ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നിലെ ചില ചോദ്യശരങ്ങള്‍

ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നിലെ ചില ചോദ്യശരങ്ങള്‍

പ്രതിപക്ഷ കക്ഷികള്‍ക്ക് ഭരണകക്ഷിയുടെ നയങ്ങളെ സര്‍വ്വതന്ത്രസ്വതന്ത്രമായി നിശിത വിമര്‍ശനം നടത്താന്‍ അവസരമുണ്ടാവണം. ഇല്ലെങ്കില്‍ ജനാധിപത്യം സ്വേച്ഛാധിപത്യ ദുഷ്പ്രഭുത്വമായി പരിണമിക്കും’

– ഡോ. എസ് രാധാകൃഷ്ണന്‍

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളില്‍ ഉപരാഷ്ട്രപതിസ്ഥാനമലങ്കരിച്ച മഹാനുഭാവനാണ് ഡോ. എസ് രാധാകൃഷ്ണന്‍. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഡോ. എസ് രാധാകൃഷ്ണനെ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ടാണ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. സാധാരണഗതിയില്‍ റിട്ടയര്‍ ചെയ്യാറായവരേയോ അധികപ്പറ്റായി തോന്നുന്നവരേയോ സ്വീകരിച്ചൊതുക്കാനുള്ള ഒരു താവളമാണ് ഇത്തരം ആലങ്കാരിക പദവികള്‍. പണ്ഡിറ്റ് നെഹ്രു ഇക്കാര്യത്തില്‍ വ്യത്യസ്തമായി ചിന്തിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവാണ്. ഏതു മേഖലയിലായാലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളെ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ പങ്കാളികളാക്കാന്‍ നെഹ്രു പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനും ഗ്രന്ഥകാരനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണനെ അദ്ദേഹം ക്ഷണിക്കുന്നത്. ഡോ. രാധാകൃഷ്ണന് ഒരു രാഷ്ട്രീയപശ്ചാത്തലമുണ്ടായിരുന്നില്ല. നെഹ്രു കാട്ടിയ ഈയൊരു വിശാലമനസ്‌കത പിന്നീടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ പലര്‍ക്കും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അവര്‍ക്കതിനു സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. ഡോ. എസ് രാധാകൃഷ്ണനും ഡോ ഹമീദ് അന്‍സാരിയും സമാനസാഹചര്യങ്ങളില്‍നിന്ന് രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്നവരാണ്. രണ്ടുപേരും വിദ്യാഭ്യാസമേഖലയിലെ വൈദഗ്ധ്യത്തിന്റെ പശ്ചാത്തലവുമായിട്ടാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്.

അതുകൊണ്ടാവാം, വിടവാങ്ങല്‍ പ്രസംഗത്തില്‍ ഡോ. രാധാകൃഷ്ണന്റെ ഉദ്ധരണികളെ ഡോ. അന്‍സാരി കൂടുതലായി ആശ്രയിച്ചത്. ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത ഏറിവരുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ ഡോ. എസ് രാധാകൃഷ്ണന്റെ നിരീക്ഷണങ്ങളെ ഒരു കവചമായി ഡോ. അന്‍സാരി കണ്ടിരിക്കാം. രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും വളരുകയാണെന്നും. നിലവിലുള്ള നിയമം നടപ്പാക്കാനുള്ള ശേഷി ഭരണാധികാരികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അന്‍സാരി രാജ്യസഭാ ടിവിയിലെ അഭിമുഖ സംഭാഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. അന്‍സാരിയുടെ വാക്കുകള്‍: ‘ചിലര്‍ പുലര്‍ത്തുന്ന ആധിപത്യവും വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ആള്‍ക്കൂട്ടത്തിന്റെ പൊലീസ് ചമയലും ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളവിടുന്നു. ഈ രാജ്യത്തിന്റെ സവിശേഷതയെന്നു പറയാവുന്ന ഹൃദയവിശാലത ചോദ്യം ചെയ്യപ്പെടുന്നത് നാടിനെ അസ്വസ്ഥമാക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബഹുസ്വരത വെല്ലുവിളിക്കപ്പെടുന്നു. ഒരു കൂട്ടര്‍ ദേശീയതയെന്ന് അവകാശപ്പെടുന്നത് എല്ലാവരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വ്യഗ്രതപ്പെടുന്നു. ഇന്ത്യക്കാരനായിരിക്കുക എന്നതാണ് പ്രധാനം-അതുമാത്രമാണ് പ്രധാനം. ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം-പാഴ്‌സി-സിഖ്-ബുദ്ധ-ജൈന വിഭാഗങ്ങള്‍ക്കെല്ലാം അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിച്ചുകൊണ്ടു ജീവിക്കാം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടന നമ്മുടെ അമൂല്യ സമ്പത്താണ്.’

ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ബാരാടംങ് ദ്വീപു മുഴുവന്‍ ജറാവ വര്‍ഗക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യന്‍ യൂണിയനിലെ ഒരു നിയമവും അവര്‍ക്ക് ബാധകമല്ല. അവരാണ് അവിടെ പരമാധികാരികള്‍

തുടര്‍ന്നുണ്ടായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദന പ്രസംഗത്തില്‍ ഡോ. അന്‍സാരി ഉന്നയിച്ച പ്രധാനകാര്യങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന തന്ത്രമാണ് സ്വീകരിച്ചത്. പകരം ഡോ.
അന്‍സാരിയുടെ പാണ്ഡിത്യത്തേയും നയതന്ത്ര സാമര്‍ത്ഥ്യത്തേയും പുകഴ്ത്തുന്ന ഒരു ഉപരിപ്ലവ പ്രസംഗമായിരുന്നു പ്രധാനമന്ത്രിയുടെ നയതന്ത്രകൗശലം കാഴ്ചവച്ചത്. പുതിയ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു നയതന്ത്ര മര്യാദയുടെ മുഖംമൂടിയൊന്നും അണിയാന്‍ ശ്രമിച്ചില്ല. അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഷയില്‍ത്തന്നെയാണ് സംസാരിച്ചത്:

‘ഇവിടെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണ്. അര്‍ഹമായതെല്ലാം അവര്‍ക്കിവിടെ ലഭിക്കുന്നുണ്ട്.’

 

ന്യൂനപക്ഷ സംരക്ഷണ വിഷയത്തില്‍ നമ്മുടെ മുമ്പില്‍ മഹാത്മജിയുടെ ഒരു മാതൃകയുണ്ട്. സ്വാതന്ത്രേ്യാദയ വേളയില്‍ ഡെല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നും ഗാന്ധിജി പങ്കെടുത്തില്ല. അതൊരു ന്യൂനതയായി പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. പണ്ഡിറ്റ് നെഹ്രു റെഡ്‌ഫോര്‍ട്ടില്‍ ഓഗസ്റ്റ് പതിനഞ്ചാം തീയതി അര്‍ധരാത്രിയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുമ്പോള്‍ മഹാത്മജി കല്‍ക്കട്ടയില്‍ ഹിന്ദു-മുസ്ലീം ലഹള നടക്കുന്ന നവഖാലിയില്‍ സാന്ത്വനക്കുളിര്‍പോലെ സഞ്ചരിക്കുകയായിരുന്നു. പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ക്കും പാക്കിസ്ഥാനും അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് ഒരു മതഭ്രാന്തന്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ഒരു രാജ്യം ആ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന സമീപനമെന്താണ്? അവരുടെ സാംസ്‌കാരികത്തനിമയ്ക്ക് സംരക്ഷണമുണ്ടോ? ഈ സംരക്ഷണം രാജ്യത്തിന്റെ ഔദാര്യമല്ല-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശമാണ്. മാനവികതയുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള തത്വചിന്തകരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.

ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ബാരാടംങ് ദ്വീപു മുഴുവന്‍ ജറാവ വര്‍ഗക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യന്‍ യൂണിയനിലെ ഒരു നിയമവും അവര്‍ക്ക് ബാധകമല്ല. അവരാണ് അവിടെ പരമാധികാരികള്‍. ആ ഗോത്രസംസ്‌കാരം സംരക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ സര്‍ക്കാരും യുനെസ്‌കോയും കോടികള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യന്‍ എങ്ങനെ ജീവിച്ചിരുന്നു? ജറാവ വര്‍ഗക്കാര്‍ ഇന്നും അങ്ങനെ ജീവിച്ചുകൊണ്ടിരിക്കുന്നു. ആ കാട്ടിനുള്ളില്‍ വച്ച് ഒരാധുനിക മനുഷ്യന്‍ അവരുടെ അമ്പേറ്റ് മരിക്കാനിടയായെന്നിരിക്കട്ടെ. അമ്പെയ്തയാള്‍ കുറ്റക്കാരനല്ല. അതിക്രമിച്ച് അവിടേക്കു കടന്നയാളാണ് കുറ്റക്കാരന്‍. ഫലമൂലാദികളോ വേട്ടയാടിക്കിട്ടുന്ന മത്സ്യമാംസാദികളോ ചുട്ടു തിന്നാണവര്‍ ജീവിക്കുന്നത്. ആടയാഭരണങ്ങളുടെ ആധിക്യത്തില്‍ ലഹരി പിടിച്ച ആധുനിക ലോകത്തോടു ചേര്‍ന്നുതന്നെ അവര്‍ പൂര്‍ണ്ണനഗ്നരായി ജീവിക്കുന്നു. മരപ്പൊത്തുകളിലോ ഗുഹകളിലോ അവര്‍ അന്തിയുറങ്ങുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ, മനുഷ്യസ്‌നേഹികളായ മഹാമനീഷികളെല്ലാം (ഐക്യരാഷ്ട്രസഭയുള്‍പ്പെടെ) അവരുടെ അസ്തിത്വവും കാത്തുസൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ ചിന്താഗതിയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രതിനിധിയാണ് മഹാത്മജി. അതുകൊണ്ടാണ് സ്വാതന്ത്ര്യദിനപ്പാതിരാത്രിയില്‍ കൊള്ളയടിക്കപ്പെടുകയും കൊലക്കത്തിക്കിരയാവുകയും ചെയ്തുകൊണ്ടിരുന്ന ഒരു മേഖലയിലേക്ക് മഹാത്മജി നിരായുധനായി നിര്‍ഭയനായി ശാന്തിദൂതനേപ്പോലെ നടന്നെത്തിയത്. അതേ വികാരത്തിന്റെ ഒരു വര്‍ത്തമാനകാല പ്രകാശമാണ് ഡോ. അന്‍സാരിയുടെ വിടവാങ്ങല്‍ പ്രസംഗത്തിലും നാം കണ്ടത്.

(കോട്ടയം കുറിച്ചിത്താനത്തെ ശ്രീധരി സംരംഭത്തിന്റെ സാരഥിയാണ് ലേഖകന്‍. Mob: 9447129150, Website: spnampoothiry.com, email: espsyreedhary@gmail.com)

Comments

comments

Categories: FK Special, Slider