ഭാരത ദേശീയതയില്‍ മതവാദികള്‍ക്ക് ഇടമില്ല…

ഭാരത ദേശീയതയില്‍ മതവാദികള്‍ക്ക് ഇടമില്ല…

ദേശീയതയ്ക്കും ദേശവിരുദ്ധതയ്ക്കും പുതിയ ഭാവങ്ങളും നിര്‍വചനങ്ങളും കല്‍പ്പിക്കപ്പെടുന്ന കാലത്ത് ഭാരതദേശീയത എന്തെന്ന ഓര്‍മപ്പെടുത്തല്‍ അനിവാര്യമാണ്. വിശ്വഗുരുവാകാനുള്ള ഭാരതത്തിന്റെ പുതുയാത്രയെ ഹൈജാക്ക് ചെയ്യാനുള്ള മതവാദികളുടെയും കപടവിപ്ലവകാരികളുടെയും ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശേഷി ദേശീയവാദികള്‍ക്ക് വേണം…

ദേശീയതയും ഉപദേശീയതയും ദേശവിരുദ്ധതയും ഭീകരവാദവും സജീവ ചര്‍ച്ചയാകുന്ന, ബഹളങ്ങള്‍ക്ക് വഴിവെക്കുന്ന, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സാമൂഹ്യ, രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളെജില്‍ സംഭവിച്ച 60ലധികം പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിലൂടെ വീണ്ടും ഉയരുന്ന വികസനകാഴ്ച്ചപ്പാടിലെ യുക്തിയില്ലായ്മ, രാഷ്ട്രത്തിന്റെ അസ്തിത്വം ചോദ്യം ചെയ്ത് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന സമാനതകളില്ലാത്ത സുരക്ഷാ ഭീഷണി, സംഘടിതമായുള്ള മതതീവ്രവാദം, വര്‍ഗ്ഗീയ വിഷം ചീറ്റിയുള്ള അതിക്രമങ്ങള്‍, വിപ്ലവത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരു പറഞ്ഞുള്ള പേക്കൂത്തുകള്‍…ഇങ്ങനെ ചേരിതിരിഞ്ഞുള്ള അതിരൂക്ഷമായ സംഘര്‍ഷാത്മക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാരതം പുതിയ കുതിപ്പിന് തയാറെടുക്കുന്നതെന്നത് വൈരുദ്ധ്യമാകാം. സ്വയം ശുദ്ധീകരിച്ച് നഷ്ട പ്രൗഢി തിരിച്ചെടുക്കുന്ന പരിണാമ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന സംഭവങ്ങളായി ഇതിനെ വിലയിരുത്തുന്ന ചില തീവ്ര കാഴ്ച്ചപ്പാടുകളും ഉയര്‍ന്നുവരുന്നുണ്ട്.

ഭരണനിര്‍വഹണത്തിന്റെ വമ്പന്‍ പാളിച്ചകളുടെ ഭാഗമായിട്ടുണ്ടാകുന്ന, ഒരിക്കലും അംഗീകരിക്കാനാകത്ത പല ദുരന്തങ്ങളും ആവര്‍ത്തിക്കുകയാണിവിടെ. അതിനു കാരണമായി തീരുന്നത് എന്തുണ്ടെങ്കിലും അവര്‍ക്ക് സുരക്ഷാ കവചമൊരുക്കുന്ന തരത്തിലുള്ള മത, രാഷ്ട്രീയ സമ്മര്‍ദ്ദ സംഘങ്ങളാണ്.

നവജാതശിശുക്കള്‍ കൂട്ടമായി മരിക്കുന്ന ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏല്‍ക്കാന്‍ പോലും തയാറാകാത്ത തരത്തിലുള്ള ദേശീയകാഴ്ച്ചപ്പാടുകളല്ല നമുക്ക് വേണ്ടത്, ഒപ്പം ഇങ്ങനെയൊരു ദുരന്തത്തെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് എന്ത് നിലവാരമില്ലായ്മയും കാണിക്കുന്ന പ്രതിപക്ഷ പ്രത്യയശാസ്ത്രങ്ങളുമല്ല. രാജ്യധര്‍മ്മത്തിലെ അജ്ഞതയും ധാരണയില്ലായ്മയും ബോധ്യപ്പെടുത്താന്‍ പരാമര്‍ശിച്ചതാണ് ഗൊരഖ്പൂര്‍ വിഷയം. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല. മറിച്ച് ഭാരതം അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ സാംസ്‌കാരിക സംഘര്‍ഷങ്ങളും അതിന് വഴിവെക്കുന്ന നമ്മുടെ ധാരണയില്ലായ്മയും വിലയിരുത്തപ്പെടേണ്ടതുണ്ട്.

ചരിത്രാതീതകാലം മുതല്‍ക്ക് വിശ്വഗുരുവായി ശോഭിച്ച ഒരു നാടിന്റെ പൈതൃകം പേറുന്നവര്‍ക്ക് ചേരുന്നതല്ല ഇപ്പോഴത്തെ ആഭാസങ്ങള്‍.

നിര്‍വചിക്കപ്പെടേണ്ട ദേശീയത

ദേശീയതയുടെ പശ്ചാത്തലത്തിലാണ് ഇന്ന് രാജ്യത്തു നടക്കുന്ന സകലതിനെയും മാധ്യമങ്ങളും ബുദ്ധിജീവികളും ചര്‍ച്ച ചെയ്യുന്നത്. ഒരു വശത്ത് സൈന്യത്തെ അധിക്ഷേപിക്കുന്നതിനും ഭാരതപൈതൃകത്തെയും വൈദിക സംസ്‌കാരത്തെയും ഇകഴ്ത്തുന്നതിനും അതുപയോഗപ്പെടുത്തുന്നു ഒരു കൂട്ടര്‍. മറുവശത്ത് ഇതേ ദേശീയതയുടെ പ്രചാരകരെന്നു നടിക്കുന്നവര്‍ മതചിഹ്നങ്ങളുടെ പേരില്‍ ആളെ കൊല്ലാനും തെരുവില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനും ഇറങ്ങിത്തിരിക്കുന്നു.

ആര്‍ഷഭാരതം ഒരിക്കലും മതവാദികളുടേതായിരുന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദു പാക്കിസ്ഥാന്‍ സൃഷ്ടിക്കാനുള്ള ഓരോ ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഇവിടത്തെ ദേശീയവാദികളുടെ ധാര്‍മിക ബാധ്യതയാണ്

മതത്തിനും ജാതിക്കും എല്ലാതരത്തിലുള്ള മറ്റ് വേര്‍തിരിവുകള്‍ക്കും അതീതമാണ് ദേശീയതയെന്ന വികാരം, ആശയം. അതില്‍ ഏതെങ്കിലും സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ കടന്നു വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

ഒരു വ്യവസ്ഥാപിത മതത്തിന്റെയും കുത്തകയല്ല ദേശീയത. അങ്ങനെ ചിലര്‍ തെറ്റിദ്ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തൊരിടത്തും മതേതരത്വമെന്ന വാക്കിന് കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥമല്ല ബുദ്ധിജീവികള്‍ എന്നു നടിക്കുന്നവര്‍ ഇവിടെ അതിന് ചാര്‍ത്തിനല്‍കിയിട്ടുള്ളത്. ഭാരതത്തിന്റെ അസ്തിത്വം തന്നെ മതേതരത്വത്തില്‍ അധിഷ്ഠിതമാണ്. അത് യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു ഡോ. ബാബാസാഹെബ് അംബേദ്ക്കര്‍.

ഭരണഘടനയില്‍ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന് അദ്ദേഹം രാജ്യത്തെ വിശേഷിപ്പിച്ചതിനു കാരണവും അതുതന്നെയായിരുന്നു. ഇന്ത്യയെ ആരും മതനിരപേക്ഷത പഠിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല, അവളുടെ ഡിഎന്‍എയില്‍ തന്നെ അതുണ്ട്. എന്നാല്‍ പിന്നീട് ഭരണത്തിലേറിയ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള കുടിലബുദ്ധിയാണ് മതനിരപേക്ഷം എന്ന വാക്കുകൂടി കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്നത്.

പ്രീണനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മതേതരത്വത്തെ കാണുന്ന വികലമായ കാഴ്ച്ചപ്പാടാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്. അതിന്റെ ചട്ടക്കൂടിലേക്ക്, അല്ലെങ്കില്‍ അതിന്റെ മറുവശമായി ദേശീയതയെയും ചുരുക്കാനാണ് ഇപ്പോള്‍ ദേശീയതയുടെ വേഷമണിഞ്ഞ ചില മതവാദികള്‍ ശ്രമിക്കുന്നത്.

മതത്തിനും ജാതിക്കും ദേശത്തിനും എല്ലാം അതീതമായി രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയത. ഭാരതി, അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്നതാണ് അവിടെ അവന്റെയും അവളുടെയും അസ്തിത്വം. മതത്തിന് മുമ്പ് രാഷ്ട്രത്തെ കാണാന്‍ ഒരു ദേശീയവാദിക്ക് സാധിക്കണം. അങ്ങനെ മാത്രമേ സാര്‍വലൗകികമായ കാഴ്ച്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. അതാണ് ഈ രാഷ്ട്രത്തിന്റെ ചരിത്രം. ആര്‍ഷഭാരതം ഒരിക്കലും മതവാദികളുടേതായിരുന്നില്ല, അതുകൊണ്ടുതന്നെ ഹിന്ദു പാക്കിസ്ഥാന്‍ സൃഷ്ടിക്കാനുള്ള ഓരോ ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഇവിടത്തെ ദേശീയവാദികളുടെ ധാര്‍മിക ബാധ്യതയാണ്. വഴിതെറ്റിപ്പോകാതെ തങ്ങളുടെ ആശയം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും അവര്‍ക്ക് സാധിക്കണം.


ഓരോരുത്തരുടെയും മുമ്പില്‍ ഭൂതകാലത്തെയെത്തിക്കാന്‍ ശ്രമിക്കുന്നവരെല്ലാം വലിയ നന്മയാണ് സ്വന്തം ജനതയ്ക്കു ചെയ്യുന്നത്-സ്വാമി വിവേകാനന്ദന്‍

ഋഷിമാരില്‍ നിന്ന് മതവാദികളുടെ നിയന്ത്രണത്തിലേക്ക് ഭാരതസമൂഹം മാറിയപ്പോഴാണ് ഇവിടെ ചാതുര്‍വര്‍ണ്യം ദുര്‍വ്യാഖ്യനിക്കപ്പെട്ടത്. ജാതീയത പിടിമുറുക്കിയത്. വിശ്വാസങ്ങള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടത്. തൊട്ടുകൂടായ്മയുടെ പേരില്‍ മനുഷ്യര്‍ തന്നെ മനുഷ്യരെ മാറ്റി നിര്‍ത്താന്‍ ശീലിച്ചത്. സവര്‍ണനും അവര്‍ണനും സൃഷ്ടിക്കപ്പെട്ടത്. സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങളെ മതഭ്രാന്തന്‍മാര്‍ ചവിട്ടിയരച്ചപ്പോള്‍ ഇവിടെ ഉയര്‍ന്നുവന്നത് മതില്‍കെട്ടുകളുള്ള പുതിയ കപട ലോകമായിരുന്നു. അവരാണ് മനുഷ്യരെ വെറുക്കാന്‍ പഠിപ്പിച്ചത്.

വൈദേശിക ആക്രമണങ്ങള്‍ നടത്തിയ വിവിധ ദേശക്കാര്‍ അതിനെ ഉപയോഗപ്പെടുത്തി, അവര്‍ ആ മതവാദികളെ സംരക്ഷിച്ചുപോന്നു, അതിന്റെ അടിസ്ഥാനത്തില്‍ തന്നെ സമൂഹത്തെ വരിഞ്ഞുകെട്ടി. വിശാലമായ തുറന്ന ചിന്താഗതിയുള്ള, ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ വൈദിക ദര്‍ശനങ്ങളെ പൊളിച്ചെഴുതാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാകുകയായിരുന്നു അറിഞ്ഞും അറിയാതെയും നമ്മള്‍. അതുകൊണ്ടാണ് മഹാഋഷി സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞുവെച്ചത്, ‘ഭാരതീയര്‍ അവരുടെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുംതോറും രാഷ്ട്രത്തിന്റെ ഭാവി ശോഭനമായിത്തീരും. ഓരോരുത്തരുടെയും മുമ്പില്‍ ഭൂതകാലത്തെയെത്തിക്കാന്‍ ശ്രമിക്കുന്നവരെല്ലാം വലിയ നന്മയാണ് സ്വന്തം ജനതയ്ക്കു ചെയ്യുന്നത്. വമ്പിച്ചൊരു പദ്ധതിക്കാണ് ഭാരതത്തിലെ ദര്‍ശനങ്ങള്‍ രൂപം നല്‍കിയത്. ക്രമേണ ആ പദ്ധതി കാലത്തിലൂടെ ആവിഷ്‌കരിക്കപ്പെടുമായിരുന്നു. പല ശതകങ്ങള്‍ കഴിഞ്ഞിട്ടേ ലോകര്‍ക്ക് അത് ബോധ്യപ്പെടുകയുള്ളൂ. ഭാരതത്തിന്റെ അധഃപതനത്തിനുള്ള ഒരേയൊരു കാരണം അവരുടെ പിന്‍ഗാമികള്‍ക്ക് ഈ അല്‍ഭുത പദ്ധതിയുടെ പൂര്‍ണമായ പ്രാപ്തി ഗ്രഹിക്കാന്‍ സാധിക്കാത്തതാണ്.”

പ്രീണനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മതേതരത്വത്തെ കാണുന്ന വികലമായ കാഴ്ച്ചപ്പാടാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്. അതിന്റെ ചട്ടക്കൂടിലേക്ക്, അല്ലെങ്കില്‍ അതിന്റെ മറുവശമായി ദേശീയതയെയും ചുരുക്കാനാണ് ഇപ്പോള്‍ ദേശീയതയുടെ വേഷമണിഞ്ഞ ചില മതവാദികള്‍ ശ്രമിക്കുന്നത് .

രാഷ്ട്രത്തിന്റെ പരമവൈഭവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ദേശീയവാദികള്‍ക്ക് എപ്പോഴും ഓര്‍ക്കാനാണ് മഹാഋഷി അരവിന്ദന്‍ ഈ വാക്കുകള്‍ പറഞ്ഞുവെച്ചത്: യുഗങ്ങളിലൂടെയുള്ള ഭാരതം മരിച്ചിട്ടില്ല. സൃഷ്ടിപരമായ അവളുടെ അവസാനവാക്ക് പറഞ്ഞുകഴിഞ്ഞിട്ടുമില്ല. അവള്‍ ജീവിക്കുന്നു, തനിക്കുവേണ്ടിയും മാനവരാശിക്കു വേണ്ടിയും ചിലതു ചെയ്തു തീര്‍ക്കാനുണ്ട്

ദേശീയതയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു നേതാവ് രാഷ്ട്രം ഭരിക്കുമ്പോള്‍ വിവേകാനന്ദന്‍ പറഞ്ഞ ആര്‍ഷഭാരതത്തിന്റെ ആ വമ്പിച്ച പദ്ധതി മതവാദികള്‍ ഹൈജാക്ക് ചെയ്യുന്നതിന് ഇടവരുത്തരുത്. മറ്റാരെക്കാളും അതിനുള്ള ധാര്‍മിക ബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണുള്ളത്. തീവ്രവര്‍ഗീയവാദികളെ മെരുക്കാന്‍ മോദിക്ക് സാധിച്ചില്ലെങ്കില്‍ അത് എണ്ണ പകരുന്നത് ദേശീയതയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പദ്ധതികള്‍ക്കായിരിക്കും.

പല രൂപത്തില്‍ പല ഭാവങ്ങളില്‍ ആ ശക്തികള്‍ സജീവമാണ് ഇന്ന് രാജ്യത്ത്. ചെറുതും വലുതുമായി ഇന്ത്യയിലങ്ങോളമിങ്ങോളം നടക്കുന്ന ഓരോ സംഭവത്തെയും ദേശീയതയുമായി കൂട്ടിയിണക്കി അതിനെ താറടിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അവരുടെ കയ്യിലെ പാവയാകരുത് ദേശീയതയുടെ പ്രചാരകരെന്ന് നടിക്കുന്നവര്‍.

പശുവിന്റെ പേരിലുള്ള അതിക്രമവും മതത്തിന്റെ പേരു പറഞ്ഞുള്ള സെന്‍സര്‍ഷിപ്പും ചരിത്ര പുസ്തകങ്ങള്‍ യുക്തിയില്ലാതെ തിരുത്തിയെഴുതുന്നതും എല്ലാം ദേശീയതയുടെ പേര് പറഞ്ഞ് നടത്തുന്ന അസംബന്ധ നാടകങ്ങള്‍ മാത്രമാണ്. ദേശീയത പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ എന്ത് യുക്തിയില്ലായ്മയും ചെയ്യുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കരുത്. അത് ആത്യന്തികമായി ദേശീയതയെ തന്നെയാണ് തകര്‍ക്കുന്നത്.

ദേശീയതയും മതനിരപേക്ഷതയും എതിര്‍ചേരികളിലാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതിരോധിക്കപ്പെടണം. ഭാരതദേശീയത എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് ഐക്യവും വൈവിധ്യവുമാണ്. അതില്‍ പശുവിന്റെ പേര് പറഞ്ഞ് ആയുധം കൈയിലെടുക്കുന്നവര്‍ക്കും അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കും സ്ഥാനമില്ല, ഗോ സംസ്‌കാരം പ്രചരിപ്പിക്കുന്നവരെയും ഗോ പരിപാലനം നടത്തുന്നവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതേതരത്വത്തെയും ദേശീയതയെയും ഉപയോഗപ്പെടുത്തുന്ന കള്ള നാണയങ്ങളെ തിരിച്ചറിയണം. അവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ മോദിയെപ്പോലൊരു ഭരണാധികാരിക്ക് സാധിക്കുകയും വേണം. രാഷ്ട്രത്തിന്റെ പരമവൈഭവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ദേശീയവാദികള്‍ക്ക് എപ്പോഴും ഓര്‍ക്കാനാണ് മഹര്‍ഷി അരവിന്ദന്‍ ഈ വാക്കുകള്‍ പറഞ്ഞുവെച്ചത്: യുഗങ്ങളിലൂടെയുള്ള ഭാരതം മരിച്ചിട്ടില്ല. സൃഷ്ടിപരമായ അവളുടെ അവസാനവാക്ക് പറഞ്ഞുകഴിഞ്ഞിട്ടുമില്ല. അവള്‍ ജീവിക്കുന്നു, തനിക്കുവേണ്ടിയും മാനവരാശിക്കു വേണ്ടിയും ചിലതു ചെയ്തു തീര്‍ക്കാനുണ്ട്.

Comments

comments