ഇന്ത്യന്‍ വനിതാ സംരംഭകര്‍ക്ക് പറയാനുള്ളത്

ഇന്ത്യന്‍ വനിതാ സംരംഭകര്‍ക്ക് പറയാനുള്ളത്

സ്റ്റാര്‍ട്ടപ്പുകളുടെ മക്കയായ സിലിക്കണ്‍ വാലിയിലേക്ക് യാത്ര തിരിച്ച ഒരു കൂട്ടം വനിതാ സംരംഭകര്‍ക്ക് പറയാനുള്ളത് വ്യത്യസ്തമായ കഥകളാണ്. ലിംഗ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഉപകാരപ്പെടുന്ന ചില അറിവുകളും ഓര്‍മ്മകളും പേറിയാണ് ഇന്ത്യയിലെ ആ പത്ത് വനിതകള്‍ തിരിച്ചെത്തിയത്. ഇന്ത്യയില്‍ നമുക്ക് അന്യമായ ചില സംരംഭക സംസ്‌കാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആഹഌദത്തിലാണിവര്‍. അവര്‍ പഠിച്ച പാഠങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ഈ മേഖലയിലെ പുരുഷന്‍മാര്‍ക്കുകൂടി പ്രയോജനമാകുന്നവയാണ്.

ഏതു മേഖലയിലായാലും സമൂഹത്തിന്റെ മുകള്‍ തട്ടിലേക്ക് മുന്നേറാന്‍ ഈ നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക് നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഇതിനോടൊപ്പം സംരഭക മേഖലയിലെ കടുത്ത വെല്ലുവിളികള്‍ കൂടിയായാല്‍ വിജയിക്കാന്‍ അല്പം പ്രയാസം തന്നെയാണ്. എന്നിരുന്നാലും വെല്ലുവിളികളെ അതിജീവിച്ച് ബിസിനസില്‍ മുന്നേറാനുള്ള ചില പാഠങ്ങള്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞതായാണ് സ്റ്റോര്‍ മോര്‍ സ്‌റ്റോറെജ് സൊലൂഷന്‍സിന്റെ സ്ഥാപക പൂജ കോത്താരി സാക്ഷ്യപ്പെടുത്തുന്നത്.

അനിതാ ബോഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫഌഗ്ഷിപ്പ് കോണ്‍ടെസ്റ്റായ 2016ലെ വുമണ്‍ എന്റര്‍പ്രണര്‍ ക്വസ്റ്റില്‍(WEQ)വിജയിച്ച പൂജ കോത്താരി ഉള്‍പ്പെട്ട പത്തംഗ സംഘം കാലിഫോര്‍ണിയയിലേക്കാണ് പറന്നത്. സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകളും സാങ്കേതിക സ്ഥാപനങ്ങളും മറ്റ് സംരഭക പ്രസ്ഥാനങ്ങളും നേരിട്ടുകണ്ടു മനസിലാക്കുകയായിരുന്നു ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യം. ഇതിനൊപ്പം അവിടുത്തെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി ഇടപഴകാനും സ്വന്തം കഴിവുകള്‍ മെച്ചെപ്പെടുത്തും വിധമുള്ള വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനും അവര്‍ക്ക് അവസരം ലഭിച്ചു. കാലിഫോര്‍ണിയയില്‍ നിന്നുള്ള അവരുടെ അനുഭവത്തേക്കുറിച്ച് ഈ മേഖലയിലേക്കു വരുന്ന പുതു സംരഭകരോട് ഈ പത്തംഗ വനിതാ സംഘത്തിലെ ഓരോരുത്തര്‍ക്കും പറയാന്‍ ഏറെയുണ്ട്.
വേണം വനിതാറോള്‍ മോഡലുകള്‍

ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് ശക്തമായ റോള്‍ മോഡലുകള്‍ വേണമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് പൊതുവേ ഇവരുടെയെല്ലാം അഭിപ്രായം. സംരംഭക മേഖലയില്‍ ഒരു സഹായത്തിനായി വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണുള്ളതെന്ന് അനക്‌സി ടെക്‌നോളജിയുടെ സ്ഥാപക ആരതി അഗര്‍വാള്‍ പറയുന്നു. പൂജ ഉള്‍പ്പെടെ ഒട്ടുമിക്ക സംരംഭകരും ഈ വാദത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ” സ്ത്രീകള്‍ക്കാവശ്യം സ്ത്രീകളില്‍ നിന്നുള്ള പ്രോത്സാഹനമാണ്. അതൊരു ചെറു സംരംഭമായാലും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലായാലും സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നത് ഏറെഗുണം ചെയ്യും,” പൂജ പറയുന്നു. റോള്‍ മോഡലുകളുടെ അഭാവം തങ്ങളുടെ യാത്രയിലുടനീളം എങ്ങനെ നിഴലിച്ചുവെന്നതിനെകുറിച്ച് മിക്ക വനിതകളും സംസാരിക്കുന്നുണ്ടായിരുന്നു.

