ഇന്ത്യയില്‍ ‘മിനി’ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ബിഎംഡബ്ല്യു

ഇന്ത്യയില്‍ ‘മിനി’ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ബിഎംഡബ്ല്യു

ഈ കലണ്ടര്‍ വര്‍ഷം തുടങ്ങിയശേഷം വണ്‍ സീരീസ് നിര്‍മ്മിച്ചിട്ടില്ലെന്ന് വിക്രം പാവ

ചെന്നൈ : ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ ‘മിനി’ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു. ഈ കലണ്ടര്‍ വര്‍ഷം തുടങ്ങിയശേഷം വണ്‍ സീരീസ് നിര്‍മ്മിച്ചിട്ടില്ലെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വ്യക്തമാക്കി. ബിഎംഡബ്ല്യുവിന്റെ ഇംഗ്ലണ്ട് ആസ്ഥാനമായ അനുബന്ധ ബ്രാന്‍ഡാണ് ചെറു കാറുകള്‍ നിര്‍മ്മിക്കുന്ന മിനി.

ഈ വര്‍ഷം ഇതുവരെ 237 ‘മിനി’ വാഹനങ്ങള്‍ വിറ്റ് 17 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിരുന്നു

2017 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തില്‍ 5,159 യൂണിറ്റ് വാഹനങ്ങള്‍ വിറ്റതായി വിക്രം പാവ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 11.7 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. വണ്‍ സീരീസിന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ വണ്‍ സീരീസിന് പകരം വെയ്ക്കാന്‍ മിനി വാഹനങ്ങള്‍ക്ക് കഴിയുമെന്ന് വിക്രം പാവ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ 237 ‘മിനി’ വാഹനങ്ങള്‍ വിറ്റ് 17 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിരുന്നു.

ബിഎംഡബ്ല്യു അടുത്ത വര്‍ഷം ഇന്ത്യയില്‍ 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, എക്‌സ്3 എന്നീ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. നേരത്തെ പുറത്തിറക്കിയ 3 സീരീസ്, ഈയിടെ അവതരിപ്പിച്ച 5 സീരീസ് എന്നിവയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്ന് വിക്രം പാവ പറഞ്ഞു.

ആഡംബര കാറുകള്‍ക്ക് സെസ്സ് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇതുസംബന്ധിച്ച് വിപണി ഏതുവിധത്തില്‍ പ്രതികരിക്കുമെന്ന് തനിക്കറിയില്ലെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് പറഞ്ഞു.

Comments

comments

Categories: Auto