മെഴ്‌സിസസ്-എഎംജി ജിടി റോഡ്‌സ്റ്റര്‍, എഎംജി ജിടി ആര്‍ എന്നിവ അവതരിപ്പിച്ചു

മെഴ്‌സിസസ്-എഎംജി ജിടി റോഡ്‌സ്റ്റര്‍, എഎംജി ജിടി ആര്‍ എന്നിവ അവതരിപ്പിച്ചു

യഥാക്രമമുള്ള എക്‌സ് ഷോറൂം വില 2.19 കോടി രൂപ, 2.23 കോടി രൂപ

ന്യൂ ഡെല്‍ഹി : ജിടി റോഡ്‌സ്റ്റര്‍, ജിടി-ആര്‍ എന്നീ രണ്ട് പവര്‍ഫുള്‍ കാറുകള്‍ മെഴ്‌സിഡസ്-എഎംജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.19 കോടി രൂപ, 2.23 കോടി രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്‌സ് ഷോറൂം വില. ഇതോടെ ഇന്ത്യയിലെ എഎംജി മോഡലുകളുടെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ മെഴ്‌സിഡസ് ബെന്‍സിന് കഴിഞ്ഞു.

എഎംജി ജിടി3 റേസിംഗ് കാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എഎംജി ജിടി-ആര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ജിടി റോഡ്‌സ്റ്ററിന്റെ പിറവിക്ക് ജിടി-ആര്‍ നിമിത്തമായി.

എഎംജി ജിടി-ആര്‍

റേസ്ട്രാക്കിനെ മുന്നില്‍കണ്ടുകൊണ്ടാണ് എഎംജി ജിടി-ആര്‍ രൂപകല്‍പ്പന ചെയ്തത്. മുന്‍ഭാഗവും മുന്നിലേക്ക് ചാഞ്ഞുനില്‍ക്കുന്ന റേഡിയേറ്റര്‍ ഗ്രില്ലും സ്രാവിന്റെ മൂക്കിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പുതിയ ജെറ്റ് വിംഗ് ഡിസൈനാണ് ഫേസിയയില്‍ ദര്‍ശിക്കാനാകുന്നത്. പുതിയ അലുമിനിയം സൈഡ് വാളുകള്‍ എഎംജി ജിടി-ആറിന്റെ പിന്‍ഭാഗത്തിന്റെ വീതി വര്‍ധിപ്പിക്കുന്നതിന് കാരണമായിരിക്കുന്നു. 20 ഇഞ്ചാണ് വീലുകള്‍.

ഇതോടെ ഇന്ത്യയിലെ എഎംജി മോഡലുകളുടെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ മെഴ്‌സിഡസ് ബെന്‍സിന് കഴിഞ്ഞു

മോട്ടോര്‍സ്‌പോര്‍ടിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ് എഎംജി ജിടി-ആറിന്റെ ഇന്റീരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാപ്പ തുകല്‍ ഉപയോഗിച്ച് എഎംജി പെര്‍ഫോമന്‍സ് സീറ്റുകള്‍ പൊതിഞ്ഞിരിക്കുന്നു.

4 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിന്‍ 569 ബിഎച്ച്പി കരുത്തും 699 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നിവയാണ് ഡ്രൈവിംഗ് മോഡുകള്‍. 0-100 കിലോമീറ്റര്‍/ മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 318 കിലോമീറ്ററാണ് ജിടി-ആറിന്റെ ടോപ് സ്പീഡ്. ബീസ്റ്റ് ഓഫ് ദ ഗ്രീന്‍ ഹെല്‍ എന്നാണ് എഎംജി ജിടി-ആര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

എഎംജി ജിടി റോഡ്‌സ്റ്റര്‍

ജിടി ഫാമിലിയിലെ പുതിയ അവതാരമാണ് ഈ ഓപ്പണ്‍ ടോപ്പ് 2 സീറ്റര്‍. ആഗോളതലത്തില്‍ റോഡ്‌സ്റ്റര്‍ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇവയില്‍ എഎംജി ജിടി സി റോഡ്‌സ്റ്ററാണ് കൂടുതല്‍ ആവേശകരം. എന്നാല്‍ ഇന്ത്യയില്‍ ബേസ് വേരിയന്റായ ജിടി റോഡ്‌സ്റ്ററാണ് ലഭിക്കുക.

എഎംജി 4 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ജിടി റോഡ്‌സ്റ്ററിന്റെ ഹൃദയം. 469 ബിഎച്ച്പി പരമാവധി കരുത്തും 630 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സമ്മാനിക്കും. മണിക്കൂറില്‍ 302 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. 7 സ്പീഡ് ഡുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. മെച്ചപ്പെട്ട ആക്‌സലറേഷന്‍ ലഭിക്കുന്നതിന് റിയല്‍ ആക്‌സിലില്‍ ട്രാന്‍സ്ആക്‌സില്‍ സംവിധാനമുണ്ട്. എഎംജി ജിടി റോഡ്സ്റ്ററിന്റെ മോട്ടോര്‍ റേസിംഗ് പാരമ്പര്യം കാറിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.

Comments

comments

Categories: Auto