കഥയില്ലാത്തവന്റെ കഥ

കഥയില്ലാത്തവന്റെ കഥ

ആത്മകഥയില്‍ സത്യം മാത്രമേ എഴുതാവൂ. അങ്ങനെ ഒരു നിര്‍ബന്ധം പണ്ടുള്ളവര്‍ക്കുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതു നഷ്ടപ്പെട്ടു. ഇപ്പോള്‍ എന്തും എഴുതാം എന്നായിരിക്കുന്നു. കളവെഴുതി അത് ആത്മകഥയാക്കി സ്വയം ദൈവദൂതനായി പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവതരിക്കുക എന്ന മോശം പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്

ഈ ലേഖനത്തിന്റെ തലക്കെട്ട് എന്റെയല്ല. കടം മേടിച്ചതാണ്, പ്രസിദ്ധ കവി എം എന്‍ പാലൂരിന്റെ കൈയില്‍ നിന്ന്. അദ്ദേഹത്തിന്റെ ആത്മകഥയുടെ തലക്കെട്ട്. ആദ്യം ഞാന്‍ വായിച്ച ആത്മകഥ മഹാത്മ ഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ ആയിരുന്നു, പന്ത്രണ്ടാമത്തേയോ പതിമൂന്നാമത്തേയോ വയസില്‍. അതിനുമുന്‍പും വായനയുണ്ടായിരുന്നു. ഡിറ്റക്റ്റീവ് നോവലുകള്‍. അത് നിറുത്തിച്ചത് അച്ഛനാണ്. എന്നിട്ട് ഗാന്ധിയുടെ ആത്മകഥ എടുത്തുതന്നു. അത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും ഗാന്ധിയെപ്പോലെ ആയിക്കൂടേ എന്ന തോന്നലായി. മഹാന്മാരുടെ ജീവചരിത്രങ്ങള്‍ തേടിപ്പിടിച്ചു വായനയായി, പിന്നീട്. ഓരോന്ന് വായിക്കുമ്പോഴും അവരെപ്പോലെയാവണം എന്നുതോന്നും. കുറച്ചുകഴിഞ്ഞപ്പോള്‍ മഹാത്മ ഗാന്ധി ജീവിച്ചത് സ്വന്തം ഖ്യാതി കൂട്ടാനായിരുന്നില്ലേ മറ്റുള്ളവരെ അതിനായി ഉപയോഗിക്കുകയല്ലേ ചെയ്തത് എന്ന തോന്നലായി. ആരോടും പറഞ്ഞില്ല. മഹാത്മ ഗാന്ധി എവിടെ, ഞാനെവിടെ ? ഓരോ ആളുകളുടെയും ആത്മകഥ വായിക്കുമ്പോള്‍ ഈ തോന്നലുണ്ടാവും. സംശയം ചോദിക്കില്ല, ആരോടും. ചോദിക്കാവുന്നത് അച്ഛനോടാണ്. അത് വേണ്ടെന്നുവെക്കും. സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുള്ള ഒട്ടുമിക്ക ആളുകളുടേയും ആത്മകഥകള്‍ അങ്ങനെ വായിച്ചുതീര്‍ത്തു. ഇ എം എസിന്റെ ആത്മകഥ പകുതിയാവുന്നതിനു മുന്‍പ് നിറുത്തി. അപ്പോള്‍ വിഷമം തോന്നി. എ കെ ജിയുടെ ആത്മകഥ ഒരു വെറും പച്ച മനുഷ്യന്റെ, മോചനത്തിനായുള്ള സര്‍ഗ്ഗസപര്യയായി തോന്നി. കൂട്ടത്തില്‍ നഗരമോഹിനിമാരുടെ ജീവിതവും വായനാകൗതുകത്തിലേക്കെത്തി. ഈ വായനാനുഭവം എന്നെക്കൊണ്ടെത്തിച്ചത് സഞ്ജയനിലേക്കും പൊറ്റക്കാട്ടിലേക്കും മറ്റുമാണ്. അപ്പോള്‍ത്തന്നെ അച്ഛന്റെ പ്രേരണയാല്‍ കാളിദാസനും ഭാസനും വായനാനുഭവത്തെ മറ്റൊരു തലത്തിലെത്തിച്ചു. ആ കഥകള്‍ പിന്നീടൊരിക്കലേക്ക് മാറ്റിവെക്കാം. പറഞ്ഞു തുടങ്ങിയതു അങ്ങോട്ടെത്താനല്ല.

