വളര്‍ച്ച ഉറപ്പാക്കുന്നതില്‍ നിക്ഷേപം പ്രധാനം: സുബ്ബ റാവു

വളര്‍ച്ച ഉറപ്പാക്കുന്നതില്‍ നിക്ഷേപം പ്രധാനം: സുബ്ബ റാവു

നിലവിലെ വളര്‍ച്ചാനിരക്ക് പര്യാപ്തമല്ലെന്ന അഭിപ്രായത്തില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

ഹൈദരാബാദ്: നിക്ഷേപം, പ്രധാനമായും മാനുഫാക്ചറിംഗ് രംഗത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്ത് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനുള്ള താക്കോലാണെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഡി സുബ്ബ റാവു. കഴിഞ്ഞ വാരം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിക്ഷേപത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

കുറഞ്ഞ നിക്ഷേപം, കുറഞ്ഞ കയറ്റുമതി മൂല്യം, താഴ്ന്ന തലത്തിലുള്ള വായ്പാ വളര്‍ച്ച തുടങ്ങിയവയുള്ള സാഹചര്യങ്ങളില്‍ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നിലനിര്‍ത്തുക അസാധ്യമാണെന്നാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സുബ്ബ റാവു പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എന്തു ചെയ്യണം എന്നതിന് ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടാല്‍, നിക്ഷേപം എന്നായിരിക്കും തന്റെ ഉത്തരമെന്നും റാവു വിശദീകരിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് ഹൈദരബാദും ഫെഡറേഷന്‍ ഓഫ് തെലങ്കാന ആന്‍ഡ് ആന്ധ്രാപ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ടിഎപിസിസിഐ)യും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപവും സാമ്പത്തിക വളര്‍ച്ചാ നിരക്കും പരസ്പര പൂരകങ്ങളാണ്. ഇവ തമ്മിലുള്ള ബന്ധം ശക്തവുമാണെന്ന് സുബ്ബ റാവു അഭിപ്രായപ്പെട്ടു. 2003 മുതല്‍ 2008 വരെ നീണ്ട ആഗോള സാമ്പത്തിക മാന്ദ്യത്തിനു മുന്‍പ്, 9 ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ സമയത്ത്, രാജ്യത്തെ നിക്ഷേപം ഉയര്‍ന്ന തലത്തിലായിരുന്നു. മാന്ദ്യത്തിനു ശേഷം നിക്ഷേപം കുറഞ്ഞതോടെ വളര്‍ച്ചാ നിരക്ക് വീണ്ടും ഇടിഞ്ഞു. എന്നാലിന്ന്, നിക്ഷേപത്തിന്റെ ഒഴുക്ക് കുറവാണെന്നും, നിക്ഷേപം ഉയര്‍ന്നില്ലെങ്കില്‍ വളര്‍ച്ചയുടെ വേഗം കൂട്ടുക പ്രയാസമാണെന്നും റാവു ചൂണ്ടിക്കാട്ടി.

ഇന്ന്, ഇന്ത്യയുടെ വികസനവേഗം ഏഴ് ശതമാനത്തിലധികം വളര്‍ച്ചയെ മുന്‍നിര്‍ത്തിയാണ്. പക്ഷെ, ഇത് കുറഞ്ഞ നിരക്ക് മാത്രമാണെന്നാണ് റാവു പറയുന്നത്. കയറ്റുമതിയിലും ചെറിയ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം കുറഞ്ഞ തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്നത്തെ പ്രധാന ആശങ്ക നിക്ഷേപം നടക്കുന്നില്ല എന്നതാണെന്നും സുബ്ബ റാവു വിശദീകരിച്ചു.

Comments

comments

Categories: Top Stories