ഉപഭോക്താക്കളുടെ ചെലവിടല്‍ 2021ല്‍ 261 ബില്യണ്‍ ഡോളറിലെത്തും

ഉപഭോക്താക്കളുടെ ചെലവിടല്‍ 2021ല്‍ 261 ബില്യണ്‍ ഡോളറിലെത്തും

ഉയര്‍ന്ന വരുമാനമുള്ള ജനസംഖ്യയിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള വളര്‍ച്ച യുഎഇയിലെ ഉപഭോക്തൃ മാര്‍ക്കറ്റിന് ശക്തിപകരുമെന്ന് ദുബായ് ചേംബര്‍

അബുദാബി: യുഎഇയിലെ ഉപഭോക്താക്കളുടെ ചെലവിടല്‍ 2021 ആകുമ്പോഴേക്കും 261 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിലെ കോമ്പൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റി(സിഎജിആര്‍)ല്‍ 7.5 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ദുബായ് ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ജസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നതാണ് ചെലവിടല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.

ഉയര്‍ന്ന വരുമാനമുള്ള ജനസംഖ്യയിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് യുഎഇയിലെ ഉപഭോക്തൃ മാര്‍ക്കറ്റിനെ മുന്നോട്ടു നയിക്കുന്നത്. രാജ്യത്തിന്റെ ചെലവിടലിലെ വളര്‍ച്ച ശക്തമാക്കുന്നതില്‍ ഇത് വലിയ പിന്തുണ നല്‍കുമെന്നും ദുബായ് ചേംബറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹമദ് ബുഅമിം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് നടന്നത് യുഎഇയിലായിരുന്നു. ഓരോ വീടും 1,03,000 ഡോളര്‍ വീതമാണ് ചെലവാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ബഹ്‌റൈനില്‍ ഇത് 96,000 ഡോളറായിരുന്നു.

യുഎഇയുടെ ജിഡിപിയിലേക്ക് 45 ശതമാനവും സംഭാവന ചെയ്യുന്നത് ഉപഭോക്താക്കളുടെ ചെലിടലില്‍ നിന്നുള്ള വരുമാനമാണ്. ഗള്‍ഫ് മേഖലയില്‍ ഇത് 39 ശതമാനവും വികസ്വര ഏഷ്യയില്‍ 45 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ 56 ശതമാനവും യുഎസില്‍ ഇത് 68 ശതമാനവുമാണ്. വീടുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത്. മൊത്തം ചെലവിന്റെ 41 ശതമാനം വരുന്ന 75.7 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇതിനായി വാങ്ങിയിരിക്കുന്നത്. 24.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച ഭക്ഷണവും നോണ്‍ ആല്‍ക്കഹോളിക് ബെവറേജസുമാണ് രണ്ടാം സ്ഥാനത്ത്. ഗതാഗതത്തിനായി 16.7 ബില്യണ്‍ ഡോളറാണ് ചെലവാക്കിയത്.

2021 ആകുമ്പോള്‍ സിഎജിആര്‍ 10.2 ശതമാനത്തിലേക്കെത്തി കമ്യൂണിക്കേഷന്‍ ഏറ്റവും ശക്തമായ വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്. മൊബീല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകുന്നതും മറ്റ് ഡിജിറ്റല്‍ സര്‍വീസുകളുമാണ് ഇതിന് കാരണമാവുക. ആരോഗ്യ വസ്തുക്കളും മെഡിക്കല്‍ സര്‍വീസുകളുമായിരിക്കും ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ മേഖല. ഇതിന്റെ സിഎജിആര്‍ 8.2 ശതമാനത്തിലേക്ക് ഉയരും.

8.1 ശതമാനം സിഎജിആര്‍ രേഖപ്പെടുത്തുന്ന ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ് വിഭാഗമായിരിക്കും മൂന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം ഇവയ്ക്ക് പിന്നിലായി വരുമെന്നും ചേംബര്‍ പറഞ്ഞു. വരുമാനം വര്‍ധിക്കുന്നതും ജീവിതശൈലിയില്‍ മാറ്റം വരുന്നതും ആരോഗ്യ ചിന്ത വര്‍ധിക്കുന്നതും ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia