അപ്രീലിയ എസ്ആര്‍150 പരിഷ്‌കരിക്കും

അപ്രീലിയ എസ്ആര്‍150 പരിഷ്‌കരിക്കും

മുന്നില്‍ അഡ്ജസ്റ്റബിള്‍ ഫോര്‍ക്കുകള്‍ നല്‍കി പരാതികള്‍ പരിഹരിക്കും

ന്യൂ ഡെല്‍ഹി : മുന്നില്‍ അഡ്ജസ്റ്റബിള്‍ ഫോര്‍ക്കുകള്‍ നല്‍കി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി അപ്രീലിയ എസ്ആര്‍150 ആഗോളതലത്തില്‍ പരിഷ്‌കരിക്കും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സ്‌കൂട്ടര്‍ കയ്യടി വാങ്ങുമ്പോഴും ‘വിട്ടുവീഴ്ചയില്ലാത്ത’ സസ്‌പെന്‍ഷന്‍ സംവിധാനം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരാതി പരിഹരിക്കാനാണ് അപ്രീലിയയുടെ തീരുമാനം.

സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ക്രമീകരിക്കാനാണ് അപ്രീലിയ സൗകര്യമൊരുക്കുന്നത്. ഇതുവഴി റൈഡിംഗ് കൂടുതല്‍ സുഖകരമാകും. എസ്ആര്‍150 യുടെ മറ്റൊരു വേരിയന്റിലായിരിക്കും അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ നല്‍കുന്നത്. അല്ലാതെ സ്റ്റാന്‍ഡേഡ് ഫിറ്റ്‌ഫെന്റായി ലഭിക്കില്ല. എസ്ആര്‍150 ‘റേസ്’ വേരിയന്റിലായിരിക്കും അഡ്ജസ്റ്റബിള്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേഡ് ഫീച്ചറായി നല്‍കുകയെന്നാണ് ലഭിക്കുന്ന വിവരം. എസ്ആര്‍150 യില്‍ തല്‍ക്കാലം ഈയൊരു മാറ്റം വരുത്താന്‍ മാത്രമേ അപ്രീലിയ തീരുമാനിച്ചിട്ടുള്ളൂ.

അപ്രീലിയ എസ്ആര്‍150 ‘റേസ്’ വേരിയന്റിലായിരിക്കും അഡ്ജസ്റ്റബിള്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേഡ് ഫീച്ചറായി നല്‍കുക.

154.8 സിസി എന്‍ജിനാണ് അപ്രീലിയ എസ്ആര്‍150 ക്ക് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 10.25 ബിഎച്ച്പി കരുത്തും 11.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. സിവിടിയാണ് ട്രാന്‍സ്മിഷന്‍. നിലവില്‍ സ്‌കൂട്ടറിന്റെ മുന്നില്‍ ഹൈഡ്രോളിക് ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ സിംഗിള്‍ സൈഡഡ് ഷോക്ക് അബ്‌സോര്‍ബറുമാണ് നല്‍കിയിരിക്കുന്നത്. 14 ഇഞ്ച് വീലുകളില്‍ മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140 എംഎം ഡ്രം ബ്രേക്കുമാണ്.

അപ്രീലിയ എസ്ആര്‍150 യുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില 69,000 രൂപയും എസ്ആര്‍150 റേസിന്റെ വില 70,288 രൂപയുമാണ്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, പരിഷ്‌കരിച്ച എസ്ആര്‍150 ക്ക് നിലവിലെ എസ്ആര്‍150 റേസിനേക്കാള്‍ 4,000-50,00 രൂപ അധികം നല്‍കേണ്ടിവരും.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ അപ്രീലിയ എസ്ആര്‍150, നിരത്തുകളിലെപ്പോലെ വില്‍പ്പനയിലും അതിവേഗ കുതിപ്പ് തുടരുകയാണ്.

Comments

comments

Categories: Auto