മനസില്‍ മാലിന്യം നിറഞ്ഞവര്‍

മനസില്‍ മാലിന്യം നിറഞ്ഞവര്‍

ഒരിക്കല്‍ ജോണ്‍ ഒരു ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്നു. ശാന്തനും പക്വതയുള്ളവനുമായ ഡ്രൈവര്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ടാക്‌സി ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരിടവഴിയില്‍ നിന്നും വേഗതയില്‍ ഒരു കാര്‍ ടാക്‌സിയുടെ മുന്നിലേക്ക് ഓടിക്കയറി. ടാക്‌സി ഡ്രൈവര്‍ സഡണ്‍ ബ്രേക്കിട്ടു. മറ്റേ കാറില്‍ മുട്ടി മുട്ടിയില്ല എന്ന രൂപത്തില്‍ ടാക്‌സി നിന്നു.

മറ്റേ കാറിന്റെ ഡ്രൈവര്‍ ടാക്‌സിയുടെ ഡ്രൈവറെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഈ ചീത്തവിളി കേട്ടിട്ടും ടാക്‌സി ഡ്രൈവര്‍ തിരിച്ചൊന്നും പറയാതെ ശാന്തനായി അക്ഷോഭ്യനായി ഇരുന്നു. കുറച്ചു സമയം ചീത്തവിളിച്ചതിനുശേഷം അയാള്‍ കാറുമെടുത്ത് പോയി.

ജോണ്‍ അത്ഭുതപ്പെട്ടു. ഇത്രമാത്രം ചീത്തവിളി കിട്ടിയിട്ടും എന്തുകൊണ്ട് ടാക്‌സി ഡ്രൈവര്‍ പ്രതികരിച്ചില്ല. ജോണ്‍ ടാക്‌സി ഡ്രൈവറോട് ഈ സംശയം ചോദിച്ചു. ടാക്‌സി ഡ്രൈവര്‍ ഒരു ചിരിയോടെ പറഞ്ഞു: മാലിന്യം നിറയ്ക്കുന്ന വണ്ടികള്‍ കണ്ടിട്ടില്ലേ. മാലിന്യം നിറഞ്ഞുകഴിഞ്ഞാല്‍ അത് പുറത്തേക്കു വീഴും. ചില മനുഷ്യരും ഈ മാലിന്യലോറികളെപ്പോലെയാണ്. അസൂയ, ദേഷ്യം, കുശുമ്പ് എന്നീ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന ആളുകള്‍. അത് ചിലപ്പോള്‍ പുറത്തേക്ക് വീഴും. ഇപ്പോള്‍ സംഭവിച്ചതും ഇത് തന്നെയാണ്. അയാളില്‍ നിറഞ്ഞിരുന്ന മാലിന്യങ്ങളാണ് പുറത്തേക്ക് വീണത്. നമ്മളും അതുപോലെ പ്രതികരിച്ചാല്‍ ഇതേ മാലിന്യലോറികള്‍ തന്നെയാവും നാം.

നമുക്കു ചുറ്റും നോക്കുക. ഇത്തരം മാലിന്യലോറികളെ നമുക്കു കാണാം. നിഷേധവികാരങ്ങളെ കുത്തിനിറച്ച് അവര്‍ സഞ്ചരിക്കുകയാണ്. അതവര്‍ കുടഞ്ഞിടുന്നത് മറ്റുള്ളവരുടെ ദേഹത്താണ്. ഉള്ളില്‍ നിറഞ്ഞ അസൂയ, ദേഷ്യം, കുശുമ്പ്, നിരാശ, അസ്വസ്ഥത തുടങ്ങിയവ അവര്‍ വാരിവിതറും. തന്റെ ഉള്ളിലെ മാലിന്യങ്ങളാണ് താന്‍ വിതറുന്നതെന്നറിയാതെ.

ഇത്തരം മാലിന്യലോറികളോട് പ്രതികരിച്ചാല്‍ നാമും അതുപോലെ തന്നെയാവും. മാലിന്യങ്ങള്‍ നിറയാത്ത മനസ് സൂക്ഷിക്കുകയാണ് പ്രധാനം. സ്വയം മാലിന്യലോറിയാവാതെ മാറുകയാവണം ലക്ഷ്യം. ഇനി മറ്റുള്ളവര്‍ മാലിന്യം കുടഞ്ഞിടുമ്പോള്‍ നാം അറിയുക അവരുടെ മനസെന്ന മാലിന്യലോറി നിറഞ്ഞിരിക്കുന്നു.

Comments

comments

Categories: FK Special, Slider