വെറും സാധാരണ മനുഷ്യന്റെ വെറും സാധാരണ ആത്മകഥയാണ് എം എന്‍ പാലൂരിന്റെ. അറിഞ്ഞോ അറിയാതേയോ ഒരു തെറ്റും വന്നിട്ടില്ല എന്നു പറയാം. ഒറ്റയിരുപ്പില്‍ വായിച്ചു. വി ടിയുടെ ആത്മകഥയിലെ സത്യസന്ധതയാണ് ഈ കൃതിയിലും കാണാന്‍ കഴിഞ്ഞത്

ആത്മകഥയില്‍ സത്യം മാത്രമേ എഴുതാവൂ. അങ്ങനെ ഒരു നിര്‍ബന്ധം പണ്ടുള്ളവര്‍ക്കുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതു നഷ്ടപ്പെട്ടു. ഇപ്പോള്‍ എന്തും എഴുതാം എന്നായിരിക്കുന്നു. കളവെഴുതി അത് ആത്മകഥയാക്കി സ്വയം ദൈവദൂതനായി പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവതരിക്കുക എന്ന മോശം പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കോളെജില്‍ കുട്ടികളെ പഠിപ്പിക്കുന്ന ചില പ്രൊഫസര്‍മാര്‍ വരെ അതില്‍ പെടും. മരണമൊഴി സത്യമായി മാത്രമാണ് നീതിന്യായ വ്യവസ്ഥിതി കണക്കാക്കുന്നത്. അതുപോലെ കണക്കാക്കേണ്ടതാണ് ആത്മകഥയും. ആത്മകഥക്കാരന്റെ മരണശേഷം വരും തലമുറക്ക് സത്യസന്ധമായി വിലയിരുത്താനുള്ള രേഖയാണത്. ആത്മകഥയില്‍ അസത്യം എത്ര വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നുവെന്നു കാണിക്കാന്‍ ഇപ്പോള്‍ എന്റെ കയ്യില്‍ കാല്‍ ഡസന്‍ പുസ്തകങ്ങളെങ്കിലും ഉണ്ടാവും. തന്റെ സത്യസന്ധത ഈ പ്രപഞ്ചത്തെക്കാള്‍ മഹത്താണെന്നു കാണിക്കാനായിരുന്നു മഹാത്മ ഗാന്ധിക്ക് താല്‍പ്പര്യം.

മണ്ണടിഞ്ഞ ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്കാണ് നമ്മുടെ ആത്മകഥ എപ്പോഴും സഞ്ചരിക്കേണ്ടതെന്നൊരു ബോധ്യം നമുക്കെന്നും ഉണ്ടാവണം. അപ്പോള്‍ സ്വപ്‌നങ്ങളെ ഉന്മൂലനം ചെയ്യേണ്ടിവരും. ഒരുതരം നിസംഗതയോടെ ജീവിതത്തെ സമീപിക്കാനും കഴിയണം. യുവാവ് പൂവട്ടി താഴത്തുവെക്കുമ്പോള്‍ അതെടുക്കാന്‍ എവിടുന്നോ ഒരു ബാലന്‍ എത്തണം. അതാണ് ലോകനിയമം. പ്രവാഹശൈലിയില്‍ ഒരു മാറ്റം. അതുമാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. അസ്ഥികങ്കാളങ്ങള്‍ക്കിടയില്‍ വിജയത്തിന്റെ കൊടിമരം ഉണ്ടാക്കിയെടുക്കുക അത്ര വലിയ കാര്യമല്ല. ലോകത്തിന്റെ രൂപഘടന നിശ്ശേഷം തകര്‍ക്കലാണ് ലക്ഷ്യം. വേനലില്‍ മരങ്ങള്‍, അതിന്റെ ചില്ലകള്‍, ഇലകള്‍ ഒക്കെ കരിയുന്നു. പക്ഷേ, ആ മരത്തില്‍ നിന്നാണ് സമൃദ്ധമായ പുഷ്പപ്രസവം നടക്കുന്നത്.

ഇ എം എസ് ഒരിക്കലും എഴുതില്ല എന്നുറപ്പുള്ളതൊക്കെ ആദ്യപതിപ്പില്‍ അപ്പുക്കുട്ടന്‍ എഴുതി. പാര്‍ട്ടിയില്‍ നിന്നു പോയതിനുശേഷം പാര്‍ട്ടിയെ എങ്ങനെയൊക്കെ മോശമാക്കി ചിത്രീകരിക്കാമോ അതൊക്കെ അടുത്തകാലത്ത് ഇറക്കിയ ഇ എം എസിന്റെ ജീവചരിത്രത്തില്‍ തിരുകിക്കയറ്റുകയും ചെയ്തു. പ്രസിദ്ധരായവരോട് അത്ര പ്രസിദ്ധരല്ലാത്തവര്‍ ചെയ്യുന്ന ദ്രോഹമാണിത്. സ്വയം വിമര്‍ശനത്തോടെ സ്വന്തം ജീവിതം നോക്കിക്കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സത്യസന്ധമായി ആ ജീവിതം കടലാസിന്റെ അജാഗരിത മേഖലയിലേക്ക് പകര്‍ത്താനാവൂ. സുഷുപ്തി സ്വപ്‌നത്തിന് വഴിമാറരുത്

ആത്മകഥയിലെ ആത്മാംശം ചോര്‍ന്നുപോകുന്ന അവസ്ഥ പലപ്പോഴുമുണ്ടാവും. പണ്ടു മാത്രമല്ല ഇപ്പോഴും. അത് ജീവചരിത്രകാരന്മാര്‍ക്കു പൂരിപ്പിക്കാനാവില്ല. അതിന്റെ ഉത്തമോദാഹരണമാണ് ഇ എം എസിന്റെ ആത്മകഥയും ഇ എം എസിനെക്കുറിച്ച് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതിയ ജീവചരിത്രവും. ഇ എം എസ് ഒരിക്കലും എഴുതില്ല എന്നുറപ്പുള്ളതൊക്കെ ആദ്യപതിപ്പില്‍ അപ്പുക്കുട്ടന്‍ എഴുതി. പാര്‍ട്ടിയില്‍ നിന്നു പോയതിനുശേഷം പാര്‍ട്ടിയെ എങ്ങനെയൊക്കെ മോശമാക്കി ചിത്രീകരിക്കാമോ അതൊക്കെ അടുത്തകാലത്ത് ഇറക്കിയ ഇ എം എസിന്റെ ജീവചരിത്രത്തില്‍ തിരുകിക്കയറ്റുകയും ചെയ്തു. പ്രസിദ്ധരായവരോട് അത്ര പ്രസിദ്ധരല്ലാത്തവര്‍ ചെയ്യുന്ന ദ്രോഹമാണിത്. സ്വയം വിമര്‍ശനത്തോടെ സ്വന്തം ജീവിതം നോക്കിക്കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സത്യസന്ധമായി ആ ജീവിതം കടലാസിന്റെ അജാഗരിത മേഖലയിലേക്ക് പകര്‍ത്താനാവൂ. സുഷുപ്തി സ്വപ്‌നത്തിന് വഴിമാറരുത്.

വെറും സാധാരണ മനുഷ്യന്റെ വെറും സാധാരണ ആത്മകഥയാണ് എം എന്‍ പാലൂരിന്റെ. അറിഞ്ഞോ അറിയാതേയോ ഒരു തെറ്റും വന്നിട്ടില്ല എന്നു പറയാം. ഒറ്റയിരുപ്പില്‍ വായിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇതെങ്ങാനും ആര്‍ എസ് എസുകാര്‍ വായിച്ചാലുള്ള സ്ഥിതി ഓര്‍ത്ത് പേടിക്കുകയും ചെയ്തു. വി ടിയുടെ ആത്മകഥയിലെ സത്യസന്ധതയാണ് ഈ കൃതിയിലും കാണാന്‍ കഴിഞ്ഞത്. ഭാഷയുടെ ചാരുതയും വാക്കിന്റെ ശക്തിയും അനന്യമാണ്. പുസ്തകം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആശാനെ ഓര്‍മ്മിച്ചു.’ ഭാവത്തിന്‍ പരകോടിയില്‍ പരമഭാവത്തിന്‍ സ്വഭാവം വരാം.’

Comments

comments

Categories: FK Special, Slider