വുമണ്‍ എന്റര്‍പ്രണര്‍ ക്വസ്റ്റ് 2016 എന്ന മത്സരം ശാസ്ത്ര സാങ്കേതിക വകുപ്പും അനിത ബോര്‍ഗ് ഇന്‍സ്റ്റിയൂട്ടും സംയുക്തമായാണ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവെലപ്‌മെന്റ് ബോര്‍ഡിന്റെ ഡയറക്റ്റരും അസോസിയേറ്റ് ഹെഡുമായ അനിതാ ഗുപ്ത, പത്തംഗ സംരംഭകര്‍ക്ക് മികച്ച പ്രചോദനമായി മാറിയെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലയില്‍ പരിചയ സമ്പത്തുള്ള മുതിര്‍ന്നവര്‍ ചെറുപ്പക്കാരെ അവരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ എങ്ങനെ സഹായിക്കണമെന്നത് അനിതാ ഗുപ്തയിലൂടെ പഠിക്കാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു.

ലോകം ഇന്നും പുരുഷന്മാരുടേതാണ്

യാത്രയ്ക്ക് മുമ്പ് സിലിക്കണ്‍ വാലിയിലെ വനിതാ സംരംഭകരേക്കുറിച്ച് ഇന്ത്യന്‍ സംഘത്തിന് വലിയ പ്രതീക്ഷ ആയിരുന്നു. അവിടുത്തെ വനിതകള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാകുമെന്നത് അവര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമായിരുന്നു. സിലിക്കണ്‍ വാലിയിലെ പരിതസ്ഥിതികള്‍ ഇന്ത്യയിലേതിനേക്കാള്‍ പക്വത ആര്‍ജ്ജിച്ചവയാണ് എന്നത് വാസ്തവം തന്നെ. മെച്ചപ്പെട്ട മൂലധനം കണ്ടെത്തുന്നതിന് മികച്ച സാധ്യതകളും ഇവര്‍ക്കുമുന്നിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വനിത സംരംഭകര്‍ക്ക് സമാനമായ വെല്ലുവിളികള്‍ അവര്‍ക്കും നേരിടേണ്ടിവരുന്നു എന്ന വസ്തുത അതിശയകരമായി സംഘങ്ങള്‍ സൂചിപ്പിക്കുന്നു.

സംരംഭക മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം, അവരെ സംരംഭകര്‍ എന്ന് പൊതുവായി പറയുന്നതിനു പകരം ‘വനിതാ സംരംഭകര്‍’ എന്ന വിഭാഗത്തിലേക്കുള്ള തരം തിരിവാണ്. സ്ത്രീ പുരുഷ പക്ഷാഭേദമില്ലാത്ത ഒരു സംരംഭക സംസ്‌കാരമാണ് നമുക്കാവശ്യം എന്ന നിലപാടിലാണ് വനിതകളേറെയുംപേര്‍

‘ ഇന്ത്യയിലും സിലിക്കണ്‍ വാലിയിലും പക്ഷപാതപരമായ കാര്യങ്ങളില്‍ ഏറെ സമാനതകളുണ്ട്. പുരുഷമേധാവിത്വം എത്ര ആഴത്തിലാണ് വേരൂന്നിയിരിക്കുന്നതെന്ന് ഇതുവഴി മനസിലാക്കാം, ” ഗ്രീനോപ്യയുടെ സ്ഥാപക മയൂഖിണി പാണ്ഡെ പറയുന്നു. ഇക്കാര്യത്തില്‍ വനിതാ സംരംഭകര്‍ക്ക് ഏറെക്കുറെ ഒരേ സ്വരമാണ്. ” പുരുഷന്‍മാരുടെ ബന്ധങ്ങള്‍, അവരുടെ പരിചയശൃംഖല ലോകം മുഴുവന്‍ വ്യപിച്ചു കിടക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെയും സിലിക്കണ്‍ വാലിയിലെയും സ്ഥിതി ഒരുപോലെയാണ്. എന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും അവരുടെ പരിചയ ശൃംഖല വിപുലമാക്കുന്നതിലും ഇപ്പോഴും പിന്നില്‍ തന്നെയാണ്,” അക്വായ എന്ന സംരംഭത്തിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സൃഷ്ടി സാന്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ വനിതാ സംരംഭകര്‍ക്ക് സമൂഹത്തിന്റെ പിന്തുണ അത്ര എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയാണ് ഈ സംരംഭകര്‍ക്കുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ശരിയായ പിന്തുണയേകാനുമുള്ളവരുടെ അഭാവം ഇന്ത്യയില്‍ വലിയതോതില്‍ പ്രകടമാണെന്നും ഇവര്‍ പറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് വനിതാ റോള്‍ മോഡലുകള്‍ ആവശ്യമാണെന്നും അവരില്‍ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും ഈ സംരംഭകര്‍ കരുതുന്നത്. എന്നാല്‍ സിലിക്കണ്‍ വാലിയിലെ വനിതാ സംരംഭകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. അവിടെ മികച്ച വനിതാ റോള്‍ മോഡലുകള്‍ ധാരാളമുണ്ടെന്നത് ഈ മേഖലയില്‍ വളരെ പ്രയോജനകരമാണ്.

