക്കുറക്കാന്‍ സാധിക്കും. നമുക്ക് ആവശ്യമായ ഫണ്ട് ഇതിലൂടെ ലഭിക്കും. കിഫ്ബിയൊന്നും ആവശ്യം വരില്ല. വര്‍ഷത്തല്‍ 42,000 രൂപ കെട്ടിട നികുതി കൊടുക്കാനുള്ള വരുമാനവും സാമ്പത്തിക ശേഷിയുമുള്ളവര്‍ 220 രൂപയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. യാഥാര്‍ഥ്യബോധമില്ലാത്ത ഈ റവന്യു വരുമാന ഘടനയില്‍ എന്തു കൊണ്ട് മാറ്റം വരുത്തിക്കൂടാ. ഇത്തരത്തില്‍ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കണം. അല്ലാതെ എവിടെ നിന്നും വരുമാനം വരാന്‍ പോകുന്നില്ല. സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കാനുള്ള ശേഷി ജനങ്ങള്‍ക്ക് ഇപ്പോഴുണ്ട്. രാഷ്ട്രീയ കാരണം കൊണ്ടുള്ള എതിര്‍പ്പ് മാത്രമാണ് ഉള്ളത്. ശരിയായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ബോധ്യമായാല്‍ പണം നല്‍കാന്‍ അവര്‍ തയ്യാറാണ്. അങ്ങനെ ചെയ്താല്‍ ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് തന്നെ എല്ലാം ചെയ്യാന്‍ കഴിയും. ഈ അടിസ്ഥാന സാമ്പത്തിക തത്വം നടപ്പിലാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും രാഷ്ട്രീയ ആര്‍ജവവും വേണം.

കൊച്ചി മെട്രോപോലുള്ള പദ്ധതികള്‍ക്ക് വേണ്ടി വായ്പയെടുക്കാം. ഇത്തരം പദ്ധതികള്‍ക്കായി വിദേശവായ്പയെടുക്കുമ്പോള്‍ പണം തിരിച്ചടക്കേണ്ട ബാധ്യത ഗവണ്‍മെന്റിനില്ല. അത് അവര്‍ തന്നെയാണ് തിരിച്ചടക്കേണ്ടത്. അങ്ങനെയല്ലാതെ പണമെടുക്കാന്‍ അനുവദിക്കരുത്. നമ്മള്‍ തന്നെ ഈ ആവശ്യം ഉയര്‍ത്തണം. നമ്മുടെ വീട്ടിലാണെങ്കില്‍ ഇങ്ങനെ പണം കടംവാങ്ങാന്‍ അനുവദിക്കുമോ. പബ്ലിസിറ്റിക്കു വേണ്ടിയും മറ്റും കടമെടുക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കടം വാങ്ങിക്കൂട്ടിയതിന്റെ ഫലമായി ഇപ്പോള്‍ കേരളത്തിലെ ഓരോ വ്യക്തിയും 1.45 ലക്ഷം രൂപയുടെ കടത്തിലാണ്‌

എ ഡി ബി, വേള്‍ഡ് ബാങ്ക് വായ്പകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ലേ?

