പുതിയ പരിഷ്‌കരണങ്ങള്‍ ഉണ്ടായേക്കില്ല: സിദ്ധാര്‍ത്ഥ സന്യാള്‍

പുതിയ പരിഷ്‌കരണങ്ങള്‍ ഉണ്ടായേക്കില്ല: സിദ്ധാര്‍ത്ഥ സന്യാള്‍

ഭൂമി, തൊഴില്‍ നിയമങ്ങളിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രധാനമന്ത്രി ശ്രമിച്ചേക്കാമെങ്കിലും ഇതിനും വലിയ സമ്മര്‍ദം കൊടുക്കാന്‍ സാധ്യത കുറവാണ്

മുംബൈ: കേന്ദ്ര ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കികൊണ്ട്, അടുത്ത പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ 18 മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനപ്പെട്ട പരിഷ്‌കരണ നടപടികള്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ സാര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാഴ്ത്തുന്നതിനും അതിന് പ്രചാരം നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം നികുതി നിരക്കുകളില്‍ കുറവു വരുത്തി ജന-സൗഹൃദ സര്‍ക്കാരെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ ശ്രമമുണ്ടാകുമെന്നുംസൂചനയുണ്ട്.

‘2019ലെ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനും പകരം ഇതുവരെയുള്ള ഭരണകാലയളവില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെയും വിജയം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നതിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണപരമായ തുടക്കങ്ങളിലായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക,’ ബാര്‍ക്ലെയ്‌സ് ഇന്ത്യ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സിദ്ധാര്‍ത്ഥ സന്യാള്‍ പറഞ്ഞു.

2014ല്‍, അധികാരമേറ്റതു മുതല്‍ മോദി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും പരിഷ്‌കരണങ്ങളും ആക്രമണോത്സുകഭാവമുള്ളതായിരുന്നെങ്കിലും, 2019നെ വരവേല്‍ക്കാന്‍ കുറച്ചുകൂടി ജാഗ്രതയോടെയുള്ള സമീപനം മോദി തെരഞ്ഞെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സിദ്ധാര്‍ത്ഥ സന്യാള്‍ പറഞ്ഞു. പരിഷ്‌കരണ നടപടികളേക്കാള്‍ ബിജെപിയുടെ പൊതു രാഷ്ട്രീയ സമീപനങ്ങളെയും ഹിന്ദുത്വ ദേശീയതയെയും മുന്നോട്ടുനയിക്കാനാകും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രമിക്കുകയെന്നും സന്യാള്‍ നിരീക്ഷിക്കുന്നു.

അടുത്ത 18 മാസത്തേക്ക് ഏതെങ്കിലും പദ്ധതികളുടെ വേഗം കൂട്ടുകയാണെങ്കില്‍, ഇത്തരം പദ്ധതികളുടെ ഇടക്കാലത്തേക്കുള്ള വിജയം ഉറപ്പാക്കുന്നതു കൂടി കണക്കിലെടുത്തായിരിക്കും ഇതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭൂമി, തൊഴില്‍ നിയമങ്ങളിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇക്കാലയളവില്‍ പ്രധാനമന്ത്രി ശ്രമിച്ചേക്കാമെങ്കിലും ഇതിനും വലിയ സമ്മര്‍ദം കൊടുക്കാന്‍ സാധ്യത കുറവാണെന്നും സന്യാള്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories