കുട്ടികളുടെ പഠനത്തിന് മാതാപിതാക്കള്‍ ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും ചെലവഴിക്കേണ്ടി വരും

കുട്ടികളുടെ പഠനത്തിന് മാതാപിതാക്കള്‍ ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും ചെലവഴിക്കേണ്ടി വരും

ഒരു കുട്ടിയുടെ പ്രീ പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം ശരാശരി 5,28,486 ദിര്‍ഹം ചെലവ് വരുമെന്ന് സുറിച്ച്

അബുദാബി: യുഎഇയിലെ മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഒരു മില്യണ്‍ ദിര്‍ഹത്തോളം ചെലവിടല്‍ നടത്തേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കുട്ടികളെ പ്രീ സ്‌കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ രാജ്യത്തിന് പുറത്തെ സര്‍വകലാശാലകളിലേക്ക് പഠനത്തിനായി അയക്കുന്നതുവരെയുള്ള ചെലവുകളാണ് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയായ സുറിച്ച് നടത്തിയ വിശകലനം അനുസരിച്ച് യുഎഇയിലെ ഒരു കുട്ടിയുടെ പ്രീ പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം ശരാശരി 5,28,486 ദിര്‍ഹം ചെലവഴിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തെ ചെലവില്‍ നേരിയ വര്‍ധനവ് വന്നിട്ടുണ്ട്. പുസ്തകം, യൂണിഫോം, യാത്ര എന്നിവയ്ക്ക് വേണ്ട ചെലവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാതാപിതാക്കള്‍ ഏറ്റവും ഉയര്‍ന്ന നിരയിലുള്ള സ്‌കൂളുകളിലാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ മൊത്തം ചെലവില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രീ സ്‌കൂള്‍ മുതല്‍ യൂണിവേഴ്‌സിറ്റി വരെ അവശ്യമായ ചെലവുകള്‍ ചേര്‍ത്താല്‍ 938,599 ദിര്‍ഹം ഒരു കുട്ടിയുടെ പഠനത്തിനായി ചെലവ് വരുമെന്ന് സുറിച്ച് വ്യക്തമാക്കി

യൂണിവേഴ്‌സിറ്റി ചെലവ് കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏകദേശം ഒരു മില്യണ്‍ ദിര്‍ഹത്തിന് അടുത്തുവരും കണക്കുകള്‍. പ്രീ സ്‌കൂള്‍ മുതല്‍ യൂണിവേഴ്‌സിറ്റി വരെ അവശ്യമായ ചെലവുകള്‍ ചേര്‍ത്താല്‍ 938,599 ദിര്‍ഹം ഒരു കുട്ടിയുടെ പഠനത്തിനായി ചെലവ് വരുമെന്ന് സുറിച്ച് വ്യക്തമാക്കി.

എച്ച്എസ്ബിസി പുറത്തുവിട്ട കണക്കുകളേക്കാള്‍ വളരെ ഉയരത്തിലുള്ളതാണ് സുറിച്ചിന്റേത്. പ്രൈമറി മുതല്‍ യൂണിവേഴ്‌സിറ്റി വരെ 365,025 ദിര്‍ഹമാണ് ഇവര്‍ പറഞ്ഞിരുന്നത്. ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ചെലവാക്കലാണിത്. ഓരോ വര്‍ഷവും വിദ്യാഭ്യാസത്തിനുള്ള ചെലവ് വര്‍ധിക്കുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാതാപിതാക്കള്‍ പണം കരുതിവയ്ക്കണമെന്നും ഇന്‍ഷുറന്‍സ് കമ്പനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia