ഉയര്‍ന്ന സെസ്സ് വിപണിയെ തളര്‍ത്തുമെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍

ഉയര്‍ന്ന സെസ്സ് വിപണിയെ തളര്‍ത്തുമെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍

ജിഎസ്ടിയോടൊപ്പം കുറഞ്ഞ നിരക്കിലുള്ള സെസ്സ് ചുമത്തിയത് ആഡംബര കാര്‍ നിര്‍മ്മാതാക്കളെ നേരത്തെ ആവേശഭരിതരാക്കിയിരുന്നു

മുംബൈ : വലിയ വാഹനങ്ങള്‍ക്ക് ചരക്ക് സേവന നികുതിയോടൊപ്പമുള്ള സെസ്സ് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വിപണിയെ തളര്‍ത്തുമെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ആഡംബര കാര്‍ വിപണി ഇരട്ടയക്ക വളര്‍ച്ച നേടാന്‍ തയ്യാറെടുക്കുമ്പോഴാണ് സെസ്സ് വര്‍ധിപ്പിക്കുമെന്ന ഇപ്പോഴത്തെ പ്രഹരം. പുതിയ സാഹചര്യത്തില്‍, 2017 ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും ആഡംബര കാര്‍ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുമെന്നാണ് കമ്പനികളുടെ ആശങ്ക. 2016 ശോകമൂകമായിരുന്നെങ്കില്‍, 2017 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍വന്ന ചരക്ക് സേവന നികുതിയോടൊപ്പം കുറഞ്ഞ നിരക്കിലുള്ള സെസ്സ് ചുമത്തിയത് ആഡംബര കാര്‍ നിര്‍മ്മാതാക്കളെ ആവേശഭരിതരാക്കിയിരുന്നു.

ജിഎസ്ടിക്കാലത്ത് ആഡംബര വാഹനങ്ങള്‍ക്ക് വില കുറയുമെന്ന് കണ്ടതോടെ ഒട്ടും സമയം കളയാതെ അതാത് കമ്പനികള്‍ ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ മാസമാദ്യമാണ് വലിയ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമുള്ള സെസ്സ് നിലവിലെ 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. ഇതോടെ 28 ശതമാനം ജിഎസ്ടിയും 25 ശതമാനം സെസ്സുമടക്കം ആകെ 53 ശതമാനമാണ് വലിയ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുംമേലുള്ള നികുതി ഭാരം. സെസ്സ് വര്‍ധിപ്പിച്ച തീരുമാനം പ്രാബല്യത്തിലായിട്ടില്ല.

ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ സൂചിപ്പിക്കുന്നത്

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനത്തോടെ ആഡംബര വാഹനങ്ങള്‍ക്ക് ചുമത്തുന്ന നികുതി ജൂലൈ ഒന്നിന് മുമ്പത്തെ അവസ്ഥയിലെത്തി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. സെസ്സ് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ച കൈവരിക്കാന്‍ കഴിയില്ല. കൂടാതെ ഭാവി നിക്ഷേപങ്ങളെ ബാധിക്കുമെന്നും തൊഴിലുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്നും വിവിധ ആഡംബര വാഹന കമ്പനികളുടെ മേധാവികള്‍ പറഞ്ഞു. ഔഡി ഇന്ത്യയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് ലക്ഷ്യം വെച്ചതെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കുക പ്രയാസമാണെന്നും ഔഡി ഇന്ത്യാ ഡയറക്റ്റര്‍ രാഹില്‍ അന്‍സാരി തുറന്നുപറഞ്ഞു.

2016 ല്‍ ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ രണ്ട് ശതമാനം ഇടിവാണ് സംഭവിച്ചത്. 35,500 ഓളം യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതും വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് ഈ വര്‍ഷം 40,000 യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. ആദ്യ ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവ ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന് കണക്കുകൂട്ടിയിരുന്നു.

ജിഎസ്ടി കൗണ്‍സിലിന്റെ ഇപ്പോഴത്തെ തീരുമാനം എല്ലാ പദ്ധതികളെയും തകിടം മറിച്ചതായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ വില്‍പ്പന വളര്‍ച്ച ഉയര്‍ന്ന രണ്ടക്കത്തിലെത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന സെസ്സ് ഈ വളര്‍ച്ചയെ പിറകോട്ട് പിടിച്ചുവലിക്കുമെന്ന് ഇന്ത്യാ മേധാവി രോഹിത് സൂരി ആശങ്കപ്പെട്ടു. ഇന്ത്യയില്‍ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ മോഡലുകള്‍ പ്രാദേശികമായി നിര്‍മ്മിക്കാനുമായിരുന്നു ജെഎല്‍ആറിന്റെ പദ്ധതി.

Comments

comments

Categories: Auto