ഇവയാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ കാറുകള്‍

ഇവയാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ കാറുകള്‍

ഏഴ് ദശാബ്ദക്കാലത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പത്ത് കാറുകളെ പരിചയപ്പെടാം

ന്യൂ ഡെല്‍ഹി : രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യ വാര്‍ഷികവും 71 ാം സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുകയാണ്. ഭാരതത്തിന്റെ വാഹന പാരമ്പര്യത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ ഇതിനേക്കാള്‍ നല്ലൊരു സമയം വേറെയില്ല. ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം പുലര്‍ത്തിയ, ജനമനസ്സുകള്‍ ഇന്നും ഗൃഹാതുരതയോടെ കാണുന്ന പത്ത് ജനപ്രിയ കാറുകളെ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ഇവിടെ ഓര്‍ത്തെടുക്കുകയാണ്. ഏഴ് ദശാബ്ദക്കാലത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പത്ത് കാറുകളെ പരിചയപ്പെടാം.

 

1. ഹിന്ദുസ്ഥാന്‍ അംബാസഡര്‍

ഇതിഹാസ സമാനമായി വളര്‍ന്ന ഇന്ത്യയുടെ അഭിമാനമാണ് അംബാസഡര്‍ എന്ന അംബി. 1958 മുതല്‍ 2014 വരെയായിരുന്നു ഉല്‍പ്പാദനം. ഇന്ത്യന്‍ ജനതയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു മോട്ടോര്‍ വാഹനം വേറെ അന്വേഷിക്കേണ്ടതില്ല. ഒരു കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടപ്പെട്ട വാഹനമായിരുന്ന അംബാസര്‍ പിന്നീട് ടാക്‌സി ഉടമകള്‍ വ്യാപകമായി സ്വന്തമാക്കിത്തുടങ്ങി. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായിരുന്ന മോറിസ് മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആദ്യ വാഹനമായ മോറിസ് ഓക്‌സ്‌ഫോഡ് സീരീസ് 3 മോഡലിനെ അടിസ്ഥാനമാക്കിയാണ് അംബാസഡര്‍ നിര്‍മ്മിച്ചത്.

2. മാരുതി സുസുകി 800

ഇന്ത്യന്‍ വാഹന പാരമ്പര്യത്തിന്റെ തിലകക്കുറിയാണ് മാരുതി സുസുകി 800. ഇന്ത്യയുടെ ആദ്യ ചെറു ഹാച്ച്ബാക്കായ മാരുതി സുസുകി 800 ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ യാത്രാമാര്‍ഗ്ഗങ്ങളെ മാറ്റിമറിച്ചു. 1983 ലാണ് മാരുതി സുസുകി 800 പിറന്നുവീണത്. തുടര്‍ന്ന് നിരവധി ഫേസ്‌ലിഫ്റ്റുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വഴിമുടക്കിയതോടെ 2014 ല്‍ നിര്‍മ്മാണം അവസാനിപ്പിച്ചു.

 

3. ഹിന്ദുസ്ഥാന്‍ കോണ്ടസ്സ

ഓര്‍മ്മയില്ലേ, ചന്ദ്രലേഖ സിനിമയിലെ പ്രശസ്തമായ ഡയലോഗ് ? അക്കാലത്ത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കോണ്ടസ്സയായിരുന്നു കുലീനന്‍. പണക്കാരുടെയും ബിസിനസ്സുകാരുടെയും അന്തസ്സിന്റെ അടയാളം. 1984 മുതല്‍ 2002 വരെയായിരുന്നു ആയുസ്സ്. 2002 ല്‍ ഉല്‍പ്പാദനം നിര്‍ത്തി.

വോക്‌സ്ഹാള്‍ വിഎക്‌സ് സീരീസിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ ആദ്യ ആഡംബര സെഡാന്‍ പുറത്തിറക്കിയത്. ബോളിവുഡ് നായകന്‍മാരും പ്രതിനായകന്‍മാരും ഹിന്ദുസ്ഥാന്‍ കോണ്ടസ്സയില്‍ വിലസുന്നതായി പിന്നത്തെ കാഴ്ച്ച. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഇഷ്ടപ്പെട്ട വാഹനങ്ങളിലൊന്നായിരുന്നു. 1990 ലാണ് ജയലളിത ഹിന്ദുസ്ഥാന്‍ കോണ്ടസ്സ സ്വന്തമാക്കുന്നത്.

25 വര്‍ഷത്തോളം ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ രാജാവായിരുന്നു കോണ്ടസ്സ. എന്നാല്‍ പിന്നീട് ഈ നീളന്‍ കാറിന്റെ പ്രതാപം അസ്തമിച്ചു.

4. പ്രീമിയര്‍ പത്മിനി

അംബാസഡര്‍ കാറിന് ഭീഷണി ഉയര്‍ത്തിയ ഒരേയൊരു കാര്‍, പ്രീമിയര്‍ പത്മിനിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ വാഹന വിപണിയില്‍ തിളങ്ങിനില്‍ക്കേ പ്രീമിയര്‍ പത്മിനി സ്വന്തമാക്കിയവരുടെ കൂട്ടത്തില്‍ ബോളിവുഡ് നടന്‍മാര്‍ മുന്‍പന്തിയിലായിരുന്നു. ഇന്ത്യയില്‍ 1973 ലാണ് പ്രീമിയര്‍ പത്മിനി നിര്‍മ്മിച്ചുതുടങ്ങിയത്. 1998 ല്‍ വിപണിയില്‍നിന്ന് വിട പറഞ്ഞു.

 

5. ഷെവര്‍ലെ ഇംപാല

ജനറല്‍ മോട്ടോഴ്‌സ് പുറത്തിറക്കിയ ഫുള്‍ സൈസ് സെഡാനായിരുന്നു ഷെവര്‍ലെ ഇംപാല. 1958 ല്‍ നിര്‍മ്മിച്ചു തുടങ്ങി. 1985 ല്‍ അവസാനിപ്പിച്ചു.

 

 

 

6. മാരുതി സുസുകി 1000 (എസ്റ്റീം)

1990 ഒക്ടോബര്‍ മുതല്‍ 2000 വരെയാണ് ഇന്ത്യയില്‍ മാരുതി സുസുകി 1000 നിര്‍മ്മിച്ചത്. ഏതൊരു മാരുതി കാര്‍ വാങ്ങുന്നതിനും നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ഇന്ത്യക്കാരുടെ ക്ഷമ പരീക്ഷിച്ച സമയത്താണ് ഈ കാര്‍ വിപണിയിലെത്തുന്നത്. മാരുതി 1000 വാങ്ങുന്നത് ലോട്ടറിയടിക്കുന്നതിന് തുല്യമായിരുന്നു. മാരുതി 1000 വാങ്ങുന്നതിന് ആര്‍ക്ക് അവസരം ലഭിക്കുമെന്ന് നിശ്ചയിക്കുന്നതിന് കംപ്യൂട്ടര്‍ ഉപയോഗിച്ച് നറുക്കെടുപ്പ് നടത്തിയിരുന്നു. 3,81,000 രൂപയായിരുന്നു കാറിന് വില.

1994 ല്‍ 1.3 ലിറ്റര്‍ എന്‍ജിന്‍ സഹിതം കാറിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. പുതിയ എക്സ്റ്റീരിയറുകളും മാരുതി എസ്റ്റീം എന്ന പുതിയ ബാഡ്ജും സവിശേഷതകളായിരുന്നു.

7. മാരുതി സുസുകി സെന്‍

1993 മുതല്‍ 2006 വരെയാണ് മാരുതി സുസുകി സെന്‍ നിര്‍മ്മിച്ചത്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നായിരുന്നു ഈ 5 ഡോര്‍ ഹാച്ച്ബാക്ക്. സീറോ മെയിന്റനന്‍സ്, സീറോ കാബിന്‍ നോയ്‌സ് എന്നീ വിശേഷണങ്ങള്‍ കാര്‍ ചൂടപ്പം പോലെ വിറ്റഴിയുന്നതിന് സഹായിച്ചു. സെന്‍ എന്ന ബാഡ്ജ് പിന്നീട് പുതിയ കാറായ എസ്റ്റിലോയ്ക്കു നല്‍കി.

 

8. ഹ്യുണ്ടായ് സാന്‍ട്രോ

സാന്‍ട്രോ എന്ന കാറോടിച്ചാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യന്‍ കാര്‍ വിപണിയിലെത്തിയത്. ഇന്ത്യന്‍ വിപണിയിലെ ഈ ആദ്യ ടോള്‍ ബോയ് ഹാച്ച്ബാക്ക് കെട്ടഴിച്ചുവിട്ട കുതിരയായിരുന്നു. ഇന്ത്യന്‍ വിപണികളിലെല്ലാം വിജയം കാണാന്‍ സാന്‍ട്രോയ്ക്കു കഴിഞ്ഞു. 2014 ല്‍ കാറിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. അടുത്ത വര്‍ഷം ഹ്യുണ്ടായ് സാന്‍ട്രോ മടങ്ങിവരുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമാണ്.

9. മഹീന്ദ്ര ജീപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1954 ലാണ് ജീപ്പ് അസ്സംബ്ലിംഗ് തുടങ്ങിയത്. വില്ലിസ് ജീപ്പിന്റെ ലൈസന്‍സ് സ്വന്തമാക്കിയാണ് മഹീന്ദ്ര ജീപ്പ് നിര്‍മ്മിച്ചത്. മഹീന്ദ്ര ജീപ്പ് ഇപ്പോള്‍ മഹീന്ദ്ര ഥാര്‍ ആണ്.

 

 

10. മാരുതി സുസുകി ജിപ്‌സി

1985 ഡിസംബറിലാണ് മാരുതി സുസുകി ജിപ്‌സി നിര്‍മ്മിച്ചുതുടങ്ങിയത്. നീളന്‍ വീല്‍ബേസുള്ള സുസുകി ജിമ്‌നി എസ്‌ജെ40/410 സീരീസിനെ അടിസ്ഥാനമാക്കിയാണ് ഈ 4 വീല്‍ ഡ്രൈവ് വാഹനം നിര്‍മ്മിച്ചത്. ഇന്ത്യന്‍ കരസേനയുടെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു ജിപ്‌സി.

Comments

comments

Categories: Auto