അതിലെ പ്രശ്‌നമെന്താണെന്നു വെച്ചാല്‍ അവയെല്ലാം ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ബാങ്കുകളാണ്. അവര്‍ നടത്തുന്നത് ബിസിനസ് ആണ്. അവരൊന്നും നമ്മളോടുള്ള സ്‌നേഹം കൊണ്ട് പണം നല്‍കുന്നതല്ല. ആ ഫണ്ട് ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്ന് നമുക്ക് അതിനുള്ള വരുമാനം ലഭിക്കണം. പക്ഷെ നമ്മള്‍ അത്തരം പദ്ധതികളിലല്ല പണം നിക്ഷേപിക്കുന്നത്. അവരില്‍ നിന്ന് പണം വാങ്ങി റോഡ് നിര്‍മിക്കാനോ റെയില്‍ നിര്‍മിക്കാനോ ആണ് ഉപയോഗിക്കുന്നത്. അതില്‍ നിന്ന് സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ പോകുന്നില്ല. അത്തരം വിദേശ ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ പണമെടുക്കുന്നുണ്ടെങ്കില്‍ അത് വരുമാനം ലഭിക്കുന്ന പദ്ധതികളില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ. കൊച്ചി മെട്രോപോലുള്ള പദ്ധതികള്‍ക്ക് വേണ്ടി വായ്പയെടുക്കാം. ഇത്തരം പദ്ധതികള്‍ക്കായി വിദേശവായ്പയെടുക്കുമ്പോള്‍ പണം തിരിച്ചടക്കേണ്ട ബാധ്യത ഗവണ്‍മെന്റിനില്ല. അത് അവര്‍ തന്നെയാണ് തിരിച്ചടക്കേണ്ടത്. അങ്ങനെയല്ലാതെ പണമെടുക്കാന്‍ അനുവദിക്കരുത്. നമ്മള്‍ തന്നെ ഈ ആവശ്യം ഉയര്‍ത്തണം. നമ്മുടെ വീട്ടിലാണെങ്കില്‍ ഇങ്ങനെ പണം കടംവാങ്ങാന്‍ അനുവദിക്കുമോ. പബ്ലിസിറ്റിക്കു വേണ്ടിയും മറ്റും കടമെടുക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കടം വാങ്ങിക്കൂട്ടിയതിന്റെ ഫലമായി ഇപ്പോള്‍ കേരളത്തിലെ ഓരോ വ്യക്തിയും 1.45 ലക്ഷം രൂപയുടെ കടത്തിലാണ്. ഈ പണമെല്ലാം മടക്കിക്കൊടുക്കണ്ടേ. എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും. നമ്മള്‍ ഒരു കടക്കെണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ചു കൊല്ലം ഭരിക്കുന്നതിനിടയില്‍ എന്തെങ്കിലുമൊക്കെ കാണിക്കണം. പിന്നത്തെ അഞ്ചു കൊല്ലക്കാലം വരുമോ എന്ന് അറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം കിടമത്സരം ശരിയല്ല.

ടൂറിസം വികസനത്തിന് ഒരു വിഷന്‍ ഡോക്യുമെന്റ് ആവശ്യമില്ലേ?

തീര്‍ച്ചയായും ആവശ്യമുണ്ട്. ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അടിസ്ഥാന സൗകര്യം വേണം. അതോടൊപ്പം അത് നടത്തിക്കൊണ്ടു പോകാന്‍ കഴിയുകയും വേണം. വയനാട്ടില്‍ ഒരു ടൂറിസ്റ്റ് സെന്ററില്‍ പോയി. അവിടെ വലിയൊരു തടാകമുണ്ട്. കൊട്ടിഘോഷിച്ച് തുടങ്ങിയതാണ്. പക്ഷെ ഒരിക്കല്‍ പോയാല്‍ പിന്നെ അവിടെ ആരും പോകില്ല. നോക്കി നടത്താന്‍ കഴിയാത്തതാണ് കാരണം. പലയിടത്തും അതാണ് സ്ഥിതി. ടൂറിസം വകുപ്പിന്റെ കൈയില്‍ പണമില്ല. ഗവണ്‍മെന്റിന്റെ കൈയില്‍ പണമുണ്ടാകണം. എന്നിട്ടേ എല്ലാം പ്ലാന്‍ ചെയ്യാന്‍ പാടുള്ളൂ. പ്ലാന്‍ ചെയ്യുന്നത് ശരിക്ക് ഇംപ്ലിമെന്റ് ചെയ്യാനുള്ള സംസ്‌കാരവും സാഹചര്യവും വേണം. നിര്‍വഹണ സംസ്‌കാരവും സംവിധാനവും വളരെ മോശമാണ്. എല്ലാ വകുപ്പിലും അതാണ് സ്ഥിതി. പി ഡബ്ല്യൂ ഡിയുടെ പണികള്‍ ഡി എം ആര്‍ സി ഏറ്റെടുത്താല്‍ പകുതി സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എസ്റ്റിമേറ്റ് സംഖ്യയില്‍ പണം ബാക്കി വരും. എന്തുകൊണ്ട് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇത് ചെയ്തുകൂടാ. നിര്‍വഹണ ശൈലിയും സംസ്‌കാരവും മോശമാണെന്നതാണ് കാരണം. ഇത് മെച്ചപ്പെട്ടേ മതിയാകൂ. അതില്ലാതെ ഒന്നും നടക്കില്ല. എന്ത് കൊണ്ടുവരുന്നതിനും നാട്ടില്‍ അതിനുള്ള സാഹചര്യം ഉണ്ടാകണം. നോക്കുകൂലി പോലുള്ളവ നിര്‍ത്തിയില്ലെങ്കില്‍ ആരും വരാന്‍ പോകുന്നില്ല. എല്ലാവരും പറയും ചെയ്യും ചെയ്യുമെന്ന്, ഇതുവരെ പറ്റിയിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദം വന്നാല്‍ ഇതൊക്കെ നില്‍ക്കും. രാഷ്ട്രീയ ആര്‍ജവവും ഇച്ഛാശക്തിയുമാണ് ഇതിനെല്ലാം വേണ്ടത്. കെ കരുണാകരനായിരുന്നുവെങ്കില്‍ ഇതൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന് എനിക്ക് ഒരു സംശയവുമില്ല. അതിനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ കോണ്‍ഗ്രസിനെ പിന്താങ്ങുന്നതല്ല. ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുന്നതല്ല.

