ഒപെക് കരാറിന്റെ ഭാവി നവംബറില്‍ അറിയാമെന്ന് കുവൈറ്റ്

ഒപെക് കരാറിന്റെ ഭാവി നവംബറില്‍ അറിയാമെന്ന് കുവൈറ്റ്

നവംബര്‍ അവസാനം ചേരുന്ന ഒപെക്കിന്റെ യോഗത്തില്‍ കരാര്‍ ചര്‍ച്ച ചെയ്യുമെന്ന് കുവൈറ്റ് ഓയ്ല്‍ മന്ത്രി

കുവൈറ്റ് സിറ്റി: നവംബറില്‍ ചേരുന്ന ഒപെക്കിന്റെ യോഗത്തില്‍ വെച്ച് എണ്ണ ഉല്‍പ്പാദന നിയന്ത്രണം നീട്ടണോ അവസാനിപ്പിക്കണോ എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് കുവൈറ്റിന്റെ ഓയ്ല്‍ മന്ത്രി എസ്സം അല്‍ മര്‍സൗഖ് വ്യക്തമാക്കി. ഒപെക്കിന്റെ അടുത്ത യോഗം നവംബറിന്റെ അവസാനമാണ് നടത്തുന്നത്. എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തിന്റെ ഭാവിയായിരിക്കും ഇതിലെ പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി എണ്ണ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 6.5 മില്യണ്‍ ബാരല്‍ പ്രതിദിനം ഉല്‍പ്പാദിപ്പിച്ചതില്‍ നിന്ന് രണ്ട് മില്യണ്‍ ബാരലായിട്ടാണ് എണ്ണ ഉല്‍പ്പാദനം കുറഞ്ഞത്. ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച കരാറിലൂടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ആറ് മാസത്തേക്കാണ് രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടത്.

എന്നാല്‍ എണ്ണ വിപണിയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടും ഒന്‍പത് മാസത്തേക്ക് നീട്ടുകയായിരുന്നു. 2018 മാര്‍ച്ചിലാണ് കരാറിന്റെ കാലാവധി അവസാനിക്കുന്നത്.ആഗോള സംഭരണം വെട്ടിക്കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉല്‍പ്പാദന നിയന്ത്രണം നടപ്പാക്കുന്നത്. ഇത് മൂന്ന് വര്‍ഷമായി ഇടിഞ്ഞിരിക്കുന്ന എണ്ണ വില വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia