ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ഖത്തര്‍ മാധ്യമങ്ങളാണെന്ന് ബഹ്‌റൈന്‍

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ഖത്തര്‍ മാധ്യമങ്ങളാണെന്ന് ബഹ്‌റൈന്‍

തെറ്റായ കണക്കുകളുടേയും സര്‍വേകളുടേയും അടിസ്ഥാനത്തില്‍ ബഹ്‌റൈനെക്കുറിച്ച് തയാറാക്കിയ 900 നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ അല്‍ ജസീറ പ്രസിദ്ധീകരിച്ചെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മൊഹമ്മെദ്

മനാമ: ഗള്‍ഫിലെ നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത് ഖത്തറിലെ മാധ്യമങ്ങളാണെന്ന് ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മൊഹമ്മെദ് കുറ്റപ്പെടുത്തി. ബഹ്‌റൈനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി തെറ്റായ വാര്‍ത്തകളാണ് അല്‍ ജസീറ നല്‍കുന്നത്. അതുപോലെ സൗദിയെക്കുറിച്ചുള്ള ആയിരക്കണക്കിന് നെഗറ്റീവ് റിപ്പോര്‍ട്ടുകളും ഇതില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ മാധ്യമങ്ങള്‍ ബഹ്‌റൈനെ അക്രമിക്കുകയാണെന്നും ന്യൂസ് ചാനലുകളിലൂടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് നേരിട്ട് കൈകടത്താനുള്ള ശ്രമമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായ കണക്കുകളുടേയും സര്‍വേകളുടേയും അടിസ്ഥാനത്തില്‍ ബഹ്‌റൈനെക്കുറിച്ച് തയാറാക്കിയ 900 നെഗറ്റീവ് റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമാണ് ചാനല്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ അവഗണിക്കുന്ന അല്‍ ജസീറയുടെ നയങ്ങള്‍ തന്നെയാണ് ഖത്തറുമായുള്ള പ്രതിസന്ധിക്ക് കാരണമായതെന്നും ബിന്‍ മൊഹമ്മെദ് കുറ്റപ്പെടുത്തി.

ഖത്തറിന്റെ പ്രധാന വാര്‍ത്ത ചാനലായ അല്‍ ജസീറയെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അറബ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഉപരോധം നീക്കുന്നതിനായി അല്‍ ജസീറ അടച്ചുപൂട്ടണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.

Comments

comments

Categories: Arabia, Slider