സംരംഭക മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം, സംരംഭകര്‍ എന്ന് പൊതുവായി പറയുന്നതിനു പകരമായി വനിതാ സംരംഭകര്‍ എന്ന വിഭാഗത്തിലേക്കുള്ള തരം തിരിവായിരുന്നു. സംരംഭകരില്‍ സ്ത്രീ പുരുഷ പക്ഷാഭേദമില്ലാത്ത ഒരു സംസ്‌കാരമാണ് നമുക്കാവശ്യമെന്ന് മയൂഖിണി ചൂണ്ടിക്കാട്ടുന്നു. ” ഇതൊരു ചര്‍ച്ചാവിഷയം തന്നയാണ്. എന്നാല്‍ സ്ത്രീ- പുരുഷ സംഘട്ടനമല്ല ഇവിടെയാവശ്യം. അത് പരസ്പരം ഭിന്നിപ്പിനു വഴിവെക്കാനേ ഉതകൂ. അതിനാല്‍ ഈ വിവേചന നിലപാടുകള്‍ക്കെതിരെ ലിംഗ ഭേദമന്യേ ഒരു കൂട്ടായ നിലപാടെടുക്കുകയാണ് ആവശ്യം, ‘ മയൂഖിണി പറയുന്നു.

‘ വനിതാ സംരംഭകര്‍ ‘ എന്ന പദം ആവശ്യമുണ്ടോ ?

മയൂഖിണിയുടെ കാഴ്ചപ്പാടില്‍ ഇന്ത്യയിലായാലും അമേരിക്കയിലായാലും ബിസിനസില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ പൊതുവേ അവര്‍ വിമുഖത പ്രകടിപ്പിക്കുന്നു. പൊതുവായി സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.
പുരുഷന്‍, സ്ത്രീ എന്ന തരം തിരിവില്‍ ഇവിടെ യാതൊരു സ്ഥാനവും നല്‍കുന്നില്ല. ” സ്ത്രീകളെ പ്രോത്സാഹിക്കുന്നതിനായി യഥാര്‍ത്ഥ ജീവിതത്തില്‍ താരങ്ങളായി മാറിയ വനിതകളേക്കുറിച്ചുള്ള കഥകള്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കാവുന്നതാണ്. എന്നാല്‍ ഇവിടെ പുരുഷന്‍മാരെ മാറ്റി നിര്‍ത്തുന്നില്ല. മറിച്ച് അവരും ഞങ്ങളുടെ സംഭാഷണത്തിന്റെ ഒരു ഭാഗം തന്നെയാണ്, ” സൃഷ്ടി പറയുന്നു. സിലിക്കണ്‍ വാലിയില്‍ ഞങ്ങള്‍ കണ്ടത് പുരുഷനും സ്ത്രീകളും ഇടകലര്‍ന്ന സമ്മിശ്ര സംഘത്തെയാണ്, വെറും സ്ത്രീ സംരംഭകരെ മാത്രമല്ല. സ്ത്രീകകളുടെ പരിചയശൃഖല കൂടുതല്‍ വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു എന്ന നല്ലൊരു പാഠമാണ് അവരില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്’,’ യുവര്‍ ദോസ്തിന്റെ സഹസ്ഥാപക റിച്ചാ സിംഗ് വ്യക്തമാക്കി.

ഡബ്ല്യൂഇക്യൂ 2016ലെ വിജയം ഈ പത്തംഗ സംഘത്തിന് നല്‍കിയത് വെറുമൊരു യാത്രയല്ല, വിശാലമായ പുതിയൊരു കാഴ്ചപ്പാടാണ്. യാത്രയുടെ തുടക്കത്തില്‍ തീര്‍ത്തും അപരിചിതരായ അവര്‍ ഒടുവില്‍ പരസ്പരം പിന്തുണയേകുന്ന വലിയൊരു സംരംഭക ശൃംഖലയിലേക്കുള്ള ചുവടുവെയ്പ്പാണ് നടത്തിയിരിക്കുന്നത്. സ്വന്തം കഴിവുകള്‍ കൂടുതല്‍ തിരിച്ചറിയാനും ബിസിനസില്‍ ഉയര്‍ച്ചയിലേക്കുള്ള സ്വപ്‌നങ്ങള്‍ കാണാനും ഈ യാത്രാനുഭവം കൂടുതല്‍ കരുത്തേകി

