പകുതി പാസഞ്ചര്‍ വാഹന മോഡലുകളില്‍ എഎംടി നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

പകുതി പാസഞ്ചര്‍ വാഹന മോഡലുകളില്‍ എഎംടി നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ടിഗോറിന്റെ എഎംടി പതിപ്പ് പുറത്തിറക്കും

ന്യൂ ഡെല്‍ഹി : പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനെ കാര്യമായി ആശ്രയിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി. ഭാവിയില്‍ തങ്ങളുടെ പകുതി മോഡലുകളില്‍ എഎംടി സാങ്കേതികവിദ്യ നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ ടോപ് വേരിയന്റ് കൂടാതെ 4.79 ലക്ഷം രൂപ വിലയുള്ള മിഡ് വേരിയന്റിലും കമ്പനി ഈയിടെ എഎംടി സാങ്കേതികവിദ്യ നല്‍കിയിരുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ വളര്‍ച്ചയില്‍ എഎംടി വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ കോംപാക്റ്റ് സെഡാനായ ടിഗോറിന്റെ എഎംടി പതിപ്പ് പുറത്തിറക്കുന്നത് പരിഗണിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണില്‍ എഎംടി നല്‍കും.

ഈ വര്‍ഷമാദ്യം ടാറ്റ ടിയാഗോയുടെ ടോപ് വേരിയന്റിന്റെ എഎംടി പതിപ്പ് അവതരിപ്പിച്ചപ്പോള്‍ മോഡലിന്റെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം പ്രകടമായതായി ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി വിവേക് ശ്രീവാസ്തവ പറഞ്ഞു. നിലവില്‍ ആകെ ബുക്ക് ചെയ്ത ടിയാഗോയുടെ 15 ശതമാനത്തിലധികം എഎംടി വേരിയന്റാണ്.

ടിയാഗോയുടെ മിഡ് വേരിയന്റില്‍ എഎംടി നല്‍കുകവഴി ഈ സാങ്കേതികവിദ്യ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഒന്നാക്കിമാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡ് വേരിയന്റില്‍ എഎംടി അവതരിപ്പിക്കുമ്പോള്‍, ടിയാഗോയുടെ ആകെ വില്‍പ്പനയില്‍ പത്ത് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്രതിമാസം 5,000 യൂണിറ്റ് ടിയാഗോ ആണ് വിറ്റുപോകുന്നത്. വിവിധ വേരിയന്റുകള്‍ക്ക് 15-40 ദിവസമാണ് ശരാശരി വെയ്റ്റിംഗ് പീരീഡ്.

അടുത്ത മാസം അവതരിപ്പിക്കുന്ന കോപാംക്റ്റ് എസ്‌യുവിയായ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് എഎംടി നല്‍കുമെന്ന് വിവേക് ശ്രീവാസ്തവ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാകും നെക്‌സോണില്‍ എഎംടി നല്‍കുന്നത്. ഭാവിയില്‍ പകുതി മോഡലുകള്‍ക്ക് എഎംടി സാങ്കേതികവിദ്യ നല്‍കുകയാണ് ലക്ഷ്യം. ടാറ്റ മോട്ടോഴ്‌സിന്റെ വളര്‍ച്ചയില്‍ എഎംടി വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Auto