റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റിലെത്തിയത് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റിലെത്തിയത് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

സ്വകാര്യ ഓഹരി കമ്പനികളും വെല്‍ത്ത് ഫണ്ടുകളുമാണ് ഇന്ത്യയിലെ റീട്ടെയ്ല്‍ റിയല്‍റ്റിയില്‍ ആകൃഷ്ടരായത്

ന്യൂ ഡെല്‍ഹി : രാജ്യത്തെ റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റില്‍ 2017 ആദ്യ പകുതിയിലെത്തിയത് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ സിബിആര്‍ഇ. സ്വകാര്യ ഓഹരി കമ്പനികളും വെല്‍ത്ത് ഫണ്ടുകളുമാണ് ഇന്ത്യയിലെ റീട്ടെയ്ല്‍ റിയല്‍റ്റിയില്‍ ആകൃഷ്ടരായത്.

ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ പുതുതായി ഏകദേശം 1.5 മില്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റാണ് വിപണിയിലെത്തിയത്. ഇവയില്‍ മിക്കതും മുംബൈ, ബെംഗളൂരു, ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിലായിരുന്നുവെന്ന് ഇന്ത്യാ റീട്ടെയ്ല്‍ മാര്‍ക്കറ്റ് വ്യൂ എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ-ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് 2017 ജനുവരി-ജൂണ്‍ കാലയളവില്‍ വിപണിയില്‍ ലഭ്യമായ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റില്‍ ഇടിവ് സംഭവിച്ചു. 2016 രണ്ടാം പകുതിയില്‍ ആകെ 1.9 മില്യണ്‍ ചതുരശ്ര അടി പുതിയ റീട്ടെയ്ല്‍ സ്‌പേസാണ് വിപണിയില്‍ ലഭ്യമായിരുന്നത്.

ഈ വര്‍ഷത്തെ ആഗോള റീട്ടെയ്ല്‍ ഡെവലപ്‌മെന്റ് സൂചികയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തിയിരുന്നു

നിലവാരമുള്ള സ്‌പേസിന് വിപണിയില്‍ ലഭ്യമായതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴും ഡിമാന്‍ഡെന്ന് സിബിആര്‍ഇ സൗത്ത് ഏഷ്യയിലെ ഇന്ത്യാ റീട്ടെയ്ല്‍ സര്‍വീസസ് മേധാവി വിവേക് കൗള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് സെഗ്‌മെന്റ് ക്രമാതീതമായി വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ആഗോള ബ്രാന്‍ഡുകള്‍ വലിയ നഗരങ്ങളിലെ റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് നിര്‍മ്മാണങ്ങളെ പരിഗണിക്കുന്നവേളയില്‍ത്തന്നെ ചെറിയ നഗരങ്ങള്‍ക്കും ഇപ്പോള്‍ പ്രാധാന്യം കൈവരുന്നുണ്ട്.

ആഗോള റീട്ടെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ട റീട്ടെയ്ല്‍ ഡെസ്റ്റിനേഷനായി ഇന്ത്യ വളര്‍ന്നുവരുന്നതിന്റെ ലക്ഷണങ്ങളാണ് സിബിആര്‍ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനയെ പിന്നിലാക്കി ഈ വര്‍ഷം ആഗോള റീട്ടെയ്ല്‍ ഡെവലപ്‌മെന്റ് സൂചികയില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു.

70 പുതിയ ആഗോള, ആഭ്യന്തര ബ്രാന്‍ഡുകളുടെ പ്രവേശനത്തിനോ വിപുലീകരണത്തിനോ ആണ് മുംബൈ, ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖല, ബെംഗളൂരു നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. അതേസമയം ഇന്ത്യയില്‍ ഏഴ് പുതിയ ആഗോള ബ്രാന്‍ഡുകള്‍ രംഗപ്രവേശം ചെയ്തു.

2017 ആദ്യ പകുതിയില്‍ പുതുതായി ഏറ്റവുമധികം റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് ലഭ്യമായത് മുംബൈയിലാണ്. സീവുഡ്‌സ് ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആകെ പത്ത് ലക്ഷം ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസാണ് റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെത്തിയത്.

Comments

comments

Categories: Business & Economy