വനിതാ സംരംഭകര്‍ സ്വന്തം കമ്പനികള്‍ മുന്‍നിരയിലേക്ക് ഉയര്‍ത്താനും സ്വയം കൂടുതല്‍ മെച്ചപ്പെടാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും പഠിക്കേണ്ടതുണ്ടെന്നാണ് പത്തംഗ സംഘത്തിലെ മറ്റൊരു സംരംഭകയായ സരല്‍ ഡിസൈനിംഗ് സൊലൂഷന്‍സിന്റെ സാരഥി സുഹാനി മോഹന്റെ അഭിപ്രായം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം നാമോരുത്തരേയും എങ്ങനെ ബ്രാന്‍ഡ് ചെയ്യണമെന്നും പഠിക്കേണ്ട്ിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ചര്‍ച്ചകളാണ് വേണ്ടതെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ചിലരുടെ അഭിപ്രായത്തില്‍ മിക്‌സ്ഡ് ഗ്രൂപ്പുകള്‍ അത്ര പ്രായോഗികമല്ലെന്നും അഭിപ്രായപ്പെടുന്നു. ഊര്‍ജന്‍ ക്ലീന്‍ടെക് സ്ഥാപക റോളി ഗുപ്തയ്ക്ക് സ്ത്രീകള്‍ മാത്രമുള്ള വട്ടമേശ സമ്മേളനങ്ങളാണ് കൂടുതല്‍ താല്‍പര്യം. അത് വനിതകള്‍ കൂടുതല്‍ തുറന്ന വേദികള്‍ സമ്മാനിക്കുമെന്നാണ് റോളിയുടെ വിശ്വാസം.

ബിസിനസിലെ പരാജയഭീതിയായിരുന്നു എല്ലാവരില്‍ ഒരുപോലെ പ്രകടമാകുന്ന മറ്റൊരു വസ്തുത. ലിംഗഭേദമന്യേ ഇന്ത്യന്‍ സംരംഭകര്‍ പരാജയത്തെ ഭയപ്പെടുന്നുണ്ട്. ബിസിനസില്‍ പരാജയപ്പെട്ട് സമൂഹത്തില്‍ അപമാനിതരാകുമെന്നുള്ള ഭയം ഇന്ത്യാക്കാര്‍ക്ക് കൂടുതലാണെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ സിലിക്കണ്‍ വാലിയിലെ സംരംഭകരില്‍ നിന്നും ഇവര്‍ മനസിലാക്കിയത് നേരേ മറിച്ചാണ്. സമൂഹത്തെ ഭയപ്പെട്ട് ബിസിനസിലേക്ക് ഇറങ്ങുന്നവരല്ല അവിടെയുള്ളവര്‍, ഈ ഭയമില്ലാത്തതിനാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവര്‍ തയാറാണെന്നും പൂജ കൂട്ടിച്ചേര്‍ക്കുന്നു.

”ഡബ്ല്യൂഇക്യൂ വിജയി എന്ന നിലയില്‍ മറ്റ് ഒന്‍പത് സംരംഭകരരേക്കൂടിയാണ് എനിക്ക് പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും കഴിഞ്ഞത്. ഈ ശൃംഖല മെല്ലെ വളര്‍ച്ച പ്രാപിക്കുമെന്നു തന്നെയാണ് പ്രത്യാശ,” ആരതി പറയുന്നു. ഡബ്ല്യൂഇക്യൂ 2016ലെ വിജയം ഈ പത്തംഗ സംഘത്തിന് നല്‍കിയത് വെറുമൊരു യാത്രയല്ല, വിശാലമായ പുതിയൊരു കാഴ്ചപ്പാടാണ്. യാത്രയുടെ തുടക്കത്തില്‍ തീര്‍ത്തും അപരിചിതരായ അവര്‍ ഒടുവില്‍ പരസ്പരം പിന്തുണയേകുന്ന വലിയൊരു സംരംഭക ശൃംഖലയിലേക്കുള്ള ചുവടുവെയ്പ്പാണ് നടത്തിയിരിക്കുന്നത്. അനിതാ ഗുപ്തയിലും മറ്റുപലരിലും അവര്‍ തങ്ങളുടെ റോള്‍ മോഡലുകളെ കണ്ടെത്തിയ ആഹഌദത്തിലാണ്. സ്വന്തം കഴിവുകള്‍ കൂടുതല്‍ തിരിച്ചറിയാനും ബിസിനസില്‍ ഉയര്‍ച്ചയിലേക്കുള്ള സ്വപ്‌നങ്ങള്‍ കാണാനും ഈ യാത്രാനുഭവം കൂടുതല്‍ കരുത്തേകി.

Comments

comments

Categories: FK Special, Slider, Women