രണ്ടാം പാദത്തില്‍ ജിഎഫ്എച്ചിന്റെ അറ്റലാഭം 400 ശതമാനം വര്‍ധിച്ചു

രണ്ടാം പാദത്തില്‍ ജിഎഫ്എച്ചിന്റെ അറ്റലാഭം 400 ശതമാനം വര്‍ധിച്ചു

ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 30.2 ബില്യണ്‍ ഡോളറാണ് അറ്റലാഭം നേടിയത്

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ രണ്ടാം പാദത്തിലെ അറ്റലാഭം 400 ശതമാനം വര്‍ധിച്ചു. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാരണമായതെന്ന് ഗ്രൂപ്പ് പറഞ്ഞു.

ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഓഹരി ഉടമകള്‍ക്കുള്ള അറ്റലാഭം 30.2 മില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം അതേ കാലഘട്ടത്തില്‍ ഇത് 5.5 മില്യണ്‍ ഡോളറായിരുന്നു. 2016 ലെ രണ്ടാം പാദത്തില്‍ 7.9 മില്യണ്‍ ഡോളറായിരുന്ന സംയോജിത അറ്റലാഭം ഇത്തവണ 32 മില്യണ്‍ ദിര്‍ഹമായാണ് വര്‍ധിച്ചിരിക്കുന്നത്.

കമ്പനിയുടെ റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസ വിഭാഗങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ മികച്ച ലാഭം നേടാന്‍ സാധിച്ചു. ഇത് വരുമാനം വര്‍ധിക്കാന്‍ കാരണമായെന്നും ജിഎഫ്എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഹിഷം അല്‍റയെസ് പറഞ്ഞു. വായ്പ വിഭാഗത്തിലെ പോയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞതും മൊത്തത്തിലുള്ള വരുമാനത്തെ മികച്ചതാക്കിയെന്നും അദ്ദേഹം.

ജൂലൈയില്‍ ജിഎഫ്എച്ചിന്റെ റേറ്റിംഗ് ബി നെഗറ്റീവില്‍ നിന്ന് ബിയിലേക്ക് ഫിച്ച് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നിയമപരമായ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് കമ്പനിയോടുള്ള കാഴ്ചപ്പാട് അനുകൂലമാകാന്‍ കാരണമായി. രണ്ട് മുന്‍ ചെയര്‍മാന്മാര്‍ ഉള്‍പ്പടെയുള്ള മുന്‍പത്തെ ഓഫീസര്‍മാര്‍ നല്‍കിയ വിവിധ കേസുകളാണ് ജിഎഫ്എച്ച് കഴിഞ്ഞ വര്‍ഷം ഒത്തുതീര്‍പ്പാക്കിയത്. 2008 ല്‍ ഒരു ബില്യണ്‍ ഡോളറിന് മുകളിലുണ്ടായിരുന്ന ഗ്രൂപ്പിന്റെ ബാധ്യത നിരവധി വായ്പ പുനര്‍നിര്‍മാണത്തിലൂടെയാണ് പരിഹരിച്ചത്. ഇപ്പോള്‍ കമ്പനി വികസനത്തിന്റെ പാതയിലാണ്.

ഏറ്റെടുക്കല്‍ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ അടിസ്ഥാനസൗകര്യ മേഖല മെച്ചപ്പെടുത്താനും ബാങ്കിന്റെ മുലധനം വര്‍ധിപ്പാക്കാനും പ്രധാന ഏറ്റെടുക്കലുകളിലൂടെ സാധിക്കുമെന്നും അല്‍റയെസ് വ്യക്തമാക്കി. നിലവിലെ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ റെക്കോഡ് മികവില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനും ലാഭവിഹിത വിതരണം നിലനിര്‍ത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പാണ് ജിഎഫ്എച്ചിലെ ഏറ്റവും വലിയ ഓഹരിയുടമ.

Comments

comments

Categories: Arabia, Business & Economy