ജിയോ ഫോണില്‍ കൂടുതല്‍ റീഫണ്ട് പദ്ധതികള്‍ ഉള്‍പ്പെടുത്തും

ജിയോ ഫോണില്‍ കൂടുതല്‍ റീഫണ്ട് പദ്ധതികള്‍ ഉള്‍പ്പെടുത്തും

ഓഗസ്റ്റ് 24 മുതലാണ് ജിയോ ഫോണ്‍ ബുക്കിംഗ് ആരംഭിക്കുക

മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തത്. തുടക്കം മുതല്‍ മറ്റ് ടെലികോം കമ്പനികളെയും ഉപഭോക്താക്കളെയും ഞെട്ടിച്ച ജിയോ അടുത്തിടെയാണ് ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫീച്ചര്‍ ഫോണ്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫോണ്‍ ലഭിക്കാന്‍ 1500 രൂപ സെക്യൂരിറ്റി നിക്ഷേപമായി നല്‍കണമെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ മടക്കി നല്‍കിയാല്‍ തുക തിരികെ ലഭിക്കുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഫോണ്‍ നിര്‍ദ്ദിഷ്ട കാലാവധിക്ക് മുമ്പ് തന്നെ തിരിച്ച് നല്‍കാനുള്ള അവസരം ഉപഭോക്താക്കള്‍ക്കായി സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ് നിലവില്‍ റിലയന്‍സ് ആലോചിക്കുന്നത്. റീഫണ്ട് സ്‌കീമിന്റെ നിബന്ധനകള്‍ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ജിയോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഓഗസ്റ്റ് 15 മുതല്‍ ജിയോ ഫോണിന്റെ ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചുവെങ്കിലും 24 മുതലാണ് ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുക.

ജിയോ ഫോണിന്റെ 1500 രൂപയുടെ റീഫണ്ട് സ്‌കീം, 153 രൂപയുടെ അധിക പ്രതിമാസ താരിഫ് എന്നിവ സംബന്ധിച്ച് അനലിസ്റ്റുകള്‍ ചോദ്യങ്ങളുയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ റീഫണ്ട് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ കമ്പനിയൊരുങ്ങുന്നത്. ഉപയോക്താക്കളുടെ അടിത്തറ വര്‍ധിപ്പിക്കുകയെന്നത് തന്നെയാണ് ടെലികോം മേഖലയിലെ പുതുമുഖമായ ജിയോയുടെ പ്രഥമ ലക്ഷ്യം. അടിസ്ഥാന 2ജി/ 3ജി ഫോണുകള്‍ മാത്രം ഇപ്പോഴും ഉപയോഗിക്കുന്ന 500 മില്യണ്‍ ഇന്ത്യക്കാരെയാണ് 4ജി ഫോണ്‍ വഴി ജിയോ ഉന്നമിടുന്നത്.

ജിയോ ഫോണിന്റെ 1500 രൂപയുടെ റീഫണ്ട് സ്‌കീം, 153 രൂപയുടെ അധിക പ്രതിമാസ താരിഫ് എന്നിവ സംബന്ധിച്ച് അനലിസ്റ്റുകള്‍ ചോദ്യങ്ങളുയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ റീഫണ്ട് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ കമ്പനിയൊരുങ്ങുന്നത്

പ്രാഥമികമായി വോയ്‌സ് സേവനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഇവര്‍ക്ക് സ്മാര്‍ട്ട് ഫോണിലേക്ക് മാറാന്‍ സാധിക്കാത്തത് ചെലവ് അപ്രാപ്യമായതിനാലാണ്. നിലവില്‍ ജിയോയ്ക്ക് 125 മില്യണ്‍ വരിക്കാരുണ്ട്. എന്നാല്‍ വിപണിയില്‍ 4ജി ഫീച്ചര്‍ ഫോണിന്റെ ലഭ്യതക്കുറവ് മൂലം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ കമ്പനി മന്ദഗതിയിലായി.

ഇന്ത്യയില്‍ ഭൂരിഭാഗം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളില്‍ നിന്നുമുള്ള എആര്‍പിയു (ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 100 രൂപയില്‍ താഴെ മാത്രമാണെന്നും റിലയന്‍സ് ജിയോ ഫോണ്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന പ്രതിമാസ താരിഫായ 153 രൂപയിലും താഴെയാണ് ഇതെന്നും ഗോള്‍ഡ്മാന്‍ സാച്‌സ് അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുതിയ ഡിവൈസിലേക്ക് മാറുന്ന നിലവിലുള്ള 2ജി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യത്തെ 3-6 മാസങ്ങളില്‍ ജിയോ സൗജന്യ സേവനമാണ് നല്‍കേണ്ടതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലും പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy