ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്തിനാണ് പ്രത്യേക സ്‌കൂള്‍ ?

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്തിനാണ് പ്രത്യേക സ്‌കൂള്‍ ?

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേകമായി സ്‌കൂളും മറ്റും തുടങ്ങുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് വഴിവെക്കുമെന്നതാണ് വാസ്തവം. അത്തരം ശ്രമങ്ങള്‍ക്ക് പകരം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്

പത്മ അയ്യര്‍ എന്ന പേര് രാജ്യം ശ്രദ്ധിച്ചു തുടങ്ങിയതിന് ഒരു കാരണമുണ്ടായിരുന്നു. സ്വവര്‍ഗരതിക്കാരനായ തന്റെ മകന് വേണ്ടി പുരുഷ ജീവിത പങ്കാളിയെ ആവശ്യപ്പെട്ടുള്ള അവരുടെ പരസ്യം ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ രാജ്യം പത്മ അയ്യരെ കൗതുകത്തോടെ നോക്കി. ഇങ്ങനെയും ഒരു അമ്മയോ ദൈവമേ…എന്നായിരുന്നു പലരും പറഞ്ഞത്. ഹരീഷ് അയ്യര്‍ എന്ന സ്വവര്‍ഗരതിക്കാരനായ തന്റെ മകന് വേണ്ടിയായിരുന്നു പത്മ കല്ല്യാണ പരസ്യം നല്‍കിയത്.

കല്ല്യാണം എന്നത് സമൂഹമല്ല നിശ്ചയിക്കേണ്ടത്, ഒരാളുടെ തീര്‍ത്തും വ്യക്തിപരമായ താല്‍പ്പര്യങ്ങളാണ് അതിന് മാനദണ്ഡമാകേണ്ടതെന്ന് അവര്‍ ചിന്തിക്കുന്നു. ഇപ്പോള്‍ ഇതാ വീണ്ടും വേറിട്ടൊരു അഭിപ്രായവുമായി ശ്രദ്ധേയയാവുകയാണ് പത്മ അയ്യര്‍.

എല്‍ജിബിടി സമൂഹത്തിനെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അവരെ വീണ്ടും സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ളതാകരുതെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്. ഭിന്നലിംഗക്കാര്‍ക്കും മറ്റുമായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് വാദിക്കുന്നവരെ എതിര്‍ക്കുകയാണ് ഇവര്‍. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ തീര്‍ത്തും യുക്തിഭദ്രമാണെന്നു വേണം മനസിലാക്കാന്‍. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ചെയ്യേണ്ടത് അവരെ മാറ്റിനിര്‍ത്തി വികസിപ്പിക്കുന്ന സമീപനമല്ല. മറിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മറ്റുള്ളവരോടൊപ്പം അവരെക്കൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതികളാണ് വേണ്ടത്. കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയത് മികച്ച നീക്കമായിരുന്നു. അവരില്‍ നല്ലൊരു ശതമാനത്തിനും പല കാരണങ്ങള്‍ കൊണ്ട് ജോലിയില്‍ തുടരാനുള്ള ബുദ്ധിമുട്ടുണ്ടായത് സമൂഹം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തുമില്ല. താമസിക്കാന്‍ താങ്ങാവുന്ന നിരക്കില്‍ വീട് കിട്ടുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. അതിന് കാരണം സമൂഹത്തിന്റെ മനഃസ്ഥിതിയുമായിരുന്നു. ഇവരെ വേറിട്ടുനിര്‍ത്തുന്നതുകൊണ്ടാണ് വീട് കൊടുക്കാന്‍ സാധാരണക്കാരായവര്‍ മടിക്കുന്നത്. മറിച്ച് ഭിന്നലിംഗക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ.

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ തന്നെ ഭാഗമാക്കണം. മാറ്റിനിര്‍ത്തിയല്ല അവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത്. ആര്‍ക്കും ആരെ വേണമെങ്കിലും സ്‌നേഹിക്കാം എന്നാകണം എല്ലാവരെയും പഠിപ്പിക്കേണ്ടത്. അല്ലാതെ ഓരോ മനുഷ്യന്റെയും ലൈംഗിക സ്വഭാവസവിശേഷതകള്‍ക്കനുസരിച്ച് മാറ്റിനിര്‍ത്തപ്പെടുകയല്ല വേണ്ടത്, ഒരു വിദ്യാഭ്യാസ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പത്മ അയ്യര്‍ പറഞ്ഞു.

അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ എന്ന പേരില്‍ കൊച്ചിയില്‍ ചില ആക്റ്റിവിസ്റ്റുകള്‍ ചേര്‍ന്ന് ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ഈ വിഷയത്തില്‍ ഉയര്‍ന്നത്. അന്യവല്‍ക്കരിക്കപ്പെടാന്‍ ഇടയാക്കുന്നതാകരുത് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസം എന്നും ചില വിദഗ്ധര്‍ സൂചന നല്‍കി.

അയര്‍ലന്‍ഡില്‍ ലോകത്തെ ആദ്യ സ്വവര്‍ഗരതിക്കാരനായ പ്രധാനമന്ത്രിയെന്ന നിലയില്‍ അധികാരത്തിലേറിയ ലിയോ വരഡ്കറിനെ അദ്ദേഹത്തിന്റെ സെക്ഷ്വാലിറ്റിയുടെ പേരിലല്ല വിലയിരുത്തേണ്ടത് മറിച്ച് പ്രവര്‍ത്തനത്തിന്റെ പേരിലായിരിക്കണമെന്നും പത്മ അയ്യര്‍ പറഞ്ഞു. ഈ അഭിപ്രായങ്ങളിലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രസക്തമായ നിലപാടാണ്. ഭിന്നലിംഗക്കാരെ അവരുടെ ലൈംഗിക സ്വഭാവ സവിശേഷതയുടെ പേരിലല്ല ഒരു രംഗത്തും വിലയിരുത്തേണ്ടത്, മറിച്ച് അവരുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ വേണം.

Comments

comments

Categories: FK Special, Slider