ഇന്ധന ക്ഷമതയുള്ള മോഡലുകള്‍ക്ക് പ്രാധാന്യം നല്‍കി എയര്‍ അറേബ്യ

ഇന്ധന ക്ഷമതയുള്ള മോഡലുകള്‍ക്ക് പ്രാധാന്യം നല്‍കി എയര്‍ അറേബ്യ

പുതിയ വിമാനങ്ങള്‍ വാങ്ങുകയാണെങ്കില്‍ എയര്‍ബസിനേയും ബോയിംഗിനേയും എംബ്രയെറിനേയുമായിരിക്കും പരിഗണിക്കുകയെന്ന് അദേല്‍ അലി

ഷാര്‍ജ: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ, ചെലവ് കുറഞ്ഞ വിമാനകമ്പനിയായ എയര്‍ അറേബ്യ സമീപ ഭാവിയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങിയേക്കും. ഇന്ധന ക്ഷമത കൂടിയ മോഡലുകള്‍ കൊണ്ടുവരുന്ന നിര്‍മാതാക്കളെയായിരിക്കും പരിഗണിക്കുകയെന്ന് വിമാനകമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അദേല്‍ അലി പറഞ്ഞു.

പുതിയ വിമാനങ്ങള്‍ വാങ്ങുകയാണെങ്കില്‍ എയര്‍ബസിനേയും ബോയിംഗിനേയും എംബ്രയെറിനേയുമായിരിക്കും പരിഗണിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായം മാറുന്നതും പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതും കമ്പനി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ശരിയായ സമയത്ത് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുമെന്നും അലി. എന്നാല്‍ വാങ്ങാന്‍ പോകുന്ന വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല.

2003 ഒക്‌റ്റോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ അറേബ്യ 120 സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. 40ല്‍ അധികം എയര്‍ബസ് എ320 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഒരു വിമാനം കൂടി കമ്പനിയുടെ ഭാഗമാകും. കൂടാതെ 2018ല്‍ മൂന്ന് വിമാനങ്ങളുടേയും വരുന്ന വര്‍ഷത്തില്‍ ആറണ്ണത്തിന്റേയും ഡെലിവറികളാണ് നടക്കാനുള്ളത്. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യയുടെ രണ്ടാം പാദത്തില്‍ അറ്റലാഭം 21 ശതമാനം വര്‍ധിച്ച് 158 മില്യണ്‍ ദിര്‍ഹത്തില്‍ എത്തിയിരുന്നു. 2.05 മില്യണ്‍ യാത്രക്കാര്‍ക്കാണ് രണ്ടാം പാദത്തില്‍ സേവനം ലഭ്യമാക്കിയത്.

വിമാനകമ്പനിയുടെ ലോഡ് ഫാക്റ്റര്‍ (വിമാനത്തില്‍ യാത്ര ചെയ്യുന്ന ശരാശരി യാത്രക്കാര്‍) 80 ശതമാനമായി തുടരുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മേഖലയിലെ വിമാനകമ്പനികളുടെ ലാഭസാധ്യതയെ ബാധിച്ച വരുമാന മാര്‍ജിനില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ലോഡ് ഫാക്റ്റര്‍ ഇതേ നിരക്കില്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലി പറഞ്ഞു.

2015 മുതലാണ് മേഖലയുടെ വരുമാനത്തില്‍ ഇടിവ് വരാന്‍ തുടങ്ങിയത്. 2016ലും 2017ന്റെ ആദ്യ പാദത്തിലും ഇടിവ് തുടര്‍ന്നു. 2016 ല്‍ ഇത്തിഹാദ് എയര്‍വേയ്‌സ് 1.87 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്‌സ് വരുമാനത്തില്‍ 82.5 ശതമാനത്തിന്റെ കുറവാണ് വന്നത്.

മേഖലയുടെ കപ്പാസിറ്റിയില്‍ ശക്തമായ വര്‍ധനവുണ്ടായതാണ് തിരിച്ചടിക്ക് കാരണമായത്. എന്നാല്‍ കോസ്റ്റ് മാനേജിംഗിന് വലിയ പ്രാധാന്യം നല്‍കുന്ന എയര്‍ അറേബ്യക്ക് ഈ കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനായതും ഇതു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവ് കുറഞ്ഞ വിമാനകമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Comments

comments

Categories: Arabia