ടവര്‍ഹില്ലിനു പറയാനുണ്ട് ഒരു ആത്മ വിശ്വാസത്തിന്റെ കഥ

ടവര്‍ഹില്ലിനു പറയാനുണ്ട് ഒരു ആത്മ വിശ്വാസത്തിന്റെ കഥ

കോഴിക്കോട് ദേവഗിരി കോളേജിലെ ക്ലാര്‍ക്ക് ഉദ്യോഗം രാജിവച്ചു ടൂറിസം മേഖലയില്‍ സംരംഭകനാകാന്‍ തീരുമാനിച്ചപ്പോള്‍ കദളിക്കാട് സേവിക്കു വീട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ നിസാരമായിരുന്നില്ല. പക്ഷേ, സേവിക്കു കുന്നോളമല്ല, ഒരു മലയോളം വരുന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അത് കൈമുതലാക്കി സേവി മലനിരകളില്‍ തന്നെ സര്‍വീസ് വില്ല തുറന്നു. ടവര്‍ഹില്‍ എന്ന പേരും നല്‍കി. ഇന്നു വയനാടിന്റെ വിനോദ സഞ്ചാരരംഗത്ത് പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയിരിക്കുകയാണു ടവര്‍ഹില്‍.

വയനാട് ജില്ലയെ 360 ഡിഗ്രിയില്‍ ഇവിടെ നിന്നു വീക്ഷിക്കാം എന്നതാണ് ടവര്‍ഹില്ലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. 167 ഗൂഗിള്‍ റിവ്യൂ സോണാണു ടവര്‍ ഹില്ലിനുള്ളത്. ഇത്രയും റെയ്റ്റുള്ള ഒരു സ്ഥാപനം മറ്റെവിടെയും ഉണ്ടാകില്ലെന്നതാണു മറ്റൊരു യാഥാര്‍ഥ്യം. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി വയനാടിലെ ഏറ്റവും തിരക്കേറിയ സര്‍വീസ് വില്ലകളില്‍ ഒന്നായി ടവര്‍ഹില്‍ മാറിയിരിക്കുന്നു. വയനാട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തു സ്ഥിതി ചെയ്യുന്നു ടവര്‍ ഹില്ലിലേക്കു കല്‍പ്പറ്റയില്‍നിന്നും 18 കിലോമീറ്ററും മാനന്തവാടിയില്‍നിന്നു 17 കിലോമീറ്ററും സഞ്ചരിച്ചാല്‍ എത്തിച്ചേരാം.

വയനാടിന്റെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്ററെന്ന പെരുമ ചുരുങ്ങിയ കാലം കൊണ്ട് ടവര്‍ഹില്‍ കൈവരിച്ചു. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും ആത്മവിശ്വാസത്തോടെ തന്റെ സ്വപ്‌നത്തില്‍ ഉറച്ചു നിന്നു സംരംഭം ആരംഭിക്കാനായതും അത് വിജയകരമായി മുന്നേറുന്നതും അഭിമാനിക്കാന്‍ വകനല്‍കുന്ന നേട്ടമാണെന്നു ടവര്‍ ഹില്‍ മാനേജിംഗ് ഡയറക്റ്റര്‍ സേവി കദളിക്കാട് പറയുന്നു. ടവര്‍ഹില്‍ സാക്ഷാത്കരിച്ചതിനെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സേവി കദളിക്കാട് വിശദീകരിക്കുന്നു.

ടവര്‍ഹില്‍ സര്‍വീസ് വില്ല എന്ന ആശയത്തെ കുറിച്ച് ?

1956-ല്‍ എന്റെ മുത്തച്ഛന്‍ മത്തായി ആണ് വയനാട് ജില്ലയില്‍ സ്ഥലം വാങ്ങിയത്. ഇത് പിന്നീടു മക്കള്‍ക്കു വീതിച്ചു നല്‍കി. വീതമായി ലഭിച്ച സ്ഥലമെല്ലാം കാട് പിടിച്ച നിലയിലായിരുന്നതിനാല്‍ ആരും എത്തിനോക്കിയിരുന്നില്ല. കുറച്ചുനാള്‍ മുന്‍പ് ഈ സ്ഥലം കാണാനിടയായപ്പോള്‍ ഒരു സര്‍വ്വീസ് വില്ലയ്ക്കുള്ള സാധ്യതയുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ സര്‍വ്വീസ് വില്ല തുടങ്ങുന്നതിന് ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇതിനാവശ്യമായ പഠനം ഞാന്‍ ആരംഭിച്ചിരുന്നു.

വയനാട്ടിലെ മറ്റു സര്‍വ്വീസ് വില്ലകളില്‍ നിന്നും ടവര്‍ ഹില്ലിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ജില്ലയുടെ മധ്യഭാഗത്തായിട്ടാണു ടവര്‍ഹില്‍ സ്ഥിതി ചെയ്യുന്നത്. വയനാടിനെ 360 ഡിഗ്രിയില്‍ ഇവിടെ വീക്ഷിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ഭംഗിക്കു യാതൊരു വിധ കോട്ടവും വരുത്താതെ വയനാട്ടിലെ മൂന്നാമത്തെ വലിയ മലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എട്ടോളം ഹെയര്‍ പിന്‍ വളവുകളുണ്ട്. കബനി നദി വലയം ചെയ്തു കടന്നുപോകുന്ന ഈ സര്‍വ്വീസ് വില്ലയില്‍ നിന്നാല്‍ പശ്ചിമഘട്ട മലനിരകള്‍ പൂര്‍ണമായും ആസ്വദിക്കാം. പ്രകൃതിരമണീയമായ കാഴ്ചകള്‍ക്കു പുറമേ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കസേര കളി, ഊഞ്ഞാലാട്ടം, അമ്പെയ്ത്ത്, കാരംസ്, കാംപ് ഫയര്‍ തുടങ്ങി ധാരാളം വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടെയെത്തുന്നവര്‍ക്കു സ്വയം പാചകം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരവും സജ്ജീകരിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള ഭക്ഷണവും പാചകം ചെയ്യാന്‍ ഇവിടെ ആളുകളുണ്ട്. വയനാട്ടില്‍ തന്നെ കൃഷിചെയ്യുന്ന പച്ചക്കറികളും നാടന്‍ കോഴിയും മുട്ടയും ഒക്കെയാണ് ഉപയോഗിക്കുന്നത്.

എന്തെല്ലാം അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത് ?

അഞ്ചര ഏക്കര്‍ സ്ഥലത്താണ് സര്‍വ്വീസ് വില്ല സ്ഥിതിചെയ്യുന്നത്. ഒരു ഫൈവ് സ്റ്റാര്‍ മാതൃകയില്‍ മൂന്നു വില്ലകളായി പണി കഴിപ്പിച്ചിരിക്കുന്ന ഇവിടെ വൈ ഫൈ ഇന്റര്‍നെറ്റ്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള, ഫൈവ് സ്റ്റാര്‍ നിരയിലുള്ള മുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വയനാടിന്റെ മധ്യഭാഗത്തായതിനാല്‍ ഈ സര്‍വ്വീസ് വില്ലയില്‍ നിന്നും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനും വളരെ എളുപ്പമാണ്. വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക വാഹനങ്ങളും സഹായത്തിനായി ഗൈഡും ഉണ്ടായിരിക്കും.

സര്‍വ്വീസ് വില്ല തുടങ്ങിയതു കൊണ്ടു കുറച്ച് പേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ സാധിച്ചു. ഇതില്‍പരം സന്തോഷം വേറെ എന്തുണ്ട്.

സേവി കദളിക്കാട് മാനേജിംഗ് ഡയറക്റ്റര്‍, ടവര്‍ഹില്‍

വിനോദ സഞ്ചാരികള്‍ കൂടുതലായും എത്തുന്നത് ഏതു സ്ഥലങ്ങളില്‍ നിന്നാണ് ?

