തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍, കേന്ദ്രത്തിന്റേത് മികച്ച നീക്കം

തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍, കേന്ദ്രത്തിന്റേത് മികച്ച നീക്കം

പൊതുമേഖല സംരംഭങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് പുതിയ സംവിധാനം കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഗുണം ചെയ്യും

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. നിക്ഷേപ സമാഹരണത്തിനും കമ്പനികളെ കൂടുതല്‍ പ്രൊഫഷണല്‍വല്‍ക്കരിക്കുന്നതിനുമുള്ള മികച്ച നീക്കമാണിത്. എന്നാല്‍ ഇതിന്റെ വേഗതയില്‍ അല്‍പ്പം കുറവുണ്ടായിരുന്നു. അത് നികത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനു വേണ്ടി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേതൃത്വം നല്‍കുന്ന ഒരു പാനലിന് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന് കഴിഞ്ഞ ദിവസം കാബിനറ്റിന്റെ അനുമതിയും ലഭിച്ചുകഴിഞ്ഞു. ആസ്തി വില്‍ക്കുന്ന നടപടി വിലയിരുത്തുകയാണ് പ്രധാന ഉദ്ദേശ്യം.

ആസ്തി വിറ്റഴിച്ച് കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ആക്കം പകരുന്നതാണ് പുതിയ പാനല്‍ രൂപീകരണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയ ലാഭവിഹിതത്തിലും മറ്റും കുറവ് വരുന്ന സാഹചര്യത്തില്‍ പുതിയ നീക്കം സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ സഹായിക്കുന്നതാണ്. തന്ത്രപരമായ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളും മറ്റും നിശ്ചയിക്കുന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ ഈ പാനലിന് നിശ്ചയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കാന്‍ ഇത് വളരെയേറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗിനോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഓഹരി വിറ്റഴിക്കലിന് സാധിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യുക, എങ്ങനെയാണ് വില്‍പ്പന നടത്തേണ്ടതെന്നും എത്ര ശതമാനം ഓഹരിയാണ് വില്‍ക്കേണ്ടതെന്നും മൂല്യം കണക്കാക്കേണ്ട രീതി എത്തരത്തിലാകണമെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിതി ആയോഗിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിഇഎംഎല്‍ ലിമിറ്റഡ്, സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, പവന്‍ ഹാന്‍സ് ലിമിറ്റഡ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മൂന്ന് യൂണിറ്റുകള്‍ എന്നിവയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിനായി ഉപദേശകരെ ഉടന്‍ നിയമിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഓഹരി വിറ്റഴിക്കലിലൂടെ 10,000 കോടി രൂപയോളം സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്ന 72,500 കോടി രൂപയില്‍ 15,000 കോടി രൂപ തന്ത്രപരമായ ഓഹരി വില്‍പ്പനയിലൂടെ നേടാനാണ് പദ്ധതി. എപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായ നടപടിയായതിനാല്‍ തന്നെ സസൂക്ഷ്മ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ തയാറാകൂ എന്നാണ് വിലയിരുത്തല്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്ത്രപരമായി വിറ്റഴിക്കുന്ന ഓഹരിയുടെ മൂല്യം നിര്‍ണയിക്കുകയെന്നതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഓഹരി വിറ്റഴിക്കലിന് ഏറെ പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട് ബിജെപിക്ക്. അത് കൃത്യമായ പഠനങ്ങളും വിലയിരുത്തലുകളും നടത്താതെ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു.

മൂല്യം കണക്കാക്കുന്നതില്‍ പാളിച്ച പറ്റിയാല്‍ വന്‍തിരിച്ചടിയായിരിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് സര്‍ക്കാരിന് നേരിടേണ്ടിവരിക. മൂല്യം കൃത്യമായി കണക്കാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കാന്‍ പുതിയ സമിതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Slider