ഇരുപത് വര്‍ഷത്തിനകം ഗതാഗത മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രധാന മാറ്റം എന്തായിരിക്കും?

ഗതാഗതരംഗത്ത് കേരളത്തിന് ഏറ്റവും ആവശ്യമായി വരുന്നത് ഹൈസ്്പീഡ് റെയില്‍വെയാണ്. അത് വന്നാല്‍ റോഡിലെ ഗതാഗതക്കുരുക്ക് വളരെയധികം കുറയും. റോഡ് അപകടങ്ങള്‍ കുറയും. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്ന 500 ഓളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഹൈസ്പീഡ് റെയില്‍വെക്ക് കഴിയും. ദിവസവും 15 പേര്‍ ദിവസവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. റെയില്‍ വികസന പദ്ധതികള്‍ക്ക് ഇവിടെ ശ്രമമുണ്ടാകുന്നുണ്ടെങ്കിലും റെയില്‍വെയെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്നതില്‍ വ്യക്തമായ ധാരണയില്ല. ആദ്യമായിവേണ്ടത് ഒരു റെയില്‍വെ അഡൈ്വസറെ നിയമിക്കുകയാണ്. റെയില്‍വെ വകുപ്പിനെ സ്വാധീനിക്കാന്‍ കഴിവുള്ള ഉയര്‍ന്ന വ്യക്തിത്വമുള്ള ഒരാളെ അഡൈ്വസറായി വെക്കണം. എന്നാലേ ഫലമുണ്ടാകൂ. റെയില്‍വെ വളരെ യാഥാസ്ഥിതികത്വമുള്ള ഒരു വകുപ്പാണ്. ഇതുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുള്ള ഒരാളായിരിക്കണം അഡൈ്വസര്‍. ഇപ്പോഴുള്ളതു പോലെ പാര്‍ട്ട്‌ടൈം മിനിസ്റ്ററെ വെച്ചതുകൊണ്ട് ഫലമില്ല. അല്ലെങ്കില്‍ സബര്‍ബന്‍ റെയില്‍ പോലുള്ള പദ്ധതികളൊന്നും നടക്കാന്‍ പോകുന്നില്ല.

അതുപോലെ റോഡുകള്‍ വീതി കൂട്ടേണ്ടതും ഫ്‌ളൈഓവറുകള്‍ നിര്‍മിക്കേണ്ടതും ആവശ്യമാണ്. കൊച്ചിപോലുള്ള ഒരു നഗരത്തില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. നമുക്ക് ഒരു ലാന്റ് അക്വിസിഷന്‍ പോളിസി ഇല്ലാത്തതാണ് കാരണം. കേന്ദ്ര ഗവണ്‍മെന്റിന്റെ ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇക്കാര്യത്തില്‍ നയമുണ്ടാക്കാന്‍ കഴിയും. അതുപോലും ഉണ്ടാക്കിയിട്ടില്ല. അതുമൂലം എത്ര പദ്ധതികളാണ് തടസപ്പെട്ടു കിടക്കുന്നത്. ലാന്റ് അക്വിസിഷന്‍ ആക്ടിന് ചട്ടങ്ങളും വ്യവസ്ഥകളുമുണ്ടാക്കി കര്‍ശനമായി നടപ്പിലാക്കിയാല്‍ മാത്രമേ ഇതെല്ലാം ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ എല്ലാം സാങ്ഷനായിക്കിടക്കും. ഒന്നും നടക്കില്ല.

കേരളത്തില്‍ ജലഗതാഗതം വികസിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. പത്തോ പന്ത്രണ്ടോ കിലോ മീറ്റര്‍ വേഗത്തില്‍ കായലിലൂടെ യാത്ര ചെയ്യാന്‍ ആര്‍ക്കാണ് ക്ഷമയുണ്ടാകുക. ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന് ചെലവഴിക്കുന്ന തുക വേസ്റ്റാണ്. കേരളത്തിന് അതിന്റെ ആവശ്യമില്ല.

Comments

comments

Categories: FK Special, Slider