കൂടിയാട്ടത്തിന്റെ  പുനരുജ്ജീവനം

കൂടിയാട്ടത്തിന്റെ  പുനരുജ്ജീവനം

ധനസമാഹരണവുമായി സഹപീഡിയയും നേപഥ്യയും

കൊച്ചി: ലോകത്തിലെ ഏറ്റവും പ്രാചീന രംഗകലകളിലൊന്നായ കൂടിയാട്ടത്തിനെ സംരക്ഷിക്കാനും പ്രചാരം നേടിയെടുക്കാനുമായുള്ള ധനസമാഹരണയജ്ഞത്തിന് തുടക്കമായി. പ്രശസ്ത ഓണ്‍ലൈന്‍ കലാസാംസ്‌കാരിക വിജ്ഞാന കോശമായ സഹപീഡിയ തൃശൂര്‍ നേപഥ്യ കൂടിയാട്ടം സെന്ററുമായി ചേര്‍ന്ന് 20 ലക്ഷം രൂപയുടെ ധനസമാഹരണമാണ് (ക്രൗഡ് ഫണ്ടിംഗ്) നടത്തുന്നത്. ഓണ്‍ലൈന്‍ സംവിധാനമായ ബിറ്റ്ഗിവിങ്ങിലൂടെയാണ് (https://www.bitgiving.com/nepathya), ഈ സംയുക്ത ശ്രമം. ഇതില്‍ അഭിരുചിയുള്ളവരെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂടിയാട്ടം, സംസ്‌കൃത നാടക രചനകളെ ആധാരമാക്കി കേരളത്തിന്റെ തനത് പൈതൃകത്തിലൂന്നിയ അതിപ്രാചീനമായ അവതരണ കലയാണ്. തനതു മുദ്രകളും രംഗഭാഷയുമുള്ള സങ്കീര്‍ണവും ശൈലീകൃതവുമായ കൂടിയാട്ടത്തില്‍ മികവു കാട്ടാനാവുന്നത് ദീര്‍ഘ വര്‍ഷങ്ങളുടെ ആത്മസമര്‍പ്പണത്തിനു തയാറാകുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ക്കു മാത്രമാണ്.

ഒരിക്കല്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍മാത്രം കെട്ടിയാടിയിരുന്ന കൂടിയാട്ടം മഹാഗുരുക്കന്മാരായ മാണി മാധവ ചാക്യാര്‍, പൈങ്കുളം രാമചാക്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ പരിശ്രമ ഫലമായി 1950കളിലാണ് രാജ്യാന്തര വേദികളിലേക്കെത്തിയത്. ഇന്നും ആകെ കൂടിയാട്ടം കലാകാരന്‍മാരുടെ എണ്ണം അന്‍പതില്‍ താഴെയേ വരൂ. കലാമണ്ഡലം, മാര്‍ഗി, അമ്മന്നൂര്‍ ഗുരുകുലം തുടങ്ങി ചുരുക്കം ചില ഇടങ്ങളിലേ കൂടിയാട്ട പരിശീലനവും ലഭ്യമാകുന്നുള്ളു.

അഭ്യസിക്കാന്‍ അനായാസമല്ലാത്ത, അണുവിട വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യ രീതികള്‍ പിന്തുടരുന്ന, കൂടിയാട്ടത്തിന്റെ നിലനില്‍പ്പിനായി പുതിയ കലാകാരന്‍മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി തൃശൂര്‍ ജില്ലയിലെ മൂഴിക്കുളം കേന്ദ്രമാക്കി 15 വര്‍ഷം മുന്‍പ് സ്ഥാപിതമായതാണ് നേപഥ്യ.

പൊതുജനങ്ങള്‍ക്ക് ഈ കലാരൂപത്തെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്തതാണ് സാമ്പത്തിക പരാധീനതകള്‍ക്കും പഠിക്കാന്‍ ചെറുപ്പക്കാരെ കിട്ടാത്തതിനും കാരണമെന്ന് നേപഥ്യ സ്ഥാപകനും കൂടിയാട്ടം കലാകാരനുമായ മാര്‍ഗി മധു പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി ധനസമാഹരണത്തിനുള്ള ശ്രമത്തിലാണ് നേപഥ്യ. സാമ്പത്തിക സഹായം കിട്ടാത്തതിനാല്‍ വര്‍ഷങ്ങളുടെ ശ്രമം കൊണ്ടു പരിശീലിപ്പിച്ചെടുത്ത കലാകാരന്മാര്‍ പോലും അരങ്ങുവിടുമെന്ന സ്ഥിതിയാണ്. പത്തുവര്‍ഷത്തോളം നീളുന്ന പ്രയത്‌നം കൊണ്ടുമാത്രമേ കൂടിയാട്ടം അഭ്യസനം സാധ്യമാകൂ. അങ്ങനെ പരിശീലനം നേടിയവര്‍ അരങ്ങുവിടുമ്പോള്‍ വീണ്ടും പൂജ്യത്തില്‍നിന്നു തുടങ്ങേണ്ടി വരും. മൂന്നു മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നേപഥ്യയില്‍ ഇപ്പോഴുള്ളത്. ഈ കലയോട് യഥാര്‍ത്ഥ താല്‍പ്പര്യമുള്ള സംരക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള കൊച്ചുകലാകാന്മാരെയും നിലനിര്‍ത്താന്‍ കഴിയില്ല.

