മൂര്‍ത്തിയെ ചെറുക്കുന്നതിനും നിക്ഷേപകരെ ശാന്തരാക്കുന്നതിനുമൊരുങ്ങി ഇന്‍ഫോസിസ് മാനേജ്‌മെന്റ്

മൂര്‍ത്തിയെ ചെറുക്കുന്നതിനും നിക്ഷേപകരെ ശാന്തരാക്കുന്നതിനുമൊരുങ്ങി ഇന്‍ഫോസിസ് മാനേജ്‌മെന്റ്

യുഎസ്, ഏഷ്യന്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ക്ക് രണ്ട് സംഘത്തെയാണ് സജ്ജീകരിച്ചിരിക്കുന്നത്

മുംബൈ: സിഇഒ, മാനേജിംഗ് ഡയറക്റ്റര്‍ പദവികളില്‍ നിന്നുള്ള വിശാല്‍ സിക്കയുടെ നാടകീയ രാജിയില്‍ ആടിയുലഞ്ഞിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ്. കമ്പനി സ്ഥാപകന്മാരിലൊരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തിയില്‍ നിന്ന് നിരന്തരമായി പരസ്യ ആക്രമണങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതിനെയും ഇന്‍ഫോസിസ് ബോര്‍ഡും നാരായണ മൂര്‍ത്തിയും തമ്മിലുള്ള നിരന്തരമായ തര്‍ക്കത്തിനെയും തുടര്‍ന്നായിരുന്നു സിക്കയുടെ രാജി. ബോര്‍ഡിനെതിരേ മൂര്‍ത്തിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ ആരോപണങ്ങള്‍ ഉയരാതിരിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകരുടെ വിശ്വാസം ഉറപ്പിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കും ഇന്‍ഫോസിസ് മാനേജ്‌മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്.

യുഎസ്, ഏഷ്യന്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ക്ക് രണ്ട് സംഘത്തെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കമ്പനി ചെയര്‍മാനായ ആര്‍ എസ് ശേഷസായിയുയും സിക്കയുമടങ്ങിയ സംഘം യുഎസിലെ നിക്ഷേപകരുമായാണ് കൂടിക്കാഴ്ച നടത്തുക. കമ്പനിയുടെ സഹചെയര്‍മാന്‍ രവി വെങ്കിടേശന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന സിഎക്‌സ്ഒ കളടങ്ങിയ സംഘം സിംഗപ്പൂരിലും ഹോംങ്കോംഗിലുമുള്ള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി പ്രത്യേക യോഗവും സംഘടിപ്പിക്കും. സിക്ക കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി തുടരുകയാണെന്നും ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ കമ്പനിയോട് അദ്ദേഹത്തിന് പ്രതിബദ്ധതയുണ്ടെന്നുമാണ് കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കമ്പനിയുടെ 37.53 ശതമാനം ഓഹരി കൈവശമുള്ള വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് വിപണിയിലെ മൂല്യമിടിവിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ നഷ്ടമായത് 12,727 കോടി രൂപയാണ്. 11.01 ശതമാനം ഓഹരിയവകാശമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 3730 കോടി രൂപയാണ് നഷ്ടം വന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഇന്‍ഫോസിസിന്റെ ഓഹരികള്‍ 7.6 ശതമാനമാണ് ഇടിഞ്ഞത്.

കോര്‍പറേറ്റ് ഭരണത്തിലെ പരാജയമടക്കം മൂര്‍ത്തി പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇന്‍ഫോസിസ് ബോര്‍ഡും മാനേജ്‌മെന്റും നിക്ഷേപകര്‍ക്കു മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരും. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്ന് മൂര്‍ത്തി പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും നിരവധി നിക്ഷേപകരുമായി മൂര്‍ത്തി തന്റെ വാദഗതികള്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. അത്തരം ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം സെപ്റ്റംബര്‍ ആദ്യം മുംബൈയില്‍ സംഘടിപ്പിക്കുന്ന വിപുലമായ നിക്ഷേപക സമ്മേളനത്തെ മൂര്‍ത്തി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാല്‍ സിക്കയുടെ രാജിയുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശരിയായ രീതിയിലും രൂപത്തിലും ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ മൂര്‍ത്തി അറിയിച്ചിരുന്നു.

നിക്ഷേപകരുമായി മൂര്‍ത്തി സംസാരിക്കുന്നതിന് തെളിവുകളുണ്ടെന്നും ഭരണം സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് തങ്ങള്‍ക്കറിയാമെന്നും ഇത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശേഷസായി പറഞ്ഞിരുന്നു. ഇന്‍ഫോസിസിലെ നേതൃത്വ പ്രശ്‌നങ്ങള്‍, തുടര്‍ച്ചയായ രാജികള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നതിലെ കാലതാമസം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിക്ഷേകര്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy