പഠിക്കാന്‍ പുസ്തകമില്ല; കുട്ടികള്‍ വലയുന്നു

പഠിക്കാന്‍ പുസ്തകമില്ല; കുട്ടികള്‍ വലയുന്നു

പരീക്ഷക്കാലമെത്തിയിട്ടും പുസ്തകങ്ങളില്ലാത്തത് കുട്ടികളെ സമ്മര്‍ദ്ദത്തിലാകുന്നു

കേരളത്തില്‍ ഓരോ അധ്യയനവര്‍ഷവും തുടങ്ങിയിരുന്നത് പാഠപുസ്തക വിവാദത്തോടെയായിരുന്നു. അച്ചടിച്ചു തീരാത്ത പാഠപുസ്തകങ്ങള്‍ അധ്യയന വര്‍ഷം തീരാറായാലും ലഭിക്കാത്തതിനെച്ചൊല്ലിയായിരുന്നു ഏറിയ പങ്കും വിവാദങ്ങള്‍ ഉടലെടുത്തിരുന്നത്. ഇതിനെതിരേ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷകക്ഷികളും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധത്തില്‍ ഓരോ അധ്യയനവര്‍ഷത്തിന്റെയും തുടക്കം മുങ്ങിപ്പോകുന്നതായിരുന്നു സമീപകാല ചരിത്രം. രാഷ്ട്രീയ താല്‍പര്യങ്ങളെന്തൊക്കെ ആയാലും വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനാവശ്യമാണ് സിലബസ് അനുസരിച്ചു തയാറാക്കുന്ന പാഠപുസ്തകങ്ങള്‍.

ഈയവസ്ഥയ്ക്കു കേരളത്തില്‍ മാറ്റം വന്നെങ്കിലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന സംസ്ഥാനങ്ങളാണ് രാജ്യത്ത് അധികവും. വിദ്യാഭ്യാസത്തിലും ജീവിത നിലവാര സൂചികയിലും കേരളീയര്‍ക്കു വളരെ പിന്നിലെന്ന് പലപ്പോഴും ആക്ഷേപിക്കപ്പെടാറുള്ള ഉത്തര്‍പ്രദേശിലെ സ്ഥിതി തന്നെ നോക്കാം. സംസ്ഥാനത്തെ ബന്ദ ജില്ലയിലെ നാരായണീസ് ജൂനിയര്‍ സ്‌കൂളിലും പഛോഖര്‍ പ്രൈമറി സ്‌കൂളിലും പാഠപുസ്തകങ്ങളുടെ ക്ഷാമം കുട്ടികളെ വളരെ വ്യത്യസ്തമായ ഒരു കൊടുക്കല്‍ വാങ്ങലിനാണ് പ്രേരിപ്പിച്ചത്. ഭൂരിപക്ഷം കുട്ടികള്‍ക്കും ഇതു വരെ പാഠപുസ്തകങ്ങള്‍ കിട്ടിയിട്ടില്ല. പാഠപുസ്തകങ്ങള്‍ ഊഴം വെച്ച് വീട്ടില്‍ കൊണ്ടു പോകുകയും പഠിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പുതിയ അധ്യയന വര്‍ഷം തുടങ്ങി നാലു മാസം കഴിഞ്ഞിട്ടും ഈ സ്ഥിതിക്കു മാറ്റമില്ല.

ബന്ദ ജില്ലയിലെ നാരായണീസ് ജൂനിയര്‍ സ്‌കൂളിലും പഛോഖര്‍ പ്രൈമറി സ്‌കൂളിലും പാഠപുസ്തകങ്ങളുടെ ക്ഷാമം കുട്ടികളെ വളരെ വ്യത്യസ്തമായ ഒരു കൊടുക്കല്‍ വാങ്ങലിനാണ് പ്രേരിപ്പിച്ചത്. ഭൂരിപക്ഷം കുട്ടികള്‍ക്കും ഇതു വരെ പാഠപുസ്തകങ്ങള്‍ കിട്ടിയിട്ടില്ല. പാഠപുസ്തകങ്ങള്‍ ഊഴം വെച്ച് വീട്ടില്‍ കൊണ്ടു പോകുകയും പഠിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പുതിയ അധ്യയന വര്‍ഷം തുടങ്ങി നാലു മാസം കഴിഞ്ഞിട്ടും ഈ സ്ഥിതിക്കു മാറ്റമില്ല

പുസ്തകങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കാത്തതാണ് പ്രധാന കാരണമെന്ന് പഛോഖര്‍ സ്‌കൂളിലെ അധ്യാപിക ഗീത പറയുന്നു. 2009-ലെ വിദ്യാഭ്യാസാവകാശ നിയമത്തിലെ ചട്ടങ്ങളുടെ ലംഘനമാണിത്. ആറു മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഉദ്‌ഘോഷിക്കുന്ന നിയമത്തില്‍ യൂണിഫോം, പാഠപുസ്തകങ്ങളുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കുട്ടികള്‍ വളരെ സങ്കടപ്പെട്ടാണു വീട്ടില്‍ വന്നു കയറുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പുസ്തകം വാങ്ങിക്കൊണ്ടു ചെന്നില്ലെങ്കില്‍ ടീച്ചര്‍ ശിക്ഷിക്കുമെന്നാണ് കുട്ടികളുടെ വിഷമം. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ ധര്‍മ്മസങ്കടം രക്ഷിതാക്കളും മനസിലാക്കുന്നുണ്ട്. പുസ്തകക്ഷാമം സംബന്ധിച്ച് അധ്യാപകരും സ്‌കൂള്‍ മാനെജ്‌മെന്റുമായി സംസാരിച്ചു. അവരും കൈമലര്‍ത്തുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആറു പുസ്തകങ്ങള്‍ വേണ്ടിടത്ത് രണ്ടെണ്ണം മാത്രം ലഭിച്ചവരുമുണ്ട്. ഇല്ലാത്ത പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ എങ്ങനെ പഠിക്കുമെന്നാണ് അവരുടെ ആശങ്ക. ടീച്ചര്‍മാര്‍ ബോര്‍ഡില്‍ എഴുതിയിടുന്ന നോട്ടുകള്‍ പകര്‍ത്തി പഠിക്കുകയാണ് പോംവഴി. എന്നാല്‍ പുസ്തകത്തിലുള്ള പാഠഭാഗങ്ങള്‍ ഒട്ടാകെ എഴുതുകയെന്നത് അപ്രായോഗികമാണ്. സിലബസിലുള്ള കാര്യങ്ങളെല്ലാം പഠിപ്പിക്കുന്നതെങ്ങനെയെന്നും ആശങ്ക വര്‍ധിപ്പിക്കുന്നു.

മുന്‍ വര്‍ഷം പഠിച്ചു പോയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ ശേഖരിച്ചു പഠിപ്പിക്കുകയാണ് നാരായണിസ് ജൂനിയര്‍ സ്‌കൂള്‍ ചെയ്യുന്നതെന്ന് പ്രധാനാധ്യാപകന്‍ പറയുന്നു. മുതിര്‍ന്ന ക്ലാസിലേക്കു സ്ഥാനക്കയറ്റം കിട്ടുന്നവര്‍ പഴയ പുസ്തകങ്ങള്‍ ജൂനിയര്‍മാര്‍ക്കു നല്‍കുന്നു. അങ്ങനെയാണിപ്പോള്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ വിഷയത്തിലെ പാടപുസ്തകം കിട്ടണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള പുസ്തകം സഹപാഠിക്ക് കൊണ്ടു പോകാന്‍ ഓരോരുത്തരം മാറിമാറി അവസരം നല്‍കുന്നു.

ഉദാഹരണത്തിന് ഒരാളുടെ കൈയില്‍ ഗണിതപാഠപുസ്തകമാണുള്ളതെങ്കില്‍  നിശ്ചിത ദിവസം സഹപാഠിക്ക് അതു പഠിക്കാന്‍ അവസരം നല്‍കും. ആ ദിവസം തനിക്കില്ലാത്ത മറ്റൊരു പുസ്തകമാകും പ്രസ്തുത വിദ്യാര്‍ത്ഥി പഠിക്കുക. ഒരു പുസ്തകം ഒരവസരത്തില്‍ രണ്ടോ അഞ്ചോ പേരടങ്ങുന്ന സംഘത്തിനു പഠിക്കാന്‍ നല്‍കും. ഇത്തരം പകരം നല്‍കുന്ന ഏര്‍പ്പാടുകളിലൂടെയാണ് അധ്യയനം മുമ്പോട്ടു പോകുന്നത്. സ്‌കൂളുകള്‍ തുറന്ന ജൂണ്‍ അഞ്ചിനു ശേഷം ഇതുവരെ 2,65,000 പുസ്തകങ്ങളാണ് വിതരണത്തിനെത്തിയതെന്നും ഇതില്‍ 1,90,580 പുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നുമാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചത്. ബാക്കിയുള്ളവ വരുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. എന്നാലത് എന്നത്തേക്കാവുമെന്ന് ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. ഈ ഉത്തരമില്ലായ്മയാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വളര്‍ത്തുന്നത്. ഒന്നാം പാദ പരീക്ഷകള്‍ തൊട്ടു മുമ്പിലെത്തിയിട്ടും പുസ്തകങ്ങള്‍ കിട്ടാത്തത് വിദ്യാര്‍ത്ഥികളെയെന്ന പോലെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. പരീക്ഷയ്ക്കു തയാറെടുക്കുന്നതു സംബന്ധിച്ച് മക്കളുടെ സമ്മര്‍ദ്ദം അവരെ നിസ്സഹായരാക്കുകയാണ്.

Comments

comments

Categories: FK Special, Slider