മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
 

 ആറു മാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണം; അതുവരെ തലാഖ് പാടില്ല

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി. മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു അഞ്ചംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു

ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു യു ലളിത് എന്നിവര്‍ മുത്തലാഖിന് ഭരണഘടനാ സാധുതയില്ലെന്ന് വിലയിരുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. മുത്തലാഖ് ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യുയു ലളിത് എന്നിവര്‍ വ്യക്തമാക്കി. മുത്തലാഖ് അംഗീകരിക്കാനാകില്ലെന്നും പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാല്‍ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

മുത്തലാഖ് നിരോധിക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് ജെസ് കേഹാറും ജസ്റ്റിസ് എസ് അബ്ദുല്‍ നസീറും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങള്‍ മുത്തലാഖ് ലംഘിക്കുന്നില്ല. ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ് മുത്തലാഖെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍പ്പെട്ടതാണെന്നും ഇരുവരും വിലയിരുത്തി. 

തുടര്‍ച്ചയായി ആറ് ദിവസം വാദം കേട്ടതിനു ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്നും പിന്നെന്തുകൊണ്ട് ഇന്ത്യക്ക് അതില്‍നിന്നു മാറാനാകുന്നില്ല എന്നും ആയിരം പേജോളം വരുന്ന വിധി ന്യായത്തില്‍ സുപ്രീം കോടതി ചോദിച്ചു. പുതിയ നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏര്‍പ്പെടുത്തി. ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ ഈ വിലക്കു തുടരും. മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിര്‍മാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യാസങ്ങള്‍ മാറ്റിവച്ച് നിയമനിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കണമെന്നും കേഹാറും അബ്ദുല്‍ നസീറും വിധിന്യായത്തില്‍ ആവശ്യപ്പെട്ടു.
മുത്തലാഖിലൂടെ വിവാഹമോചിതരായ സൈറ ബാനു, അഫ്രീന്‍ റഹ്മന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികള്‍ക്കു പുറമെ, 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചു. മുത്തലാഖ് മതപരമായ മൗലികാവകാശമാണെന്ന വാദവും ഭരണഘടന ബെഞ്ച് പരിശോധിച്ചു. മുത്തലാഖ് നിരോധനം ചരിത്രപരമാണെന്നും മുസ്ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്നതാണ് വിധിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെപ്പാണ് വിധിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories