മനം മടുത്ത് വിശാല്‍ സിക്ക പടിയിറങ്ങി

മനം മടുത്ത് വിശാല്‍ സിക്ക പടിയിറങ്ങി

ഇന്‍ഫോസിസ് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജിവെച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ മനം മടുത്താണ് പടിയിറക്കമെന്ന് സിക്ക. സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി

ബെംഗളൂരു: ഇന്ത്യയുടെ ഐടി വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച ഇന്‍ഫോസിസില്‍ പൊട്ടിത്തെറി. സിഇഒ, മാനേജിംഗ് ഡയറക്റ്റര്‍ പദവികളില്‍ നിന്നു വിശാല്‍ സിക്ക രാജിവെച്ചു. സിക്കയുടെ രാജി ഇന്‍ഫോസിസ് തന്നെയാണ് സ്ഥിരീകരിച്ചത്. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു ബി പ്രവീണ്‍ റാവുവിനെ ഇടക്കാല സിഇഒ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നേതാവിനായുള്ള തിരച്ചില്‍ കമ്പനി തുടങ്ങിയതായാണ് സൂചന.

എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫോസിസ് സഹസ്ഥാപകരുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസമാണ് വിശാല്‍ സിക്കയെ രാജിയിലേക്ക് നയിച്ചത്. സിക്ക കമ്പനിയിലെടുത്ത പല സുപ്രധാന തീരുമാനങ്ങളെയും രൂക്ഷമായാണ് മൂര്‍ത്തിയും കൂട്ടരും വിമര്‍ശിച്ചത്. സിക്കയുടെ ശമ്പളത്തിലെ വര്‍ധന മുതല്‍ ജീവനക്കാരുടെ പിരിഞ്ഞുപോകല്‍ പാക്കേജും കമ്പനി നടത്തിയ ഏറ്റെടുക്കലും എല്ലാം വന്‍വാക് പോരിന് വഴിവെച്ചിരുന്നു.

ഇന്‍ഫോസിസിന്റെ സഹസ്ഥാപകനല്ലാത്ത ആദ്യ സിഇഒ ആയി 2014ലാണ് സിക്ക ചുമതലയേറ്റത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളിലും നെഗറ്റിവിറ്റിയിലും മനം മടുത്താണ് തന്റെ രാജിയെന്ന് സിക്ക വ്യക്തമാക്കി. സിക്കയുടെ രാജിയെത്തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരിവിലയില്‍ വന്‍ ഇടിവ് വന്നു. 150 ബില്ല്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഐടി വ്യവസായം കടുത്ത പ്രതിസന്ധിയെയും മാന്ദ്യകാലത്തെയും നേരിടുന്നതിനിടയിലാണ് ഇന്‍ഫോസിസില്‍ നിന്നുള്ള സിക്കയുടെ രാജിയെന്നത് ശ്രദ്ധേയമാണ്. 2020 ആകുമ്പോഴേക്കും 20 ബില്ല്യണ്‍ ഡോളര്‍ വരുമാനം നേടാമെന്ന ഇന്‍ഫോസിസിന്റെ ലക്ഷ്യം ഇതോടെ തകിടം മറിയുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ചുമതലയേറ്റ ശേഷം ഇന്‍ഫോസിസിന്റെ വരുമാനത്തില്‍ ഏകദേശം 25 ശതമാനത്തോളം വര്‍ധന വരുത്താന്‍ സിക്കയ്ക്ക് സാധിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനിയാണ് ഇപ്പോള്‍ ഇന്‍ഫോസിസ്.

10 ബില്ല്യണ്‍ ഡോളര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ 12.5 ശതമാനം ഓഹരികള്‍ ഇപ്പോഴും സ്ഥാപകരുടെ കൈവശം തന്നെയാണ്. ഇവരുമായി സമരസപ്പെട്ടുപോകാന്‍ ഏറെക്കാലമായി സിക്കയ്ക്ക് സാധിച്ചിരുന്നില്ല

സിക്കയുടെ രാജിക്കുള്ള കാരണങ്ങള്‍ മനസിലാക്കുന്നതായും അത് അംഗീകരിക്കുന്നതായും ഇന്‍ഫോസിസ് ബോര്‍ഡ് പുറത്തിറക്കയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മൂര്‍ത്തിയുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും തുടര്‍ച്ചയായ വേട്ടയാടലുമാണ് സിക്കയുടെ രാജിക്ക് വഴിവെച്ചതെന്ന നിലപാടിലാണ് ഇന്‍ഫോസിസ് ബോര്‍ഡ്. തങ്ങളുടെ ഉറച്ച പിന്തുണയുണ്ടായിട്ടുപോലും സിക്കയ്ക്ക് രാജിവെക്കേണ്ടി വന്നത് മൂര്‍ത്തിയുടെ കടുത്ത ആക്രമണത്തിന്റെ ഫലമാണെന്നാണ് ഇന്‍ഫോസിസ് ബോര്‍ഡ് ബിഎസ്ഇയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനിയുടെ പരിവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതാണ് മൂര്‍ത്തിയുടെ ആരോപണങ്ങളെന്നും ബോര്‍ഡ് കുറ്റപ്പെടുത്തുന്നുണ്ട്.

മൂര്‍ത്തിയുടെ വേട്ടയാടലാണ് സിക്കയെ കമ്പനിയുടെ പുറത്തേക്ക് നയിച്ചതെന്ന് ഇന്‍ഫോസിസ് ബോര്‍ഡ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി ഇന്‍ഫോസിസിനെ പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതായിരുന്നു തന്റെ അഭിനിവേശമെന്നും സിക്ക രാജിക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതിനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതിന് വിലങ്ങുതടിയായി മാറുകയാണെന്നും സിക്ക വിമര്‍ശിക്കുന്നു. ഇന്‍ഫോസിസിന്റെ പരിവര്‍ത്തനത്തില്‍ ഇനിയും തന്റെ പിന്തുണയുണ്ടാകുമെന്നും എന്നാല്‍ ഇപ്പോഴത്തെ തന്റെ റോള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും സിക്ക കത്തില്‍ വ്യക്തമാക്കുന്നു്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐടി കമ്പനികളെ ലക്ഷ്യമിട്ട് നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഇന്‍ഫോസിസ് അടുത്തിടെ 10,000 തൊഴിലവസരങ്ങള്‍ യുഎസില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഎസ് അടക്കമുള്ള വിപണികളില്‍ സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് സിക്കയുടെ രാജിയെന്നത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയേക്കും. സംരംഭകത്വത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായി ഇന്‍ഫോസിസിനെ പരിവര്‍ത്തനപ്പെടുത്താനുള്ള വലിയ ലക്ഷ്യമായിരുന്നു സിക്കയ്ക്ക് ഉണ്ടായിരുന്നത്. അത് കമ്പനിയുടെ മുന്‍ശൈലികളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തവുമായിരുന്നു. 200,000 ഇന്നൊവേറ്റര്‍മാരുടെ കമ്പനിയായി നമുക്ക് ഇന്‍ഫോസിസിനെ മാറ്റണം. അവിടെ സംരംഭകത്വവും റിസ്‌ക് എടുക്കാനുള്ള ശേഷിയും എല്ലാം എല്ലാവരിലും ദൃശ്യമാകും-സിക്ക മുമ്പ് പറഞ്ഞ വാക്കുകളാണ്. ഈ ചിന്താഗതിയുള്ള ഒരു സിഇഒയുടെ പടിയിറക്കം കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് തന്നെയാണ് വിപണിയുടെ വിലയിരുത്തല്‍.

 

തിരിച്ചടിച്ച് നാരായണമൂര്‍ത്തി

 

വിശാല്‍ സിക്ക പുറത്തുപോയതിന് കാരണം നാരായണ മൂര്‍ത്തി ആണെന്ന വിമര്‍ശനങ്ങള്‍ക്ക് മൂര്‍ത്തിയുടെ മറുപടി. തനിക്കെതിരെയുള്ള സകല ആരോപണങ്ങള്‍ക്കും കൃത്യമായ വേദിയില്‍ കൃത്യമായ സമയത്ത് മറുപടി നല്‍കുമെന്ന് മൂര്‍ത്തി പറഞ്ഞു. സിക്കയുടെ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും അതിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം. കമ്പനിയുടെ തകിടം മറിഞ്ഞ കോര്‍പ്പറേറ്റ് ഗവേണന്‍സിലാണ് തനിക്ക് ആശങ്ക. സ്വമേധയാ ആണ് 2014ല്‍ ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയത്. എനിക്ക് പണമോ പദവിയോ ആവശ്യമില്ല-മൂര്‍ത്തി പറഞ്ഞു.

എന്തുകൊണ്ട് സിക്ക പുറത്തുപോയി?

 

ഇന്‍ഫോസിസിന്റെ നേതൃത്വം ഉപേക്ഷിച്ച് വിശാല്‍ സിക്ക പുറത്തുപോയത് സഹസ്ഥാപകന്‍ നാരയണമൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്. സിക്ക പുറത്തുപോകുന്നതിനിടയായ അഞ്ച് കാരണങ്ങള്‍….

1. കഴിഞ്ഞ വര്‍ഷം സിക്കയുടെ ശമ്പളത്തിലുണ്ടായ വന്‍ വര്‍ധന വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ നാരായണ മൂര്‍ത്തിക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു

2. ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജീവ് ബന്‍സാലിന്റെ പിരിഞ്ഞുപോകല്‍ പാക്കേജിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. 1.74 കോടി രൂപയായിരുന്നു പാക്കേജ്.

3. ധനകാര്യസഹമന്ത്രി ജയന്ത് സിന്‍ഹയുടെ ഭാര്യ പുനിത സിന്‍ഹയെ കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്ററാക്കി ഇന്‍ഫോസിസ് നിയമിച്ചതിനെതിരെ മൂര്‍ത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍ അവരുടെ യോഗ്യതകള്‍ അനുസരിച്ചായിരുന്നു നിയമനം എന്നാണ് ഇന്‍ഫോസിസ് ബോര്‍ഡിന്റെ നിലപാട്

4. കമ്പനിയുടെ പരമ്പരാഗത ബിപിഒ ബിസിനസില്‍ വിശാല്‍ സിക്കയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുവരുന്നുവെന്നാണ് പലരുടെയും വിലയിരുത്തല്‍. അതിവേഗത്തില്‍ മാറുന്ന ലോകത്ത് പുതിയ ബിസിനസ് മോഡലുകള്‍ സ്വീകരിക്കണമെന്നായിരുന്നു സിക്കയുടെ നിലപാട്. ഏറ്റെടുക്കലുകളിലൂടെയുള്ള വളര്‍ച്ച ആയിരുന്നു സിക്ക ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനോട് സഹസ്ഥാപകരില്‍ പലര്‍ക്കും വിയോജിപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

5. കമ്പനിയുടെ കോര്‍പ്പറേറ്റ് ഗവേണന്‍സ് ശരിയല്ലെന്ന രൂക്ഷവിമര്‍ശനമായിരുന്നു മൂര്‍ത്തി നടത്തിയത്. എന്നാല്‍ സിക്കയ്ക്ക് ഇതിനോട് നിഷേധാത്മക നിലപാടായിരുന്നു. സിക്കയുടെ മുന്‍ കമ്പനി എസ്എപിയില്‍ നിന്നും അദ്ദേഹം കൊണ്ടുവന്ന 10 മുതിര്‍ന്ന സീനിയര്‍ എക്‌സിക്യൂട്ടിവുകള്‍ ഒന്നര വര്‍ഷത്തിനിടെ ഇന്‍ഫോസിസില്‍ നിന്നു രാജിവെച്ചു

2014 ജൂണ്‍ 12നായിരുന്നു ഇന്ത്യയുടെ ഗതി മാറ്റി മറിച്ച ഐടി കമ്പനി ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി വിശാല്‍ സിക്കയെ തെരഞ്ഞെടുത്തത് ഇന്‍ഫോസിസ് സഹസ്ഥാപകനല്ലാത്ത ആദ്യ സിഇഒ ആയിരുന്നു സിക്ക, എസ് ഡി ഷിബുലാലില്‍ നിന്നാണ് അദ്ദേഹം സിഇഒ പദം ഏറ്റെടുത്തത് ആഗോള ബ്രാന്‍ഡായ എസ്എപിയിലെ മികച്ച കരിയറിനൊടുവിലാണ് സിക്ക ഇന്‍ഫോസിസിലെത്തിയത്. മെഷീന്‍ ലേണിംഗ്, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ വിദഗ്ധന്‍ സിക്കയുടെ കാലയളവില്‍ ഇന്‍ഫോസിസിന്റെ വരുമാനത്തിലുണ്ടായത് മികച്ച വര്‍ധന. 2015 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വരുമാനം 2.13 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു. അത് ഈ വര്‍ഷം ആദ്യ പാദത്തില്‍ എത്തിയപ്പോള്‍ 2.65 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചു. കമ്പനിയുടെ ദ്രവകത്വ ആസ്തിയിലും വര്‍ധനയുണ്ടായി, 2014ലെ 4.9 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2017 ജൂണ്‍ ആയപ്പോഴേക്കും 6.1 ബില്ല്യണ്‍ ഡോളറിലേക്ക് എത്തി സിക്കയ്‌ക്കെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങളിലും വാര്‍ത്തകളിലും മനം മടുക്കാണ് ഇപ്പോഴത്തെ രാജി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് സിക്കയെ രാജിക്ക് പ്രേരിപ്പിച്ചത്

നന്ദന്‍ നിലേക്കനി വീണ്ടും എത്തുമോ?

വിശാല്‍ സിക്കയുടെ രാജിയെത്തുടര്‍ന്ന് ഇന്‍ഫോസിസിനെ രക്ഷിക്കാന്‍ നന്ദന്‍ നിലേക്കനി വീണ്ടും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍പേഴ്‌സണായി നിലേക്കനി കമ്പനിയില്‍ എത്തിയേക്കുമെന്നാണ് അഭ്യൂഹം. സിക്കയുടെ രാജി അനിവാര്യമായിരുന്നുവെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. കമ്പനിക്ക് പുതിയ സിഇഒയെ കണ്ടെത്തുകയെന്നത് ദുഷ്‌കരമായ ജോലിയാണെന്നാണ് വിലയിരുത്തല്‍. കമ്പനിക്ക് പുറത്തുനിന്നാണ് പുതിയ സിഇഒ എങ്കില്‍ സഹസ്ഥാപകരുമായി യോജിച്ച് പോകല്‍ ബുദ്ധിമുട്ടാകും.

തുറന്ന വിമര്‍ശനം നടത്താന്‍ ഇനിയും മൂര്‍ത്തി തയാറായേക്കും, അത് സഹിച്ച് തുടരാന്‍ മനസുള്ളവരാകണമെന്നില്ല പുതിയ സിഇഒ. അതല്ല കമ്പനിക്കുള്ളില്‍ ജോലി ചെയ്യുന്ന ആരെയങ്കിലും ആ പദവിയിലേക്ക് ഉയര്‍ത്താനാണ് തീരുമാനമെങ്കില്‍ മത്സരക്ഷമതയും വൈദഗ്ധ്യവും പ്രശ്‌നമാകും. ഇതു കാരണമാണ് നന്ദന്‍ നിലേക്കനിയെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍പേഴ്‌സണായി വീണ്ടും എത്തിക്കാന്‍ ശ്രമം നടക്കുന്നത്. നാരാണമൂര്‍ത്തിക്ക് നിലേക്കനിയുടെ നിലപാടുകളോട് വിയോജിപ്പുണ്ടാകാനും സാധ്യതയില്ല.

Comments

comments

Categories: Slider, Top Stories