വെല്‍കം ടു തിഹാര്‍ ജയില്‍

വെല്‍കം ടു തിഹാര്‍ ജയില്‍

ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മുഹമ്മദ് റാഫി നൈറ്റില്‍ പാടുന്ന ഗായകന്‍ ധീരജ് ബജാജ് തിഹാര്‍ ജയിലിന്റെ സൃഷ്ടിയാണ്

തെറ്റ് മനുഷ്യസഹജമാണ്, പൊറുക്കുക ദൈവികവും എന്ന ബൈബിള്‍ വാചകമാണ് ആധുനിക ജനാധിപത്യ സമൂഹത്തെ മുമ്പോട്ടു നയിക്കേണ്ടത്. കുറ്റകൃത്യങ്ങള്‍ മൃതമായ മനസിന്റെ പരിണിതഫലമാണ്. നിയമത്തിനു മുമ്പില്‍ തെളിയിക്കപ്പെടുന്ന കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് പോലും ഇന്നു മിക്കവാറും രാജ്യങ്ങളില്‍ ഭൂരിഭാഗം പ്രതികള്‍ക്കു ലഭിക്കുക ദീര്‍ഘകാല ജയില്‍ ശിക്ഷയാണ്. വധശിക്ഷയ്‌ക്കെതിരേ ലോകവ്യാപകമായി തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനാലാണിത്. ജയിലിനെ ഒരു തെറ്റുതിരുത്തല്‍ ഭവനം (കറക്ഷന്‍ ഹൗസ്) എന്ന നിലയ്ക്കാണ് നിയമങ്ങളില്‍ വിവക്ഷിക്കാറുള്ളതെങ്കിലും സമൂഹവിരുദ്ധരും ക്രൂരന്മാരുമായവരുടെ സങ്കേതം എന്ന നിലയില്‍ പൊതുസമൂഹം അവജ്ഞയോടെയാണ് അവയെ കാണുന്നത്. കുറ്റകൃത്യത്തിനാണു ശിക്ഷ നല്‍കേണ്ടത് കുറ്റം ചെയ്ത മനുഷ്യനെയല്ല ശിക്ഷിക്കേണ്ടത് എന്ന ഹൃദയവിശാലത പലരും ഉള്‍ക്കൊള്ളാറില്ല. പൊതുസമൂഹത്തിന്റെ മാത്രമല്ല, ജയിലുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഒരുപാട് ജയില്‍പരിഷ്‌കരണ നിയമങ്ങളും ജയില്‍ ജീവിതം മെച്ചപ്പെടുത്താനുള്ള കമ്മീഷനുകളും വന്നിട്ടുണ്ടെങ്കിലും അവയെല്ലാം പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്കും ജയില്‍പ്പുള്ളികള്‍ക്കും നീതി ലഭിക്കുന്നതിന് അപര്യാപ്തമായി തുടരുന്നു.

“ശരിക്കും ചാനല്‍ റിയാലിറ്റി ഷോ പോലെ തന്നെയാണ് തിഹാര്‍ ജയിലിലും ഐഡല്‍സ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 500 പേര്‍ക്ക് ഓഡിഷന്‍ നടത്തി 300 പേരെ ചുരുക്കപ്പെട്ടികയില്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് സംഘാടകര്‍ 200 പേരെ തെരഞ്ഞെടുക്കും. 16 പേരാണ് അവസാനവട്ട മല്‍സരംഗത്തുണ്ടാകുക. അവസാനഘട്ട മല്‍സരത്തില്‍ വിധി നിര്‍ണയത്തിനെത്തിയത് ബോളിവുഡ് ഗായകരും നടന്മാരുമായിരുന്നു.”

 

രാജ്യത്തെ ഏറ്റവും വലിയ തടവറയാണ് തിഹാര്‍ ജയില്‍. രോഗശമനത്തിന് ചികില്‍സയും ശ്രദ്ധയും നല്‍കുന്ന ആശുപത്രികളിലേതിനു സമാനമായ അന്തരീക്ഷമാണ് ജയിലുകളിലും ഉണ്ടാകേണ്ടതെന്നാണ് തിഹാറിന്റെ ആപ്തവാക്യം. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള നവീകരണശ്രമങ്ങള്‍ കുറ്റവാളികളുടെ മനസില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജയില്‍പ്പുള്ളികളുടെ സര്‍വ്വതോന്മുഖ വികാസം ലക്ഷ്യമാക്കി ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ പരിപാടിയാണ് തിഹാര്‍ ഐഡല്‍സ് എന്ന പേരില്‍ റിയാലിറ്റി മാതൃകയില്‍ പാട്ടുമല്‍സരം. ജയില്‍ അധികൃതരുടെ ആത്മാര്‍ത്ഥതയും തടവുപുള്ളികളുടെ ആവേശവും പരിപാടിക്ക് പ്രതീക്ഷിക്കാത്ത വിജയമാണ് സമ്മാനിച്ചത്.

2011ല്‍ വസ്തുതര്‍ക്ക കേസിനെത്തുടര്‍ന്ന് തിഹാറിലെത്തിയ ധീരജ്, മൂന്നു വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചു. നല്ലനടപ്പിന്റെ പേരില്‍ 11 തവണ ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം നേടാനായി. ഇന്ന് മികച്ചൊരു ഗായകനായി പേരെടുത്ത ധീരജ് ബജാജ് സംഗീതപരിപാടിക്കു വാങ്ങുന്ന പ്രതിഫലം 1.5 ലക്ഷം രൂപയാണ്. ഇതേപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കാം, ” മഹാഗായകന്‍ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനാണു ഞാന്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്നതാണ് ഇഷ്ടവിനോദം. മൂന്നു കൊല്ലം തിഹാര്‍ ജയിലിലെ അന്തേവാസിയായിരുന്നു താന്‍. അക്കൂട്ടത്തില്‍പ്പെട്ട ഏറ്റവും ഭാഗ്യവാനായ വ്യക്തിയായി സ്വയം കണക്കാക്കുന്നു. കാരണം, ജയില്‍ അധികൃതരുടെ പരിഷ്‌കരണപരിപാടികളിലൂടെ ജീവിതം മാറ്റി മറിക്കപ്പെട്ട വ്യക്തിയാണു താന്‍. തിഹാര്‍ ഐഡല്‍സില്‍ പങ്കെടുത്തപ്പോള്‍ ജയിലധികൃതര്‍ നല്‍കിയ പ്രോല്‍സാഹനവും വൊളണ്ടിയര്‍മാര്‍ നല്‍കിയ പരിശീലനവുമാണ് തന്നിലെ ഗായകനെ വളര്‍ത്തിയത്. ജനക്കൂട്ടത്തിനു മുമ്പില്‍ പാടാന്‍ അത് ആത്മവിശ്വാസമേകി. 2016-ല്‍ എനിക്കു ജാമ്യം ലഭിച്ചു. ഒരു മുഹമ്മദ്‌റാഫി നിശകള്‍ സംഘടിപ്പിക്കുന്ന ഒരു ഗാനമേളട്രൂപ്പില്‍ ചേര്‍ന്ന്. ഒരു പരിപാടിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കും. ഇന്നു ഞാന്‍ നല്ലൊരു ജീവിതം നയിക്കുന്നു,”  അദ്ദേഹം അനുഭവം വിശദീകരിക്കുന്നു.

ധീരജ് മാത്രമല്ല, 500 തടവുപുള്ളികളും സംഗീതത്തിലും നൃത്തത്തിലും താല്‍പര്യം കാട്ടുന്നു. ഇതിലൊരാളാണ് കൊടുംകുറ്റവാളിയായിരുന്ന അക്രം. ഒരു കൊലപാതകം ഉള്‍പ്പെടെ 35 ക്രിമിനല്‍കേസുകളില്‍ പ്രതിയായ അക്രം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. കാടാറുമാസം നാടാറുമാസം എന്ന കണക്കിനു ജയില്‍ കയറിയിറങ്ങുന്നതില്‍ ഹരം കണ്ടെത്തിയവനാണു താനെന്ന് ഇയാള്‍ പറയുന്നു. ”ഏറ്റവും സുരക്ഷിതവും വീരന്മാര്‍ക്കു പറ്റിയ ഇടവുമായാണു ജയിലിനെ കണ്ടിരുന്നത്. ഓരോ തവണ അകത്താകുമ്പോഴും പുറത്തു ചെന്നാല്‍ എന്താണു ചെയ്യേണ്ട കുറ്റകൃത്യങ്ങളെക്കുറിച്ച് വലിയ പദ്ധതികള്‍ തയാറാക്കുമായിരുന്നു. എന്നാല്‍ അവസാനം പാര്‍പ്പിക്കപ്പെട്ട തിഹാര്‍ ജയിലില്‍ കലാപാരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള സഹതടവുകാരുടെ താല്‍പര്യം മെച്ചപ്പെട്ട സാമൂഹിക ജീവിതം കൈവരിക്കണമെന്ന ആഗ്രഹം ജനിപ്പിച്ചു. ക്രിമിനല്‍ മനോഭാവം ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പാട്ടുമല്‍സരത്തില്‍ പങ്കെടുത്തു വിജയിച്ചു. ഇന്ന് സ്വകാര്യ സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാസം 15,000 രൂപ ശമ്പളം കിട്ടുന്നു”.

2011-ലാണ് തിഹാര്‍ ഐഡല്‍സ് തുടങ്ങിയത്. 2014 വരെ അത് തുടര്‍ന്നു. പിന്നീട് അഞ്ചു മാസത്തോളം അത്  നിര്‍ത്തിവെച്ചു. പിന്നീട് സുധീര്‍ യാദവ് ഡിജിപിയായി ചുമതലയേറ്റതോടെ പരിപാടി പുനരാരംഭിച്ചു. ശരിക്കും ചാനല്‍ റിയാലിറ്റി ഷോ പോലെ തന്നെയാണ് ഇവിടെയും പരിപാടി സംഘടിപ്പിക്കുന്നത്. 500 പേര്‍ക്ക് ഓഡിഷന്‍ നടത്തി 300 പേരെ ചുരുക്കപ്പെട്ടികയില്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് സംഘാടകര്‍ 200 പേരെ തെരഞ്ഞെടുക്കും. 16 പേരാണ് അവസാനവട്ട മല്‍സരംഗത്തുണ്ടാകുക. അവസാനഘട്ട മല്‍സരത്തില്‍ വിധി നിര്‍ണയത്തിനെത്തിയത് ബോളിവുഡ് ഗായകരും നടന്മാരുമായിരുന്നു.

നര്‍ത്തകനായ ഭഗീരഥ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട മല്‍സരാര്‍ത്ഥിയാണ്. കുറ്റകൃത്യങ്ങളുടെ ലോകത്തെത്തും മുമ്പ് വെറുമൊരു നര്‍ക്കനായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ” മോഷണക്കേസില്‍പ്പെട്ടാണ് ജയിലിലെത്തിയത്. എന്നാല്‍ സോനു നിഗം, അനുരാധ പൗഡ്‌വാള്‍, സുരേഷ് വാഡ്കര്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളുടെ മുമ്പില്‍ ആടാന്‍ കഴിഞ്ഞതോടെ ഇതാണു തന്റെ  ലോകവും പ്രൊഫഷനുമെന്നു മനസിലാക്കി. ആ ദിവസം എന്നില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഇന്നു മൂന്നു സംഗീത അക്കാദമികളില്‍ ജോലി ചെയ്ത് മിക്ക രീതിയില്‍ സമ്പാദിക്കാനാകുന്നു,”  ഭഗീരഥ് പറയുന്നു. രാജ്ബിര്‍ കോഹ്‌ലിയുടെ കഥയും മറ്റൊന്നല്ല. തിഹാര്‍ ഐഡല്‍സില്‍ പങ്കെടുത്ത അദ്ദേഹം ഇന്ന് സ്വകാര്യസ്‌കൂളില്‍ നൃത്താധ്യാപകനായി ജോലി ചെയ്യുന്നു. പ്രതിമാസ വേതനം 12,000 രൂപ.

“തിഹാര്‍ ഐഡല്‍സിന്റെ വിജയം വലിയ സംതൃപ്തിയാണു നല്‍കുന്നതെന്ന് ഡിജിപി സുധീര്‍ യാദവ് സാക്ഷ്യപ്പെടുത്തുന്നു. ഓരോ ജയില്‍പ്പുള്ളിയിലും ക്രിമിനല്‍ മനോഭാവം ഇല്ലാതാക്കാന്‍ തിഹാര്‍ജയിലിലെ ജീവിതത്തിനു കഴിയുമെങ്കില്‍ താന്‍ കൃതാര്‍ത്ഥനായെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ തെറ്റുകള്‍ വരുത്തിയതു കൊണ്ടാണ് കുറ്റവാളികളായി ജയിലില്‍ വരുന്നത്. എന്നാല്‍ ഒരില്‍ക്കല്‍ ജയില്‍വാസമനുഭവിച്ചെന്നു വെച്ച് സമൂഹത്തിലേക്കു തിരികെ വരാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാകില്ല”

തിഹാര്‍ ഐഡല്‍സിന്റെ വിജയം വലിയ സംതൃപ്തിയാണു നല്‍കുന്നതെന്ന് ഡിജിപി സുധീര്‍ യാദവ് സാക്ഷ്യപ്പെടുത്തുന്നു. ഓരോ ജയില്‍പ്പുള്ളിയിലും ക്രിമിനല്‍ മനോഭാവം ഇല്ലാതാക്കാന്‍ തിഹാര്‍ജയിലിലെ ജീവിതത്തിനു കഴിയുമെങ്കില്‍ താന്‍ കൃതാര്‍ത്ഥനായെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ തെറ്റുകള്‍ വരുത്തിയതു കൊണ്ടാണ് കുറ്റവാളികളായി ജയിലില്‍ വരുന്നത്. എന്നാല്‍ ഒരില്‍ക്കല്‍ ജയില്‍വാസമനുഭവിച്ചെന്നു വെച്ച് സമൂഹത്തിലേക്കു തിരികെ വരാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാകില്ല. എല്ലാവര്‍ക്കും ജീവിതത്തില്‍ രണ്ടാമതൊരു അവസരമെങ്കിലും കൊടുക്കണമെന്നും യാദവ് പറയുന്നു. അവസാനവട്ട മല്‍സരാര്‍ത്ഥികളായ 16 പേരെയും വിധികര്‍ത്താക്കള്‍ മുക്തകണ്ഠം പ്രശംസിച്ചുവെന്ന് ഐജി രാജ്കുമാര്‍ പറയുന്നു. ഭാഷയറിയാത്ത വിദേശികളായ തടവുകാരും മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലീഷില്‍ തയാറാക്കിയ സ്‌ക്രിപ്റ്റുകള്‍ പഠിച്ചാണ് അവര്‍ മല്‍സരിച്ചത്. ഏതായാലും തിഹാര്‍ ജയിലിന് അതൊരു ഉല്‍സവകാലമായിരുന്നു. ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നത് ജീവിതത്തില്‍ ഓരം ചേര്‍ത്തവരെ മുഖ്യധാരയിലേക്ക് ആനയിക്കുമ്പോഴാണെന്ന വാസ്തവം തിഹാര്‍ ഐഡലിന്റെ വിജയം ഓര്‍മ്മപ്പെടുത്തുന്നു.

Comments

comments

Categories: FK Special, Slider