സര്‍വറുകള്‍ രാജ്യത്ത് തന്നെ സ്ഥാപിക്കുന്നതിന് വിദേശ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദവുമായി ഇന്ത്യ

സര്‍വറുകള്‍ രാജ്യത്ത് തന്നെ സ്ഥാപിക്കുന്നതിന് വിദേശ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദവുമായി ഇന്ത്യ

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് കേന്ദ്രത്തിന്റെ തീരുമാനം തലവേദന ആകും

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിദേശ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളോട് അവരുടെ സര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. സുരക്ഷാ ലംഘനങ്ങള്‍ സംബന്ധിച്ച് ആശങ്ക വര്‍ധിക്കുന്നതിനാലാണ് കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നത്.

മിക്ക ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാര്‍ക്കും അവരുടെ മാതൃരാജ്യത്താണ് സര്‍വറുകള്‍ ഉള്ളതെന്നതും പ്രധാന ആശങ്കയാണ്. അമിതമായ തരത്തില്‍ ഉപയോക്താവിന്റെ ഡാറ്റ ചില ആപ്പുകള്‍ കരസ്ഥമാക്കുന്നതും രാജ്യത്തിന് പുറത്തുള്ള മൂന്നാംകക്ഷികള്‍ക്ക് വിവരങ്ങള്‍ ചോര്‍ന്ന് പോകുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇക്കാര്യം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും സര്‍വറുകള്‍ ഇന്ത്യക്ക് പുറത്തുള്ളതിനാല്‍ ഡാറ്റ പ്രോസസംഗ് വാണിജ്യ ചൂഷണത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറിയെന്നും അവര്‍ പറയുന്നു.

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മൊബീല്‍ ഫോണുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഓഗസ്റ്റ് 28 നകം അവര്‍ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ചൈനീസ് കമ്പനികളാണ്. ഇന്ത്യയുടെ 100 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയോളം ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഷഓമി, ഓപ്പോ, വിവോ, ലെനോവോ, ജിയോണി എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ഈ കമ്പനികളുടെയല്ലാം സെര്‍വര്‍ ചൈനയിലാണ്. ഷഓമിക്ക് ചൈനയിലും സിംഗപ്പൂരും സര്‍വറുകളുണ്ട്.

ഇന്ത്യയുടെ 100 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയോളം കൈയടക്കിവച്ചിരിക്കുന്നത് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ്

ചില കമ്പനികള്‍ വാണിജ്യ ധനസമാഹരണത്തിനായി ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നുവെന്നും അത് തെറ്റാണെന്നും പരിഹരിക്കപ്പെടേണ്ടതാണെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അനുമതിയില്ലാതെ ഡാറ്റ ശേഖരിക്കുന്നതും രാജ്യത്തിന് പുറത്ത് അതുപയോഗിക്കുന്നതും മറ്റൊരു പ്രശ്‌നമാണെന്നും അവര്‍ പറയുന്നു.

ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. രാജ്യത്തെ ടെലികോം, പവര്‍ ട്രാന്‍സ്മിഷന്‍ മേഖലകളില്‍ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനെ ചെറുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ചൈനീസ് കമ്പനിയായ ഷാംഗ്വായ് ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗ്ലാന്‍ഡ് ഫാര്‍മയെ 1.3 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാന്‍ നടത്തിയ നീക്കങ്ങളെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതുകൂടാതെ 93 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ആന്റി-ഡംപിംഗ് നികുതി ഏര്‍പ്പെടുത്തിയിരുന്നു.

ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് രാജ്യത്തിന് ദോഷകരമായ പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ ഇന്ത്യയില്‍ സര്‍വറുകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ക്ക് അവര്‍ക്ക് സമയം നല്‍കും. പ്രാദേശിക സര്‍വറുകള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യ ആദ്യമായല്ല വിദേശ കമ്പനികളോട് ആവശ്യപ്പെടുന്നത്. 2008 ല്‍ കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറിയോട് അവരുടെ സെര്‍വറുകള്‍ ഇന്ത്യയിലേക്ക് സുരക്ഷിതമായി മാറ്റാന്‍ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇ-മെയ്‌ലുകളുടെ നിരീക്ഷണം സംബന്ധിച്ചുള്ള സുരക്ഷാ ഏജന്‍സികളുടെ ആശങ്കയെ തുടര്‍ന്നായിരുന്നുവിത്. 2012ല്‍ ബ്ലാക്‌ബെറി കമ്പനി മുംബൈയില്‍ സര്‍വര്‍ സ്ഥാപിച്ചു. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയുള്ളതിന്റെ പശ്ചാത്തലത്തിനൊപ്പം അവിടെ നിന്ന് ടെലികോം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുന്നത് സംബന്ധിച്ചുയരുന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Comments

comments

Categories: More