സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന കംപ്യൂട്ടര്‍ ചിപ്പുമായി എന്‍വൈയുഎഡി

സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന കംപ്യൂട്ടര്‍ ചിപ്പുമായി എന്‍വൈയുഎഡി

ലോജിക് ലോക്ക്ഡ് സുരക്ഷ ചിപ്പ് ഹര്‍ഡ്‌വെയറിലായിരിക്കും കൊണ്ടുവരുന്നത്

അബുദാബി: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിലെ (എന്‍വൈയുഎഡി) ഡിസൈന്‍ ഫോര്‍ എക്‌സലന്‍സ് (ഡിഎഫ്എക്‌സ്) ഗവേഷകര്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള പുതിയ ‘ലോജിക് ലോക്ക്ഡ്’ സുരക്ഷ ചിപ്പ് വികസിപ്പിച്ചു. രഹസ്യ നമ്പര്‍ ഉപയോഗിച്ച് ചിപ്പിനെ ലോക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഉപകരണങ്ങളിലേക്ക് മറ്റുള്ളവര്‍ കടന്നുകയറുന്നത് തടയാന്‍ സാധിക്കും.

ഉപകരണത്തിലെ വിവരങ്ങളെടുത്ത് നിര്‍മാതാവിന്റെ അനുമതിയില്ലാതെ അതേ തീതിയിലുള്ള മറ്റൊരു ഉപകരണം നിര്‍മിക്കുന്നതിനെ പ്രതിരോധിക്കാനും ചിപ്പിലൂടെ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ സാധാരണ ഉപയോഗിക്കുന്നത് ഉപകരണത്തിന്റെ സോഫ്റ്റ് വെയറിലാണ്.

എന്നാല്‍ ഇവിടെ ഹാര്‍ഡ്‌വെയറിലായിരിക്കും ഇത് കൊണ്ടുവരുന്നതെന്ന് എന്‍വൈയുഎഡിയുടെ എന്‍ജിനീറിംഗ് ഫോര്‍ അക്കാഡമിക് അഫയേഴ്‌സിന്റെ അസോസിയേറ്റ് ഡീന്‍ ഒസ്ഗുര്‍ സിനനോഗ്ലു പറഞ്ഞു. ഹാര്‍ഡ്‌വെയര്‍ ശക്തമാക്കാതെ സോഫ്റ്റ്‌വെയറിന്റെ സുരക്ഷ സാധ്യമല്ലെന്നും അദ്ദേഹം.

എന്‍വൈയുഎഡിയുടെ ഡിഎഫ്എക്‌സ് റിയര്‍ച്ച് ടീം രണ്ട് വ്യത്യസ്തമായ ചിപ്പുകളാണ് കഴിഞ്ഞ വര്‍ഷം രൂപകല്‍പ്പന ചെയ്തത്. അവയില്‍ ഒന്നായ മൈക്രോകണ്‍ട്രോളര്‍ ചിപ്‌സില്‍ പ്രധാനമായുമുള്ളത് എആര്‍എം മൈക്രോപ്രോസസ്സര്‍ യൂണിറ്റാണ്. അതിന്റെ മെമ്മറിയിലേക്ക് ഒരു തവണ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ലോഡ് ചെയ്യാന്‍ അത് അനുവദിക്കും. പിന്നീടാണ് കംപ്യൂട്ടറിനെ ഇതുമായി ബന്ധിപ്പിക്കുന്നത്.

ലോക്ക് ചെയ്ത് വെക്കുന്ന ചിപ്പിനെ തുറക്കണമെങ്കില്‍ ചിപ്പിന്റെ മെമ്മറിയിലുള്ള സീക്രട്ട് ബൈനറി കീ ഉപയോഗിക്കണം. ഇതില്ലാതെ ചിപ്പിനെ പ്രവര്‍ത്തിപ്പിക്കാനാവില്ല. രഹസ്യ നമ്പര്‍ ലോഡ് ചെയ്യുകയാണെങ്കില്‍ മാത്രമായിരിക്കും ഇതിനുള്ളിലെ മൈക്രോപ്രോസസര്‍ യൂണിറ്റിന്റെ മെമ്മറിയിലുള്ള പ്രോഗ്രാം ലഭ്യമാകൂവെന്നും സിനാനോഗ്ലു പറഞ്ഞു. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളേയും പൂര്‍ണമായും വിശ്വാസ്യയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിപ്പ് രൂപകല്‍പ്പന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ പ്രമുഖ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായ എസിഎം കോണ്‍ഫറന്‍സ് ഓണ്‍ കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെക്യൂരിറ്റിയില്‍ വെച്ചായിരിക്കും എന്‍വൈയുഎഡിയുടെ ഡിഎഫ്എക്‌സ് ടീമിന്റെ ലോജിക് ലോക്കിംഗ് ടെക്‌നോളജി അവതരിപ്പിക്കുക.

Comments

comments

Categories: Arabia