‘സിക്കയുടെ ക്ലൈന്റുകളെ പിടിച്ചുനിര്‍ത്തുന്നത് ഇന്‍ഫോസിസിന് വെല്ലുവിളിയാകും’

‘സിക്കയുടെ ക്ലൈന്റുകളെ പിടിച്ചുനിര്‍ത്തുന്നത് ഇന്‍ഫോസിസിന് വെല്ലുവിളിയാകും’

ഹ്രസ്വകാലാടിസ്ഥാനത്തില്‍ ടിസിഎസ്, കൊഗ്നിസെന്റ് പോലുള്ള കമ്പനികള്‍ക്ക് ഗുണകരമാകും

ബെംഗളൂരു: ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജി കമ്പനിയുടെ നിരവധി ക്ലൈന്റുകളെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ടാകുമെന്നും, ഇവരെ നിലനിര്‍ത്തുക എന്നത് ഇന്‍ഫോസിസിനെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളിയാകുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുതിര്‍ന്ന റാങ്കിലുള്ള കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുമായി വിശാല്‍ സിക്കയ്ക്ക് വ്യക്തിപരമായി അടുത്ത ബന്ധമുണ്ട്. ഇന്‍ഫോസിസ് സിഇഒ ആയി സിക്കയെ നിയമിക്കാനുള്ള പ്രധാന ഘടകവും ഇതു തന്നെയായിരുന്നു. ഇന്‍ഫോസിസിന്റെ ഉന്നത ക്ലൈന്റുകളെ കൈകാര്യം ചെയ്യുന്നതിന് സിഇഒ ഓഫീസ് തന്നെ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഓരോ ആഴ്ചയും അഞ്ചോ പത്തോ ക്ലൈന്റുകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ സ്ട്രാറ്റജിക് നീക്കങ്ങളും അദ്ദേഹം ചാര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സിക്കയുടെ പെട്ടെന്നുണ്ടാകുന്ന അഭാവം അദ്ദേഹത്തിന്റെ ക്ലൈന്റുകളെ പിടിച്ചു നിര്‍ത്തുന്നതില്‍ കമ്പനിക്ക് വെല്ലുവിളിയായി തീരും.

മാര്‍ച്ച് വരെ വിശാല്‍ സിക്ക കമ്പനിയിലുണ്ടാകും എന്നത് നല്ലതാണെങ്കിലും സിക്ക പോകുന്നതോടെ ക്ലൈന്റുകളുടെ സമീപനത്തിലെ മാറ്റം ഇന്‍ഫോസിസ് അഭിമുഖീകരിക്കേണ്ടി വരുമെന്ന് കോണ്‍സ്റ്റല്ലേഷന്‍ റിസര്‍ച്ച് സ്ഥാപകനും മുഖ്യ നിരീക്ഷകനുമായ ആര്‍ റേ വാംഗ് പറഞ്ഞു. സിക്കയുടെ വ്യക്തിഗത ബന്ധങ്ങളുടെ നേട്ടം ഇല്ലാതാകുന്നതു നികത്താന്‍ ഇന്‍ഫോസിസിന് സാധിക്കുമെങ്കിലും, കമ്പനിയിലെ അനിശ്ചിതാവസ്ഥ ക്ലൈന്റുകളെ തടയുമെന്ന വസ്തുത നിലനില്‍ക്കുന്നതായി അനലിസ്റ്റുകള്‍ പറയുന്നു.

നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഫോസിസിന് മാനേജ്‌മെന്റില്‍ അഴിച്ചുപണി നടത്തേണ്ടി വരുന്നത്. സിക്ക അധികാരമേല്‍ക്കുന്നതിനു മുന്‍പായിരുന്നു ആദ്യത്തേത്. എന്‍ ആര്‍ നാരാണമൂര്‍ത്തി കമ്പനിയിലേക്ക് തിരിച്ചെത്തിയതും ഈ സമയത്താണ്. കമ്പനിയുടെ നിലവിലുള്ള സാഹചര്യം പരിഗണിച്ച് ക്ലെന്റുകള്‍ കൂടുതല്‍ സ്ഥിരത വാഗ്ദാനം ചെയ്യുന്ന ബിസിനസ് പാര്‍ട്ണര്‍മാരിലേക്ക് ശ്രദ്ധതിരിച്ചു തുടങ്ങുമെന്നാണ് എംകെ സെക്യൂരിറ്റീസ് അനലിസ്റ്റ് രാഹുല്‍ ജയ്‌നിന്റെ നിരീക്ഷണം. ഇത് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ടിസിഎസ്, കൊഗ്നിസെന്റ് പോലുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്.

തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഇന്‍ഫോസിസ് ഉന്നത എക്‌സിക്യൂട്ടിവുകളെ നിലനിര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കമ്പനിയുടെ ഡിജിറ്റല്‍ സ്ട്രാറ്റജിയുമായി മുന്നോട്ടുപോകുന്നതിന് സിക്കയ്ക്ക് കീഴില്‍ നിയമിതരായിട്ടുള്ള എക്‌സിക്യൂട്ടീവുകളെ. ഇവര്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ 2018 സാമ്പത്തിക വര്‍ഷത്തെ ഇന്‍ഫോസിസിന്റെ മാര്‍ഗങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും അനലിസ്റ്റുകള്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories