കലൂര്‍ സ്റ്റേഡിയത്തില്‍ ലേപാക്ഷി പ്രദര്‍ശനവില്‍പ്പന മേള

കലൂര്‍ സ്റ്റേഡിയത്തില്‍ ലേപാക്ഷി പ്രദര്‍ശനവില്‍പ്പന മേള

20 വരെയാണ് പ്രദര്‍ശനം

കൊച്ചി: ആന്ധ്രാ പ്രദേശ് കരകൗശല വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ ലേപാക്ഷി കൈത്തറി, കരകൗശല പ്രദര്‍ശന വില്‍പ്പന മേള കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിശാലമായ പവലിയനില്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ മേള ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്യുന്ന ലേപാക്ഷി പ്രദര്‍ശന മേളയില്‍ ആന്ധ്രാപ്രദേശില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 75ഓളം കൈത്തറി കരകൗശല കലാകാരന്മാരുടെ ഉല്‍പ്പന്നങ്ങളാണുണ്ടാവുക. കൈത്തറി, കരകൗശല മേഖലയിലുള്ളവര്‍ക്കു പ്രോത്സാഹനവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു സംഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത സില്‍ക്ക്, കോട്ടണ്‍ സാരികള്‍, ഡ്രസ് മെറ്റീരിയലുകള്‍, സ്യൂട്ട് സെറ്റുകള്‍, പോച്ചാംപള്ളിയില്‍ നിന്നും മംഗളഗിരിയില്‍ നിന്നും വെങ്കടഗിരിയില്‍ നിന്നുമുള്ള സവിശേഷ സാരികള്‍ എന്നിവ ലേപാക്ഷി പ്രദര്‍ശനത്തില്‍ ലഭ്യമാണ്. വിവിധതരം പരമ്പരാഗത കളിപ്പാട്ടങ്ങള്‍ തുടങ്ങി മറ്റനേകം വസ്തുക്കളും ഇവിടെയുണ്ട്. എടികോപ്പാക കളിപ്പാട്ടങ്ങള്‍, കൊണ്ടപ്പള്ളി കളിപ്പാട്ടങ്ങള്‍, കലംകരി ബ്ലോക്ക് പ്രിന്റുകള്‍, മച്ചലിപട്ടണം ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, തിരുപ്പതിയില്‍ നിന്നുള്ള വോള്‍ പാനലുകള്‍, കോസയിലെ മെറ്റല്‍ കാസ്റ്റിങ് പാത്രങ്ങള്‍, മഹേശ്വരി സാരികള്‍, ഭഗല്‍പ്പുര്‍ സില്‍ക്ക് എന്നിവയെല്ലാം മേളയെ ശ്രദ്ധേയമാക്കുന്നു.

ബംഗാളി സില്‍ക്ക്, കാന്ത സില്‍ക്ക്, ടസര്‍ സില്‍ക്ക്, ബന്ധനി സില്‍ക്ക്, കച്ച് എംബ്രോയിഡറി, ബനാറസ് സില്‍ക്ക്, ഛന്ദേരി, ജംദാനി, ഫാന്‍സി, കോട്ടണ്‍ പ്രിന്റഡ്, മധുര കോട്ടണ്‍ സാരികള്‍ പ്രദര്‍ശനവില്‍പ്പനയിലുണ്ട്. വാറംഗല്‍ ടൗവലുകളും ലുങ്കികളും ഇവിടെനിന്നു വാങ്ങാം. ഈ മാസം 20 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെയാണു ലേപാക്ഷി പ്രദര്‍ശനവില്‍പ്പന മേള.

Comments

comments

Categories: More