സാമൂഹിക ഉന്നമനം സാധ്യമാക്കിയ തൊഴിലുറപ്പു പദ്ധതി

സാമൂഹിക ഉന്നമനം സാധ്യമാക്കിയ തൊഴിലുറപ്പു പദ്ധതി

എംഎന്‍ആര്‍ഇജിഎ എന്ന തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ഉറപ്പാക്കുന്നതില്‍ മാത്രമല്ല, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനും കാരണമാവുകയും അതിലൂടെ സാമൂഹിക ഉന്നമനം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിലെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പു വരുത്തുക വഴി 2004- 2005 മുതല്‍ എന്‍ആര്‍ഇജിഎ പദ്ധതിയിലൂടെ 25 ശതമാനം ദാരിദ്ര്യം ലഘൂകരിക്കാനായെന്നു നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് വ്യക്തമാക്കുന്നു.

ദേശീയ തൊഴിലുറപ്പ് പദ്ധതി എന്ന എംഎന്‍ആര്‍ഇജിഎ രാജ്യത്ത് നടപ്പിലായിട്ട് 11 വര്‍ഷം പിന്നിടുകയാണ്. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കു മുന്നില്‍ പദ്ധതി ഇന്ത്യയിലുണ്ടാക്കിയ അനുകൂലമായ നിരവധി മാറ്റങ്ങളെ കുറിച്ചാണു കോമണ്‍വെല്‍ത്ത് സ്റ്റഡീസിലെ പ്രൊഫസര്‍ ജെയിംസ് മാനറിനു പറയാനുള്ളത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 12 പ്രദേശങ്ങളില്‍ അദ്ദേഹം വിപുലമായി നടത്തിയ ഫീല്‍ഡ് റിസര്‍ച്ചിന്റെ ഫലം തൊഴിലുറപ്പു പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നവയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബ്രസീല്‍, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളേക്കാള്‍ വിപുലമാണിതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എംഎന്‍ആര്‍ഇജിഎ പ്രത്യേക പദ്ധതിയാണെന്നും നാം അതിന്റെ പ്രാധാന്യം മനസിലാക്കുകയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അമിതമായ ചെലവുകളുടെ പേരിലാണ് എംഎന്‍ആര്‍ഇജിഎ പ്രധാനമായും വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പാവപ്പെട്ടവരെ സഹായിക്കുവാനുള്ള ഏറ്റവും വലിയ പദ്ധതിയാണെന്നത്് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നത് വസ്തുതയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തൊഴില്‍ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു തൊഴിലുറപ്പു വരുത്തുന്ന പദ്ധതിയിലൂടെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാവും എന്ന ബോധ്യമായിരുന്നു ഈ പദ്ധതി നടപ്പിലാക്കാന്‍ കാരണം. ഇന്ത്യയുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ 100 ദിനങ്ങള്‍ തൊഴിലുറപ്പാക്കുന്നതിലൂടെ ദാരിദ്ര്യത്തിന് ഒരു പരിധി വരെ മാറ്റമുണ്ടാവും എന്നതായിരുന്നു പദ്ധതിയുടെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

ദാരിദ്ര്യ നിര്‍മാര്‍ജനം

ഗ്രാമീണ മേഖലയിലെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പു വരുത്തുക വഴി 2004- 2005 മുതല്‍ എന്‍ആര്‍ഇജിഎ പദ്ധതിയിലൂടെ 25 ശതമാനം ദാരിദ്ര്യം ലഘൂകരിക്കാനായെന്നു നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് വ്യക്തമാക്കുന്നുണ്ട്. 2008 മുതല്‍ രാജ്യം മുഴുവന്‍ ഈ ആക്റ്റ് പ്രാബല്യത്തിലുണ്ട്. എംഎന്‍ആര്‍ഇജിഎയെ കുറിച്ച് അതിന്റെ പത്ത് വര്‍ഷത്തോടനുബന്ധിച്ചു കൃഷി മന്ത്രാലയം തയാറാക്കിയ ‘എംഎന്‍ആര്‍ഇജിഎ- ദ ജേര്‍ണി ഓഫ് എ ഡെക്കേഡ്’ എന്ന റിപ്പോര്‍ട്ടില്‍ 2016 വരെ പദ്ധതിക്കായി 3,13,844.55 കോടി രൂപയാണ് ചെലവിട്ടതെന്നു വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 71 ശതമാനത്തിനടുത്ത് ചെലവഴിച്ചത് വേതന വിഹിതമായായിരുന്നു. ഇതു വെറുതെ പാഴായിപ്പോയ തുകയല്ലെന്നു പ്രൊഫസര്‍ മാനര്‍ പറയുന്നു. വളരെ ദരിദ്രരായ ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്താനും അവരിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ആരോഗ്യരംഗത്ത് മുന്നേറ്റമുണ്ടാക്കാനും എന്‍ആര്‍ഇജിഎ സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കു മുന്നില്‍ പദ്ധതി ഇന്ത്യയിലുണ്ടാക്കിയ അനുകൂലമായ നിരവധി മാറ്റങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുകയാണ് കോമണ്‍വെല്‍ത്ത് സ്റ്റഡീസിലെ പ്രൊഫസര്‍ ജെയിംസ് മാനര്‍. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 12 പ്രദേശങ്ങളില്‍ അദ്ദേഹം വിപുലമായി നടത്തിയ ഫീല്‍ഡ് റിസര്‍ച്ചിന്റെ ഫലം തൊഴിലുറപ്പു പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നവയാണ്.

