ബ്രിക്‌സില്‍ നിക്ഷേപ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമ്മതിച്ചു

ബ്രിക്‌സില്‍ നിക്ഷേപ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമ്മതിച്ചു

നിക്ഷേപം സംബന്ധിച്ച വിഷയങ്ങള്‍ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് ഇന്ത്യ നേരത്തേ സ്വീകരിച്ചിരുന്നത്

ന്യൂഡെല്‍ഹി: ബ്രിക്‌സില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, നിക്ഷേപ നയ രൂപീകരണത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ സമ്മതമറിയിച്ചു. ഇന്ത്യയുടെ നിലപാടിലെ ഒരു പ്രധാന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധരുടെ നിരീക്ഷണം. ഈ മാസം ആദ്യം ഷാംഗ്ഹായില്‍ നടന്ന ബ്രിക്‌സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

നിക്ഷേപം സംബന്ധിച്ച വിഷയങ്ങള്‍ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതും നിക്ഷേപ നയങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതുമായ വിഷയങ്ങള്‍ രാജ്യത്തിനകത്ത് ഒതുക്കിനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിച്ചിരുന്നത്. ഇവ ആഭ്യന്തര കാര്യങ്ങള്‍ മാത്രമാണെന്നും ഇന്ത്യ നിലപാടെടുത്തിരുന്നു. എന്നാല്‍ ബ്രിക്‌സില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഇന്ത്യ സമ്മതിച്ചതോടെ സുപ്രധാനമായ നിലപാട് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നിക്ഷേപ നയങ്ങള്‍ ലഘൂകരിക്കുന്നതിന് റഷ്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഡബ്ല്യുടിഒയില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നീക്കം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്.

ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പുകളൊന്നും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെങ്കിലും, നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലോക വ്യാപാര സംഘടനയുടേത് (ഡബ്ല്യടിഒ) ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ക്ക് നിലപാടുമാറ്റം വഴിവെക്കുമെന്ന് വിലയിരുത്തലുകളുണ്. തന്ത്രപ്രധാനമായ മേഖലകളിലടക്കമുള്ള നിക്ഷേപ നയങ്ങളില്‍ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിന് ഇത്തരം അന്താരാഷ്ട്ര ചര്‍ച്ചകള്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ഡബ്ല്യടിഒയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. നിക്ഷേപ നയങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സമ്മതിച്ചതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിക്ഷേപം സംരക്ഷിക്കുന്നതിനുള്ള ചവിട്ടുപടിയാണ് നിക്ഷേപ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത്. ഇക്കാര്യത്തില്‍ പുതിയൊരു വഴിത്തിരിവാണ് ഇന്ത്യയുടെ നയംമാറ്റമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

Comments

comments

Categories: Top Stories