രാജസ്ഥാനില്‍ 9,500 റോഡ് വികസന പദ്ധതികള്‍ക്ക് ഓഗസ്റ്റ് 29ന് തുടക്കം കുറിക്കും

രാജസ്ഥാനില്‍ 9,500 റോഡ് വികസന പദ്ധതികള്‍ക്ക് ഓഗസ്റ്റ് 29ന് തുടക്കം കുറിക്കും

ന്യൂഡെല്‍ഹി: ഒറ്റ ദിവസം, 9,500 റോഡ് വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 29ന് രാജസ്ഥാനിലെ ഉയദ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന മോദി ഒറ്റയടിക്ക് 9,500ല്‍ അധികം റോഡ് പദ്ധതികളാണ് രാജ്യത്തിനു സമര്‍പ്പിക്കുക. ചില പദ്ധതികളുടെ ഉദ്ഘാടനത്തിനും ചിലതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുമാണ് പ്രധാനമന്ത്രി എത്തുന്നത്.

ദേശീയ-സംസ്ഥാന പാതകളും പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് (പിഎംജിഎസ്‌വൈ) കീഴില്‍ വരുന്ന ഗ്രാമീണ മേഖലയിലെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളും ഇതില്‍പെടും. 27,000 കോടി രൂപയാണ് പദ്ധതികളുടെ മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു പുറമെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മോദിയോടൊപ്പം പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

3000 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള 109 റോഡ് വികസന പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെയും ദേശീയ പാതാ അതോറിറ്റിയുടെയും സഹായത്തോടെയാണ് നിര്‍മിക്കുന്നത്. ദേശീയ പാതകളുടെ വീതി കൂട്ടലും, സംസ്ഥാന പാതകളുടെ നിര്‍മാണവും വികസനവും ഉള്‍പ്പെടെയുള്ള പദ്ധതികളിലാണ് കേന്ദ്ര റോഡ് ഗതാഗത വകുപ്പും ദേശീയ പാതാ അതോറിറ്റിയും പ്രധാനമായും സഹായം നല്‍കുന്നത്. ഇതിനു മാത്രം 15,000 കോടി രൂപയാണ് ഇവര്‍ മുടക്കുന്നത്.

ആകെ 873 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 11 ദേശീയ പാതകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. റോഡുകള്‍ക്ക് പുറമെ, വിവിധ ഭവന നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം അവശേഷിക്കെ നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശനവും റെക്കോഡ് കുറിച്ചുകൊണ്ട് ആയിരക്കണക്കിന് പദ്ധതികള്‍ക്ക് ഒരുമിച്ച് തുടക്കം കുറിക്കുന്നതും രാഷ്ട്രീയമായി പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Comments

comments

Categories: Slider, Top Stories