സബര്‍ബന്‍ റെയ്ല്‍ കേരളത്തിന്റെ അടിയന്തര ആവശ്യം: ഇ ശ്രീധരന്‍

സബര്‍ബന്‍ റെയ്ല്‍ കേരളത്തിന്റെ അടിയന്തര ആവശ്യം: ഇ ശ്രീധരന്‍

പരിണിത പ്രജ്ഞനായ ഒരു റെയല്‍വെ ഉപദേശകനെ സംസ്ഥാനം നിയമിക്കണം

കൊച്ചി: റെയ്ല്‍വെയെ നവീകരിച്ച് സംസ്ഥാനത്തിലുടനീളം സബര്‍ബന്‍ സര്‍വീസ് കൊണ്ടുവരേണ്ടത് കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലെ അടിയന്തര ആവശ്യമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഭാവിയില്‍ കേരളത്തിന് ഏറ്റവുമധികം ആവശ്യമായി വരുന്നത് ഹൈസ്പീഡ് റെയ്ല്‍വെയാണെന്നും അതിന് ഇപ്പോള്‍ തുടക്കം കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വെയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിന് പരിണിത പ്രജ്ഞനായ ഒരു റെയല്‍വെ ഉപദേശകനെ സംസ്ഥാനം നിയമിക്കണം. അതുണ്ടാകുന്നില്ലെങ്കില്‍ സബര്‍ബന്‍ റെയ്ല്‍ ഉള്‍പ്പെടെയുള്ള റെയ്ല്‍ വികസന പദ്ധതികളൊന്നും പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ല. പദ്ധതികള്‍ നടപ്പാക്കുന്നതിന് റെയ്ല്‍വെയെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തില്‍ കേരളത്തിന് വേണ്ടത്ര ധാരണയില്ല.

ദേശീയപാത വികസനം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും നിരവധി വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും കേരളത്തിന് ലാന്റ് അക്വിസിഷന്‍ പോളിസി ഇല്ലാത്തതിനാലാണ്. ലാന്റ് അക്വിസിഷന്‍ പോളിസി ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാണിക്കണം. ജലഗതാഗതം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ചെലവാക്കുന്ന പണം വെറും പാഴാണെന്നും ജലഗതാഗതത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ബസ് ഗതാഗതമേഖല നവീകരിക്കുന്നതിന് താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്ലാനിംഗ് ബോര്‍ഡ് അംഗീകരിച്ചതായി ശ്രീധരന്‍ അറിയിച്ചു. കേരളത്തിലെ റോഡുകള്‍ക്ക് അനുയോജ്യം എയര്‍കണ്ടീഷന്‍ ചെയ്ത ചെറിയ ബസുകളാണ്. ഇത്തരം ബസുകള്‍ സമയകൃത്യതയോടെ സര്‍വീസിനിറക്കിയാല്‍ ജനങ്ങള്‍ കാറുകളുപേക്ഷിച്ച് ബസുകളെ ആശ്രയിക്കും. കെഎസ്ആര്‍ടിസിയുടെ ലോഫ്‌ളോര്‍ ബസുകളെ റോഡിലെ രാക്ഷസന്‍മാര്‍ (മോണ്‍സ്‌റ്റേഴ്‌സ് ഓണ്‍ ദി റോഡ്)എന്നാണ് ശ്രീധരന്‍ വിശേഷിപ്പിച്ചത്. ഇത് റോഡുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലെന്നും അപകടങ്ങളും സമയനഷ്ടവും പണച്ചെലവും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories