യുപി സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെ  പെരുമാറരുത്

യുപി സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെ  പെരുമാറരുത്

ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച ഉത്തര്‍ പ്രദേശിലെ സ്ഥിതിഗതികള്‍ മോശമാവുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് കൈയൊഴിയുന്ന നിലപാടും പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനവുമാകരുത് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്

ഓക്‌സിജന്‍ സിലിന്‍ഡറുകളുടെ വിതരണം മുടങ്ങിയെന്ന കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ മരിച്ച കുട്ടികളുടെ എണ്ണത്തെക്കുറിച്ചുള്ള വാക് തര്‍ക്കങ്ങളാണ് ഉത്തരവാദിത്തപ്പെട്ട പലര്‍ക്കിടയിലും നടക്കുന്നത്. ചില മാധ്യമങ്ങള്‍ 60 എന്നും മറ്റു ചില മാധ്യമങ്ങള്‍ 30 എന്നും ആശുപത്രി അധികൃതര്‍ മറ്റൊരു സംഖ്യയുമെല്ലാം പറയുന്നു. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെയും ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ അവിടത്തെ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെ പാരമ്യമാണ് പ്രകടമാകുന്നത്. എന്തുകൊണ്ടാണ് ഇത്ര വലിയൊരു വിഷയത്തില്‍ വാക് തര്‍ക്കങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമുള്ള സാഹചര്യം ഉണ്ടാക്കുന്നത്. ആശുപത്രി മേധാവികളും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇപ്പോഴും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വെറുതെ കുറ്റപ്പെടുത്തല്‍ നടത്താതെ, ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കിയവര്‍ക്കെതിരെ മുന്‍പിന്‍ നോക്കാതെ നടപടി എടുക്കാനും ഇനിയെങ്കിലും ഈ സാഹചര്യമുണ്ടാകാതെ നോക്കാനുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയപരമായി ഈ വിഷയത്തെ സമീപിക്കുന്ന മറ്റ് പാര്‍ട്ടികളെപോലെ തന്നെ രാഷ്ട്രീയപരമായി, ആത്മാര്‍ത്ഥതയില്ലാതെ അതിനെ നേരിടാനല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളെജില്‍ നടന്ന ഈ ദാരുണമായ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തന്നെയാണ്. ആത്യന്തികമായി ഉത്തരവാദിത്തമേറ്റെടുക്കേണ്ടത് യുപി മുഖ്യമന്ത്രിയും. കൃത്യമായ ഇടപെടലുകള്‍ ഓരോ തലത്തിലും മുമ്പ് നടന്നിരുന്നെങ്കില്‍ ഇങ്ങനെയൊരു വിപത്ത് സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മരണ സംഖ്യയെക്കാള്‍ കുറവാണ് ഈ വര്‍ഷത്തെ സംഖ്യ എന്നെല്ലാമുള്ള ബാലിശവും ഉത്തരവാദിത്തമില്ലാത്തതും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളാണ് പലരുടെയും ഭാഗത്തുനിന്നുയരുന്നത്. ഇത്രയും വേദനാജനകമായ ഒരു സംഭവം നടക്കുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ മരണസംഖ്യയുടെ കണക്കെടുത്ത് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനല്ല നോക്കേണ്ടത്. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മെഡിക്കല്‍ കോളെജില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ അതിനെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിതന്നെ വേണം കാണാന്‍. ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്നല്ല മരണമെന്നുള്ള ന്യായീകരണങ്ങളും വരുന്നുണ്ട്.

പേമെന്റ് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ സിലിന്‍ഡറുകളുടെ വിതരണത്തിലെ പ്രശ്‌നമെന്ന് പറയുന്നവര്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ട സമാന്തര സംവിധാനങ്ങളെക്കുറിച്ച് എന്തുകൊണ്ടു മിണ്ടുന്നില്ല. ഏത് സാഹചര്യത്തിലും ജീവനു ഭീഷണിയുണ്ടാകാത്ത തരത്തിലുള്ള സംവിധാനങ്ങളല്ലേ ഒരു ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്.

കാരണങ്ങള്‍ എന്തുതന്നെയായാലും 60ലധികം പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാകണം ഇനിയെങ്കിലും മുന്നോട്ടുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാകുകയെന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയുമാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിലൂടെ സര്‍ക്കാരിന്റെ ആരോഗ്യകേന്ദ്രങ്ങളുടെ വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഏതാനും ദിവസങ്ങളിലെ ചര്‍ച്ചയ്ക്കുള്ള വിഷയം മാത്രമായി ഇത് ഒതുങ്ങരുത്. കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് വരുംവര്‍ഷങ്ങളില്‍ ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും കൈക്കൊള്ളുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങളോട് ഇനിയും നിസംഗത പാലിക്കുന്നത് ഒരു തലമുറയോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹമാണ്. മികച്ച ആരോഗ്യ പരിരക്ഷയെന്നത് ഓരോ സമൂഹത്തിനും അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശമാണ്. അതിനു ശേഷം മാത്രമേ മറ്റ് മുന്‍ഗണനകള്‍ക്ക് പ്രസക്തിയുള്ളൂ.

Comments

comments

Categories: Editorial, Slider