ജനറല്‍ കൗണ്‍സില്‍ എഐഎഡിഎംകെ ലയനം ഇന്ന് ?

ജനറല്‍ കൗണ്‍സില്‍ എഐഎഡിഎംകെ ലയനം ഇന്ന് ?

ചെന്നൈയില്‍ ഇന്നു ചേരുന്ന എഐഎഡിഎംകെ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍ ശശികലയെ പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. പനീര്‍സെല്‍വത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ശശികലയെ പുറത്താക്കുക എന്നത്. ഈ ഡിമാന്‍ഡ് മുഖ്യമന്ത്രി പളനിസ്വാമി വിഭാഗം അംഗീകരിച്ചാല്‍ രണ്ട് ചേരിയായി തിരിഞ്ഞിരുന്ന പാര്‍ട്ടി ലയിച്ച് ഒന്നാകും.

ഒരിടവേളയ്ക്കു ശേഷം തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ എഐഎഡിഎംകെ ഇന്ന് ലയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണു തമിഴ് രാഷ്ട്രീയത്തിലേക്ക് ദേശീയ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.

ഇന്നു പാര്‍ട്ടിയുടെ നിര്‍ണായക യോഗം ചേര്‍ന്നു ജനറല്‍ സെക്രട്ടറി ശശികലയെ പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ജയലളിതയുടെ മരണശേഷം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു എഐഎഡിഎംകെ. മുന്‍മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലായിരുന്നു ഒരു വിഭാഗം രൂപമെടുത്തത്. ജയലളിതയുടെ തോഴി ശശികല മറുവിഭാഗത്തിനും നേതൃത്വം കൊടുത്തു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ഈ വര്‍ഷം ഫെബ്രുവരിയില്‍ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ കൈവശമാവുകയും ചെയ്തു.

ഇന്നു നടക്കുന്ന യോഗത്തില്‍ ലയനം സാധ്യമാകണമെങ്കില്‍ ശശികലയെ പുറത്താക്കണമെന്നു പനീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് പളനിസ്വാമി വിഭാഗം സമ്മതിച്ചെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല, പനീര്‍സെല്‍വത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയില്‍ ധനകാര്യവിഭാഗവും നല്‍കുമെന്നും ശ്രുതിയുണ്ട്. അതേസമയം, എഐഎഡിഎംകെ പാര്‍ട്ടിയുടെ നേതൃത്വം പനീര്‍സെല്‍വം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയെ പനീര്‍സെല്‍വവും സര്‍ക്കാരിനെ പഴനിസ്വാമിയും നയിക്കട്ടെ എന്ന ഫോര്‍മുലയാണു മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലയനം സാധ്യമാവുകയാണെങ്കില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരിച്ചുകിട്ടുമെന്ന കാര്യം ഉറപ്പാണ്. പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജയലളിതയുടെ മരണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ ശശികലയും കുടുംബാംഗങ്ങളും പിടിമുറുക്കിയതോടെയാണ് എഐഎഡിഎംകെ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞത്. എന്നാല്‍ ശശികല ജയിലിലടയ്ക്കപ്പെട്ടതോടെ പാര്‍ട്ടിയിലെ സ്വാധീനം മെല്ലെ കുറഞ്ഞു. ഈ സാഹചര്യത്തിലാണു ലയനത്തിനുള്ള സാധ്യത ഉയര്‍ന്നുവന്നത്.

നാളെ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശനം നടത്തുന്നുണ്ട്. ഷായുടെ സന്ദര്‍ശനത്തിനു മുന്‍പ് ലയനം പൂര്‍ത്തിയാക്കാനാണ് ശ്രമം. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് എഐഎഡിഎംകെ വിഭജിച്ചു നില്‍ക്കുന്നത് ഗുണകരമല്ല. ഇതു മനസിലാക്കി കൊണ്ടാണു ബിജെപിയും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച എഐഎഡിഎംകെ പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങളുടെയും നേതാക്കളായ പനീര്‍സെല്‍വവും പളനിസ്വാമിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ലയന സാധ്യതകള്‍ക്കു ചിറകുവച്ചതും.

കഴിഞ്ഞ വര്‍ഷം ജയലളിതയുടെ മരണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ ശശികലയും കുടുംബാംഗങ്ങളും പിടിമുറുക്കിയതോടെയാണ് എഐഎഡിഎംകെ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞത്. എന്നാല്‍ ശശികല ജയിലിലടയ്ക്കപ്പെട്ടതോടെ പാര്‍ട്ടിയിലെ സ്വാധീനം മെല്ലെ കുറഞ്ഞു. ഈ സാഹചര്യത്തിലാണു ലയനത്തിനുള്ള സാധ്യത ഉയര്‍ന്നുവന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ ലയനം സാധ്യമായാലും അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രായോഗികത കൈവരിക്കാനായില്ലെങ്കില്‍ ലയനം വ്യര്‍ഥമാകുമെന്നും വിലയിരുത്തലുണ്ട്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനം സാധ്യമാക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി വഹിച്ച പങ്ക് നിര്‍ണായകമാണ്. രണ്ട് ചേരിയിലും സ്വാധീനശക്തിയാകാന്‍ ബിജെപിക്കു സാധിച്ചെന്നതാണു യാഥാര്‍ഥ്യം. സമീപകാലത്തു നടന്ന ഇന്‍കം ടാക്‌സ്, ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ പരിശോധനകള്‍ ഇരുവിഭാഗങ്ങളെയും മോദിയോട് അടുപ്പിക്കാന്‍ കാരണമാവുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ശക്തിയായി മാറണമെങ്കില്‍ എഐഎഡിഎംകെയിലെ രണ്ട് വിഭാഗങ്ങള്‍ ഒരുമിക്കേണ്ടതുണ്ടെന്നു ബിജെപിക്കും അറിയാം. ഈയൊരു യാഥാര്‍ഥ്യം മനസിലാക്കി കൊണ്ടു തന്നെയാണു ബിജെപിയും കരുനീക്കം നടത്തുന്നത്.

Comments

comments

Categories: FK Special, Slider