മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ ഇന്ന് പുറത്തിറക്കും

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ ഇന്ന് പുറത്തിറക്കും

പരിമിത എണ്ണം ‘സെലിബ്രേഷന്‍ എഡിഷന്‍’ മാത്രമേ വിപണിയില്‍ ലഭ്യമാകൂ

ന്യൂ ഡെല്‍ഹി : ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ ഇന്ന് പുറത്തിറക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു. 2016 ജൂണില്‍ അവതരിപ്പിച്ചശേഷം ഇന്ത്യന്‍ വിപണിയില്‍ ജിഎല്‍സി എന്ന ആഡംബര എസ്‌യുവി അസാമാന്യമായ വില്‍പ്പന തുടരുന്നതും സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറക്കുന്നതിന് കാരണമാണ്. എക്‌സ്‌ക്ലുസീവ് ഉല്‍പ്പന്നമായ മെഴ്‌സിഡസ് ബെന്‍സ് സെലിബ്രേഷന്‍ എഡിഷന്‍ പരിമിത എണ്ണം മാത്രമേ വിപണിയില്‍ ലഭ്യമാകൂ. സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറക്കുന്നതിലൂടെ ഇന്ത്യയിലെ ജിഎല്‍സി സീരീസില്‍ ‘ഡിസൈനോ ഹൈസിന്ത് റെഡ്’ എന്ന മറ്റൊരു പെയിന്റ് ഓപ്ഷന്‍ കൂടി അവതരിപ്പിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ.

ജിഎല്‍സി 220ഡി സെലിബ്രേഷന്‍ എഡിഷന് 50.86 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ജിഎല്‍സി 300 സെലിബ്രേഷന്‍ എഡിഷന്റെ വില 51.25 ലക്ഷം രൂപയാണ്.

ഇന്ത്യയുടെ 70 ാം സ്വാതന്ത്ര്യ വാര്‍ഷികം പ്രമാണിച്ച് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. സെലിബ്രേഷന്‍ എഡിഷനിലെ സ്‌പോര്‍ടി എക്‌സ്റ്റീരിയറും ഇന്റീരിയര്‍ ആക്‌സസറീസും ശ്രദ്ധേയമാണ്.

എല്‍ഇഡി ലോഗോ പ്രോജക്റ്റര്‍, എക്‌സ്റ്റീരിയര്‍ മിറര്‍ ഹൗസിംഗ്, സ്‌പോര്‍ട്‌സ് പെഡല്‍, ‘ഗാര്‍മിന്‍ മാപ്പ് പൈലറ്റ്’ എസ്ഡി കാര്‍ഡ്, വളരെ തിളക്കമുള്ള ക്രോം ട്രിം, പിന്‍ഭാഗത്ത് ക്രോം ട്രിം സ്ട്രിപ്പ് എന്നീ ഫീച്ചറുകള്‍ ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന് നല്‍കിയിരിക്കുന്നു. കാറിന്റെ പിന്‍വശത്തിന് ഇപ്പോള്‍ കൂടുതല്‍ സ്‌പോര്‍ടി ലുക്കാണ്. ഇന്ത്യയില്‍ എറ്റവുമധികം വിറ്റുപോകുന്ന മെഴ്‌സിഡസ് ബെന്‍സ് എസ്‌യുവിയാണ് ജിഎല്‍സി.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള 2016 ജിഎല്‍സി 220ഡി യിലെ 2,143 സിസി 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ പരമാവധി 170 ബിഎച്ച്പി കരുത്തും പരമാവധി 400 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. ജിഎല്‍സി 300 പെട്രോള്‍ വേരിയന്റിലെ 1,991 സിസി 4 സിലിണ്ടര്‍ എന്‍ജിന്‍ 245 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. രണ്ട് എന്‍ജിനുകളും 4മാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് ഫംഗ്ഷന്‍ സഹിതം 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ജിഎല്‍സി ലക്ഷ്വറി എസ്‌യുവിയുടെ ഇന്ത്യയിലെ എതിരാളികള്‍ ഔഡി ക്യു5, ബിഎംഡബ്ല്യു എക്‌സ്3 എന്നിവയാണ്.

Comments

comments

Categories: Auto