സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും കിതയ്ക്കും

സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും കിതയ്ക്കും

2017ല്‍ 0.4 ശതമാനമായി ഇടിയുന്ന സമ്പദ്‌വ്യവസ്ഥ 2018ല്‍ രണ്ട് ശതമാനമായി ഉയരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്

റിയാദ്: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഈ വര്‍ഷവും ഇടിവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച എണ്ണ വിലയിലെ താഴ്ച്ചയാണ് സൗദിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (ഐഐഎഫ്) പറഞ്ഞു.

എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് മേഖലയിലെ ഏറ്റവും വലിയ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണ്. സൗദിയുടെ സമ്പദ് വ്യവസ്ഥ 2017 ല്‍ 0.4 ശതമാനമായി ചുരുങ്ങും. എന്നാല്‍ 2018 ല്‍ ഇത് രണ്ട് ശതമാനമായി ഉയരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. സൗദി പൗരന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. എണ്ണ ഇതര മേഖലകളുടെ വളര്‍ച്ച ശക്തമായ തിരിച്ചുവരവ് നടത്താത്തതിനാല്‍ നിരവധി വര്‍ഷങ്ങളായി തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാവുകയാണ്.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിലെ ബലക്ഷയമാണ് രാജ്യത്തിലെ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നത്. അവശ്യമായ തൊഴിലുകള്‍ സൃഷ്ടിച്ച് തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ നടത്തണമെന്നും ഐഐഎഫ് വ്യക്തമാക്കി. എണ്ണ വിലയില്‍ ഇടിവും സമ്പദ്‌വ്യവസ്ഥയിലെ തളര്‍ച്ചയും താഴിലില്ലായ്മ പരിഹരിക്കാന്‍ ആവശ്യമായ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ഐഐഎഫിലെ ഇക്കണോമിസ്റ്റുകളായ ഗര്‍ബിസ് ഇറാഡിയനും ഗിയസ് ഗോക്കെന്റും പറഞ്ഞു.

സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ സാധിക്കുന്ന രീതിയില്‍ പൗരന്‍മാര്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതുള്‍പ്പടെയുള്ള ഘടനാപരമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും അവര്‍. 2008 ലുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതല്‍ എണ്ണ വിലയിലുണ്ടാകുന്ന ശക്തമായ ഇടിവില്‍ നിന്ന് കരകയറുവാന്‍ നിരവധി ശ്രമങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകര്‍ നടത്തി.

ഇതിന്റെ ഭാഗമായി 17.5 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകളാണ് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് വിറ്റത്. സമ്പദ്‌വ്യവസ്ഥയുടെ ദിശ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ബോധവാന്‍മാരാണ്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ വമ്പന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാണ് രാജ്യം തുടക്കമിട്ടിരിക്കുന്നത്.

സൗദിയുടെ ബജറ്റിന്റെ 75 ശതമാനവും വരുന്നത് അസംസ്‌കൃത എണ്ണയുടെ വില്‍പ്പനയില്‍ നിന്നാണ്. എണ്ണ വില ഇടിഞ്ഞത് കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വലിയ രീതിയില്‍ ഇടിവ് വരാന്‍ കാരണമായിരുന്നു. ഏകദേശം 100 ബില്യണിന്റെ കുറവാണുണ്ടായത്. പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി 2020 ആവുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്.

എണ്ണ ഇതര വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ പരിഷ്‌കരണം അവശ്യമായ തൊഴിലുകള്‍ സൃഷ്ടിക്കില്ലെന്നാണ് ഐഐഎഫ് വിലയിരുത്തുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികച്ചതാക്കണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Comments

comments

Categories: Arabia