തൊഴില്‍ ലഭ്യമാക്കി അതിനു കൂലി നല്‍കുന്നതിനു മാത്രമല്ല ജനങ്ങളെ രാഷ്ട്രീയമായി ശക്തരാക്കാനും അവര്‍ക്കിടയിലെ ദാരിദ്ര്യം കുറയ്ക്കാനും എംഎന്‍ആര്‍ഇജിഎ സഹായിക്കുന്നുണ്ട്. പഞ്ചായത്തുകളിലും സംസ്ഥാന ബജറ്റുകളിലും ഇതുമായി ബന്ധപ്പെട്ടു കൃത്യമായി തുക വകയിരുത്തുക വഴി ആദിവാസികള്‍, ദളിതര്‍ തുടങ്ങി ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഗ്രാമീണ രാഷ്ട്രീയത്തില്‍ സജീവമാകുന്നു. പദ്ധതിയില്‍ പ്രധാന ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് പഞ്ചായത്തുകളാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് പ്രാദേശിക രാഷ്ട്രീയം എന്നിവയില്‍ ഗ്രാമീണ ജനത കൂടുതല്‍ സജീവമാകുന്നുവെന്നു മാനറര്‍ പറയുന്നു. എംഎന്‍ആര്‍ജിഎ അവരുടെ രാഷ്ട്രീയമായ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ രാഷ്ട്രീയ അവബോധം, പ്രാദേശിക രാഷ്ട്രീയത്തില്‍ ഭാഗവാക്കാകുന്നതിനുള്ള കഴിവുകള്‍, രാഷ്ട്രീയക്കാരന്‍ എന്ന നിലിലുള്ള ആത്മവിശ്വാസം, മറ്റുള്ളവരുമായുള്ള അവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയെല്ലാം സ്വാധീനിക്കാന്‍ പദ്ധതിക്കു കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1994 മുതല്‍ ഗ്രാമങ്ങളിലെ ജാതി ശ്രേണി വലിയ തോതില്‍ നിരാകരിക്കപ്പെടുന്നുണ്ട്. ദലിതുകള്‍, പട്ടികജാതികള്‍, ഗോത്രവര്‍ഗങ്ങള്‍ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ പഴയ സാമൂഹ്യക്രമങ്ങളെ വെല്ലുവിളിക്കുകയും തകര്‍ക്കുകയും ചെയ്യാന്‍ തുടങ്ങിയെന്നും മാനര്‍ പറയുന്നു. വിവിധ മേഖലകളില്‍ വ്യത്യസ്തമാണെങ്കിലും ഈ പ്രവണത ശക്തവും സ്ഥിരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയാണ് ഇന്ത്യയില്‍ നടപ്പിലാക്കിയ എംഎന്‍ആര്‍ഇജിഎ എന്ന് പ്രൊഫസര്‍ ജെയിംസ് മാനര്‍ വ്യക്തമാക്കുന്നു. ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളേക്കാള്‍ വിപുലമാണിതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സ്ത്രീ ശാക്തീകരണം

എന്‍ആര്‍ഇജിഎയില്‍ ഏറ്റവും കൂടുതല്‍ ഭാഗവാക്കാകുന്നത് വനിതകളാണ്. ഓരോ വര്‍ഷവും പദ്ധതിയിലെ വനിതകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജാതി, മതം തുടങ്ങിയ വേര്‍തിരിവുകളൊന്നും ഇല്ലാതെ എല്ലാവരെയും ഒരു പോലെയാണ് ഈ നിയമം പരിഗണിക്കുന്നത്. ജോലി ചെയ്തു ലഭിക്കുന്ന കൂലി നേരിട്ടു തന്നെ അവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. വനിതകളില്‍ സ്വതന്ത്രമായി സമ്പാദ്യം വളര്‍ത്താന്‍ ഇതു വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേരിലല്ല സ്ത്രീകളുടെ സ്വന്തം പേരില്‍ തന്നെയാണു വേതനം ലഭിക്കുന്ന ഈ എക്കൗണ്ടുകള്‍ ഉള്ളത് എന്നതും അവരെ വലിയ തോതില്‍ ശക്തരാക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലി എന്നതുപോലെ തന്നെ ഏറെ ബഹുമാനിക്കപ്പെടുന്ന തൊഴിലായാണ് എന്‍ആര്‍ഇജിഎയുടെ കീഴിലുള്ള തൊഴിലുകളെ പരിഗണിക്കപ്പെടുന്നത്. താഴ്ന്ന ജാതിയാണെന്നതിന്റെ പേരില്‍ ഭൂപ്രഭുക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്, പദ്ധതിയിലൂടെ വലിയ തോതില്‍ ഇല്ലാതായെന്നും മാനര്‍ പറയുന്നു. കേരളത്തിലും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള പഠനങ്ങളിലെല്ലാം തന്നെ 90 -95% സ്ത്രീ പങ്കാളിത്തമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: FK Special, Slider