ബാംഗ്ലൂരില്‍ നിന്നുള്ളവരാണ് ഈ സര്‍വ്വീസ് വില്ലയിലേക്കു കൂടുതലായും വരുന്നത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളും കൂടാതെ ധാരാളം അറബികളും വരുന്നുണ്ട്. കുടുംബസമേതമാണ് ഒട്ടുമിക്കവരും എത്താറുള്ളത്. 16 മുതല്‍ 20 ഓളം പേരുടെ സംഘമായാല്‍ ഇവിടുത്തെ ഗെയിമുകളും ആസ്വദിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്കായി ഡോര്‍മെട്രിയും ഒരുക്കിയിട്ടുണ്ട്.

ബിസിനസിനെ ബാധിച്ച ഏതെങ്കിലും സംഭവങ്ങള്‍ ?
തീര്‍ച്ചയായും. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന ആദ്യ മാസങ്ങളില്‍ ഒരാള്‍ പോലും ഇവിടെയെത്തിയിരുന്നില്ല. പിന്നീട് ഡിസംബറിലാണ് ആളുകള്‍ വന്നുതുടങ്ങിയത്.

ഇവിടെ താമസിക്കാന്‍ പറ്റിയ മാസം ഏതെല്ലാമാണ് ?

പൊതുവേ എല്ലാ സീസണിലും ആളുകള്‍ എത്താറുണ്ട്. മണ്‍സൂണ്‍ ടൂറിസത്തിനാണ് ഏറെ പ്രാധാന്യം.

മലമുകളില്‍ ഒരു സര്‍വ്വീസ് വില്ല തുടങ്ങുമ്പോള്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടാവാം, എങ്ങനെ തരണം ചെയ്തു ?

തീര്‍ച്ചയായും. വീട്ടുകാരും സുഹൃത്തുക്കളും ഒറ്റപ്പെടുത്തി, ഒരു ഭ്രാന്തനായിപ്പോലും ആളുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ആ നാളുകളില്‍ എനിക്കു ദൈവമായിരുന്നു കൂട്ട്. ഇവിടെ സര്‍വ്വീസ് വില്ല നിര്‍മിക്കാന്‍ സ്വന്തം സ്ഥലംവരെ വില്‍ക്കേണ്ടി വന്നു. കോഴിക്കോട് ദേവഗിരി കോളെജില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഞാന്‍ ആ ജോലി ഉപേക്ഷിച്ചാണ് ഇവിടെ സര്‍വ്വീസ് വില്ല തുടങ്ങിയത്. മലമുകളില്‍ ആയതിനാല്‍ ഇവിടേക്ക് എത്തിപ്പൊടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ഷെഡ് കെട്ടി ഇവിടെ താമസിച്ചു കൊണ്ടാണ് ഈ സര്‍വ്വീസ് വില്ല ഞാന്‍ ഉണ്ടാക്കിയെടുത്തത്. നിര്‍മാണങ്ങള്‍ക്കാവശ്യമായ വെള്ളം അടിവാരത്തില്‍ നിന്നു കൊണ്ടുവരുന്നതിനു മറ്റുമായി ഏറെ ബുദ്ധിമുട്ടി. കാട്ടില്‍ നിന്നും പേരയ്ക്ക കഴിച്ചു വിശപ്പടക്കിയ നിരവധി ദിവസങ്ങളും മറക്കാന്‍ കഴിയില്ല. ടവര്‍ഹില്ലിനെ ഈ നിലയില്‍ എത്തിക്കാന്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

കുടുംബം ?

ബി ടെക് കഴിഞ്ഞ മൂത്തമകന്‍ ആല്‍വിന്‍ എനിക്കൊപ്പം നിന്ന് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നുണ്ട്. ഇളയമകന്‍ അലക്‌സ് പ്ലസ്ടുവിന് പഠിക്കുന്നു. ഭാര്യ ആലീസ് എയ്ഡഡ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആണ്. ഞങ്ങള്‍ കോഴിക്കോടാണ് താമസം.

Comments

comments

Categories: FK Special, Slider