ഇരുപതുകളിലുള്ള മൂന്നു മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ഏഴാം വയസ്സു മുതല്‍ നേപഥ്യയില്‍ പരിശീലിക്കുന്നവരാണ്. പ്രാഥമിക പാഠങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ഇവര്‍ കൂടുതല്‍ ഗഹനമായ പരിശീലനങ്ങളിലേക്കു കടക്കുകയാണ്. ബിറ്റ്ഗിവിങ്ങിലൂടെ ലഭിക്കുന്ന ഫണ്ട് ഈ മൂന്നു കലാകാരന്‍മാര്‍ക്കും ഒന്‍പതാം നൂറ്റാണ്ടില്‍ ശക്തിഭദ്രന്‍ രചിച്ച ആശ്ചര്യചൂഡാമണിയിലെ ആറാം അങ്കമായ അങ്കുലീയാങ്കത്തിന്റെ പരിശീലനത്തിന് സഹായകമാകുമെന്നും മാര്‍ഗി മധു പ്രത്യാശിക്കുന്നു.

നടനരീതികളും നാട്യമുഹൂര്‍ത്തങ്ങളും നാടകഗ്രന്ഥവുമുള്‍പ്പെടെ പഠിച്ച് മൂന്നുവര്‍ഷത്തെ തീവ്രപ്രയത്‌നം കൊണ്ടു മാത്രം അവതരിപ്പിക്കാന്‍ കഴിയുന്നതാണിത്. ഒരു പൂര്‍ണ അവതരണത്തിന് ഒരു മാസം വേണം. ഇത് മുഴുവനായി അവതരിപ്പിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ കലാകാരന്മാര്‍ മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളൂ. ഇതിനു കൊട്ടാനറിയാവുന്നവര്‍ ഒന്നോ രണ്ടോ പേര്‍മാത്രവും. ഫണ്ട് ആവശ്യത്തിനു ലഭ്യമായാല്‍ മാത്രം സഫലമാകുന്ന ലക്ഷ്യമാണിത്.

ആയിരം വര്‍ഷങ്ങളായി നിലനിന്നു പോരുന്ന കലാരൂപം നമ്മുടെ കണ്‍മുന്നില്‍ നാശോന്മുഖമായി നില്‍ക്കുന്നുവെന്നത് അപമാനകരമാണെന്ന് സഹപീഡിയ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ സുധ ഗോപാലകൃഷ്ണന്‍ പറയുന്നു. ഈ കലാരൂപത്തെ നിലനിര്‍ത്താനായി നേപഥ്യ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ എല്ലാത്തരത്തിലും പിന്തുണയ്ക്കുന്നു. സംസ്‌കൃത നാടകസാഹിത്യവുമായും കേരളത്തിന്റെ പൈതൃകവുമായും അഭേദ്യബന്ധമുള്ള കൂടിയാട്ടത്തെ പരിരക്ഷിക്കാന്‍ ഏതുവിധേനയും ശ്രമിക്കണം. നേപഥ്യയെ പിന്തുണയ്ക്കുന്നവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയെന്നും സുധ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ജൂലൈ അവസാനവാരം തുടക്കമിട്ട രണ്ടു മാസം നീളുന്ന ധനസമാഹരണ യജ്ഞത്തിനു പിന്നില പ്രധാന ആശയകേന്ദ്രമായ സഹപീഡിയ പ്രോജക്റ്റ്‌സ് ഡയറക്റ്റര്‍ നേഹ പാലിവാല്‍, പത്ത് അഭ്യുദയാകാംക്ഷികളില്‍നിന്നായി 1,02,000 രൂപ ശേഖരിച്ചതായി അറിയിച്ചു. സാംസ്‌കാരിക പരിരക്ഷാ ശ്രമങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇത്തരം പദ്ധതികള്‍. വളരെ പരമിതമായ ആസ്വാദകവൃന്ദം മാത്രമുള്ള കൂടിയാട്ടത്തിന്റെ സൗന്ദര്യവും മൂല്യവും കൂടുതല്‍ പേരിലേക്കെത്തിക്കാനും ഇത്തരം ശ്രമങ്ങള്‍ സഹായകമാകും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍, സമൂഹമാധ്യമങ്ങള്‍, മറ്റു സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയിലൂടെ കൂടിയാട്ടം കൂടുതല്‍ ആസ്വാദകരിലേക്കെത്തിക്കുമെന്നും നേഹ അറിയിച്ചു.

Comments

comments

Categories: More